
നിരന്തരമായ അപകടങ്ങൾ നിറഞ്ഞതിനാൽ തന്നെ ചാരനാ(Spy)കുക എന്നത് ലോകത്തിലെ ഏറ്റവും കഠിനമായ ജോലികളിൽ ഒന്നാണ്. ആ ജോലി പൂർത്തിയാക്കാൻ പലതും ചെയ്യേണ്ടി വന്നേക്കാം. വ്‌ളാഡിമിർ പുടിന്റെ(Vladimir Putin) ഭരണകൂടത്തിന്റെ ചാരനായിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു റഷ്യൻ(Russian) വനിത, ആ ലക്ഷ്യങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വേണ്ടി 'സെക്‌സ് ടെക്‌നിക്കുകൾ' വരെ പഠിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
സോവിയറ്റ് യൂണിയനിൽ ജനിച്ച ആലിയ റോസ(Aliia Roza), തനിക്ക് 18 വയസ്സുള്ളപ്പോൾ മോസ്കോയ്ക്കടുത്തുള്ള ഒരു സൈനിക അക്കാദമിയിൽ രഹസ്യ ഏജന്റാകാൻ പരിശീലനം നേടിയതായി പറയുന്നു. തന്റെ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മയക്കുമരുന്ന് സംഘങ്ങളെയും മനുഷ്യക്കടത്തുകാരെയും ലക്ഷ്യം വച്ചുകൊണ്ടുള്ള ദൗത്യങ്ങൾക്കായി അയച്ചിരുന്നതായി അവർ അവകാശപ്പെടുന്നു, തുടർന്ന് തനിക്ക് രാജ്യം വിടേണ്ടി വന്നുവെന്നും റോസ പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു.
“എനിക്ക് 18 വയസ്സുള്ളപ്പോൾ, എന്നെ ഒരു സൈനിക അക്കാദമിയിലേക്ക് അയച്ചു. അവിടെ ഞാൻ എല്ലാ പ്രത്യേക സാങ്കേതിക വിദ്യകളും പഠിച്ചു. ആളുകളെ എങ്ങനെ വശീകരിക്കാമെന്നും, കൃത്രിമം കാണിക്കാമെന്നും, വിവിധ തരം തോക്കുകളിൽ നിന്ന് എങ്ങനെ വെടിവെക്കാമെന്നും, ആയോധന കലകൾ എങ്ങനെ ചെയ്യാമെന്നും, എങ്ങനെ ഒരു തികഞ്ഞ സൈനികനാകാമെന്നും അവർ ഞങ്ങളെ കാണിച്ചുതന്നു" റോസ ദി സണിനോട് പറഞ്ഞു.
“കുടുംബ പശ്ചാത്തലം കൊണ്ടാണ് ഞാൻ അക്കാദമിയിൽ പോയത്. എന്റെ മുത്തച്ഛൻ രണ്ടാം ലോക മഹായുദ്ധത്തിന്റെ ദേശീയ നായകനാണ്. സ്റ്റാലിൻഗ്രാഡിലെ സ്മാരകത്തിൽ അദ്ദേഹത്തിന്റെ പേര് പോലും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ഇത് വലിയ കാര്യമാണ്. അതൊരു വലിയ പൈതൃകമാണ്” അവർ കൂട്ടിച്ചേർത്തു.
ഇപ്പോൾ യുഎസിൽ താമസിക്കുന്ന റോസയുടെ കയ്യിൽ പണ്ട് ചെയ്തു എന്ന് പറയുന്ന ഈ തൊഴിലിന് തെളിവൊന്നുമില്ല. എന്നാൽ, ചാരനാണെന്ന് കണ്ടെത്തിയപ്പോൾ കിട്ടിയ മർദ്ദനമാണ് അവരുടെ വലതു കണ്ണിന് മുകളിലുള്ള പാടിന് കാരണമായതെന്ന് അവർ അവകാശപ്പെടുന്നു.
റഷ്യയിൽ തനിക്ക് ഇപ്പോഴും കുടുംബവും സ്വത്തുക്കളും ഉണ്ടെന്ന് അവർ പറയുന്നുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും പുടിന്റെ സൈന്യത്തിനെതിരെ ഉക്രെയ്‌നിന് മുകളിൽ 'നോ ഫ്ലൈ സോൺ' ഏർപ്പെടുത്തുന്നത് കാണാൻ റോസ ആഗ്രഹിക്കുന്നു. “റഷ്യൻ ഗ്യാസിനും പെട്രോളിനും ഉപരോധം ഏർപ്പെടുത്തണം” എന്നും അവൾ ഔട്ട്‌ലെറ്റിനോട് പറഞ്ഞു. നിരവധി റഷ്യക്കാർ യുദ്ധത്തിന് എതിരാണെന്നും എന്നാൽ അത് തുറന്ന് പറയാൻ അവർക്ക് ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.