തടവുകാരനുമായി ബന്ധം സ്ഥാപിച്ചു, തടവുചാടാൻ സഹായിച്ചു, മുൻ ജയിലുദ്യോ​ഗസ്ഥയ്ക്ക് തടവുശിക്ഷ

By Web TeamFirst Published Aug 12, 2021, 2:02 PM IST
Highlights

പിന്നീടും ഇരുവരും തമ്മില്‍ ബന്ധം തുടരുകയും കുറഞ്ഞത് എട്ട് തവണയെങ്കിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തു. മിക്കവാറും ഹോട്ടലിലും മറ്റ് താമസസ്ഥലങ്ങളിലും പണം നല്‍കിയത് എറിക്കയാണ്. 

തടവുകാരനുമായി ബന്ധം സ്ഥാപിക്കുകയും അയാളെ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതില്‍ മുന്‍ ജയിലുദ്യോഗസ്ഥ ജയിലിലായി. 33 -കാരിയായ എറിക വിറ്റിങ്ഹാം എന്ന ഉദ്യോഗസ്ഥയാണ് ജയിലിലായത്. അക്രമാസക്തനായ കവർച്ചക്കാരനായ മൈക്കൽ സെഡ്ഡനുമായിട്ടാണ് ഇവര്‍ ബന്ധം സ്ഥാപിച്ചത്. സെഡ്ഡൻ അവളെ സ്നേഹിക്കുന്നുവെന്ന് എറിക്ക വിശ്വസിച്ചുവെന്ന് ഡെർബി ക്രൗൺ കോടതി പറയുന്നു. പക്ഷേ എച്ച്എംപി സഡ്ബറിയിൽ നിന്ന് ഒളിച്ചോടിയ ശേഷം അയാൾ മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തി. 

രണ്ട് കുറ്റങ്ങളാണ് എറിക്കയ്ക്ക് നേരെ ചാര്‍ത്തിയിരിക്കുന്നത്. ആദ്യത്തേത് 2019 സെപ്റ്റംബർ 30 -നും 2020 മാർച്ച് 18 -നും ഇടയിൽ രക്ഷപ്പെട്ട തടവുകാരന് അഭയം നല്‍കി എന്നതായിരുന്നു. മറ്റൊന്ന് 2017 ജനുവരി 8 -നും 2019 ഒക്ടോബർ 3 -നും ഇടയില്‍ ഒരു പൊതു ഓഫീസില്‍ വച്ച് മോശമായി പെരുമാറി എന്നതായിരുന്നു. എറിക്കയുടെ വക്കീല്‍ പറഞ്ഞത് ഈ സംഭവങ്ങളെയെല്ലാം തുടര്‍ന്ന് അവള്‍ കടുത്ത വിഷാദത്തിലാണ് എന്നാണ്. തടവുകാരനുമായി അവള്‍ സ്നേഹത്തിലായിരുന്നു. ചരിത്രത്തില്‍ തന്നെ ആളുകള്‍ പ്രേമത്തിന്‍റെ പേരില്‍ പല അബദ്ധങ്ങളും കാണിച്ചത് നമ്മള്‍ കണ്ടിട്ടുണ്ടല്ലോ എന്നും വക്കീല്‍ ചോദിക്കുന്നു. 

ഇത് ബുദ്ധിമുട്ടും വേദനയും നിറഞ്ഞ കേസാണ് എന്നാണ് ജഡ്ജ് പറഞ്ഞത്. "നിങ്ങൾ ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോയിരിക്കുമെന്ന് ഞാൻ അംഗീകരിക്കുന്നു. നിങ്ങളുടെ 11 വർഷത്തെ ദാമ്പത്യം തകര്‍ന്നിരിക്കുന്ന സമയമായിരുന്നു. നിങ്ങൾ വൈകാരികമായി ദുർബലയായിരുന്നിരിക്കാം. അങ്ങനെ ആയിരിക്കാം പ്രതിയുമായി സ്നേഹത്തിലായിരുന്നത്. പക്ഷേ, നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്കറിയാമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അവനെ രക്ഷപ്പെടാനും ജയിലില്‍ നിന്ന് ദൂരേക്ക് മാറ്റാനും നിങ്ങള്‍ സഹായിച്ചു എന്ന് വ്യക്തമായിട്ടുണ്ട്." അദ്ദേഹം പറഞ്ഞു. 

സ്റ്റാഫോർഡ്‌ഷയറിലെ ഉത്തോക്‌സീറ്ററിനടുത്തുള്ള കാറ്റഗറി ബി ജയിലായ എച്ച്‌എം‌പി ഡോവ്‌ഗേറ്റിൽ ഒരു കസ്റ്റഡി ഓഫീസറായിരുന്നപ്പോൾ ജോലിയുടെ ഭാഗമായിട്ടാണ് എറിക്ക പ്രതിയെ കണ്ടുമുട്ടിയത്. കവര്‍ച്ചയ്ക്ക് ഐപിപി പ്രകാരം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു അയാള്‍. ഈ ശിക്ഷകൾ 2012 -ൽ നിർത്തലാക്കി. എന്നാൽ, അതുപ്രകാരമുള്ള തടവുകാർ അവരുടെ യഥാർത്ഥ ശിക്ഷാ കാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയക്കാൻ കഴിയാത്തവിധം അപകടകരമെന്ന് കരുതപ്പെട്ടിരുന്നു. 

ഡോർസെറ്റിലെ ബ്ലോക്സ്വർത്തിലെ തന്റെ ഫാം ഹൗസിൽ 78 -കാരനെ കെട്ടിയിട്ട് ആക്രമിച്ചതിന് 2011 -ൽ സെഡ്ഡൻ ജയിലിലായി. ഡെര്‍ബിഷെയറിലെ തുറന്ന ജയിലായ എച്ച്എംപി സഡ്ബെറിയിലെത്തിയപ്പോള്‍ അയാള്‍ എറിക്കയുമായുള്ള ബന്ധം തുടരുകയായിരുന്നു. 2019 ഒക്ടോബര്‍ ഒന്നിനാണ് അയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്. അയാള്‍ മതില്‍ ചാടിയോടി, കാത്തുനിന്നിരുന്ന ഒരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ആ കാര്‍ ഓടിച്ചിരുന്നത് എറിക്കയായിരുന്നു. പിറ്റേന്ന് രാവിലെ അവൾ അവനെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് കൊണ്ടുപോയി, തുടർന്ന് അയാൾ ലിവർപൂളിലേക്ക് ട്രെയിൻ പിടിച്ചു. 

പിന്നീടും ഇരുവരും തമ്മില്‍ ബന്ധം തുടരുകയും കുറഞ്ഞത് എട്ട് തവണയെങ്കിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തു. മിക്കവാറും ഹോട്ടലിലും മറ്റ് താമസസ്ഥലങ്ങളിലും പണം നല്‍കിയത് എറിക്കയാണ്. എന്നാല്‍, 2020 ജനുവരി 22 ഉം മാര്‍ച്ച് 26 ഉം വരെ ഇടവേളയുണ്ടായി. ആ സമയത്ത് സെഡ്ഡന്‍ മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങിയതായിരുന്നു കാരണം. 

27 മാർച്ച് 2020 -ന് സെഡ്ഡനെ അറസ്റ്റ് ചെയ്യുകയും എച്ച്എംപി വിഞ്ചസ്റ്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജയിലില്‍ അയാളുടെ ഫോൺ കോളുകൾ നിരീക്ഷിക്കപ്പെട്ടു. അവയിലൂടെയാണ് എറിക്കയുമായുള്ള ബന്ധം തിരിച്ചറിയുന്നത്. എറിക്ക വല്ലാത്തൊരവസ്ഥയിലായിരുന്നു. ആ അവസരം സെഡ്ഡന്‍ മുതലെടുക്കുകയായിരുന്നു എന്ന് എറിക്കയുടെ അഭിഭാഷകന്‍ പറയുന്നു. ഏതായാലും സെഡ്ഡന് ആറ് മാസം അധികം തടവും വിധിച്ചിട്ടുണ്ട്. 

click me!