Latest Videos

യാത്രക്ക് ഒരു വർഷം മുമ്പ് എയർപോർട്ടിലെത്തി യുവതി, അമളി പറ്റാൻ കാരണം

By Web TeamFirst Published Aug 12, 2021, 11:37 AM IST
Highlights

എന്നാൽ കാലത്ത് ആറ് മണിയ്ക്ക് വിമാനത്താവളത്തിലെത്തിയിട്ടും അവൾക്ക് തന്റെ വിമാനം പിടിക്കാനായില്ല. കാരണം അവൾ ടിക്കറ്റ് ബുക്ക് ചെയ്തത് അടുത്ത വർഷത്തേക്കായിരുന്നു. 

ക്രൊയേഷ്യയിലെ സദർ എയർപോർട്ടിൽ ഒരു സ്ത്രീ കഴിഞ്ഞ ആഴ്ച കുടുങ്ങിപ്പോയി. കാരണം മറ്റൊന്നുമല്ല അവർ വിമാനം പുറപ്പെടേണ്ട സമയത്തിന് കുറെ മുൻപേ എത്തിപ്പോയി. അതിനിപ്പോ എന്താ വലിയ കാര്യമെന്ന് ചിന്തിക്കുണ്ടാകും? നാലോ അഞ്ചോ മണിക്കൂർ നേരത്തെ എത്തിയാലും പ്രശ്‌നമില്ലായിരുന്നു. എന്നാൽ ഈ യുവതി എത്തിയത് ഒരു വർഷം മുൻപാണ്.  

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, മോഡലായ അലക്സിയ പോർട്ട്മാൻ ഈസിജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ കാലത്ത് ആറ് മണിയ്ക്ക് വിമാനത്താവളത്തിലെത്തിയിട്ടും അവൾക്ക് തന്റെ വിമാനം പിടിക്കാനായില്ല. കാരണം അവൾ ടിക്കറ്റ് ബുക്ക് ചെയ്തത് അടുത്ത വർഷത്തേക്കായിരുന്നു. അതായത് 2021 പകരം തെറ്റി 2022 -ലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. താൻ അടുത്ത വർഷം ഇതേ ദിവസത്തേയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് മനസ്സിലാക്കാതെയായിരുന്നു അവൾ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയത്. അലക്സിയ ഈ സംഭവം മുഴുവൻ റെക്കോർഡ് ചെയ്ത് ടിക് ടോക്കിൽ പങ്കുവച്ചു. രസകരമായ സംഭവം വൈറലാവുകയും ലക്ഷകണക്കിന് ആളുകൾ കാണുകയും ഒരുപാട് ലൈക്കുകൾ ലഭിക്കുകയും ചെയ്തു.

ഈസിജെറ്റ് തന്റെ ഫ്ലൈറ്റ് രണ്ടുതവണ റദ്ദാക്കിയതായും അത് റീ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഏത് വർഷമാണെന്ന് ശ്രദ്ധിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തതാണ് അബദ്ധമായതെന്നും അലക്സിയ പറഞ്ഞു. എന്നാൽ അടുത്ത വർഷത്തേക്ക് എങ്ങനെയാണ് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചതെന്ന് വീഡിയോ കണ്ട ചിലർ സംശയം പ്രകടിപ്പിച്ചു.  മിക്ക എയർലൈനുകളും 355 ദിവസം മുമ്പേ ബുക്കിംഗ് അനുവദിക്കും. ഇപ്പോൾ, ക്രൊയേഷ്യയിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ ഈസിജെറ്റ് റദ്ദാക്കിയിരിക്കയാണ്. ഈസിജെറ്റ് വെബ്സൈറ്റിൽ, 2022 ലെക്കുള്ള ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുക.  

ഇതൊന്നുമറിയാതെ, വിമാനങ്ങൾ സാധാരണ പോലെ സർവീസ് നടത്തുന്നെന്ന് കരുതിയാണ് അവൾ ടിക്കറ്റ് ബുക്ക് ചെയ്തത്. പുറപ്പെടുന്നതിന് മുമ്പ് അവൾക്ക് ഇതിനെ സംബന്ധിച്ച് ഇമെയിലുകളൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവളുടെ അച്ഛന്റെ ഇമെയിലാണ് ഉപയോഗിച്ചത്. അതുകൊണ്ട് അച്ഛന്റെ ഇമെയിലിൽ എയർലൈനിൽ നിന്നുള്ള മെയിൽ വന്നിട്ടുണ്ടാകുമെന്നും, അച്ഛൻ അത് പറയാൻ മറന്നതാകാം എന്നും അവൾ കരുതി. എന്നാൽ പിന്നീട് എയർലൈൻ കമ്പനി അവളുമായി ബന്ധപ്പെടുകയും ടിക്കറ്റിന്റെ പണം തിരികെ നൽകുകയും ചെയ്തു.  

click me!