230 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ജീവികളുടെ 'പ്രസവ വാർഡ്', പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ‌

Published : Dec 20, 2022, 02:53 PM ISTUpdated : Dec 20, 2022, 02:55 PM IST
230 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ജീവികളുടെ 'പ്രസവ വാർഡ്', പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ‌

Synopsis

ഏകദേശം 230 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള, പ്രദേശത്ത് ചിതറിക്കിടക്കുന്ന 37 ഇക്ത്യോസറുകളിൽ നിന്നുള്ള ഫോസിലുകൾ ആണ് ഗവേഷകർ തിരിച്ചറിഞ്ഞത്.

കേൾക്കുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം, ജീവികൾക്ക് എന്ത് പ്രസവ വാർഡ് എന്ന്. എന്നാൽ, 230 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള പുരാതനമായ ഒരു ഫോസിൽ സൈറ്റിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്. ജീവികൾ തങ്ങളുടെ പ്രസവത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇതെന്നാണ് കണ്ടെത്തൽ. ഇത്രയും കാലം സമുദ്ര ഉരഗങ്ങളുടെ ശ്മശാനം ആയാണ് ഈ സ്ഥലം കരുതപ്പെട്ടിരുന്നത്. ഭീമാകാരമായ ഇക്ത്യോസോർ ഫോസിലുകളാൽ പ്രശസ്തമായ നെവാഡയിലെ ഫോസിൽ സൈറ്റിനെക്കുറിച്ച് ആണ് ശാസ്ത്രജ്ഞർ കൗതുകം ജനിപ്പിക്കുന്ന പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

പുരാതന കടലുകളിൽ ആധിപത്യം പുലർത്തിയിരുന്ന ഉരഗങ്ങൾ ആണ് ഇക്ത്യോസോറുകൾ. ഒരു സ്കൂൾ ബസിന്റെ അത്രയും വലിപ്പത്തിൽ വളരാനുള്ള ശേഷി ഇവയ്ക്കുണ്ട്. വലിയ തുഴയുടെ ആകൃതിയിലുള്ള ഫ്ലിപ്പറുകളും നീളമുള്ള താടിയെല്ലുകളും പല്ലുകളും നിറഞ്ഞ ഇവ വെള്ളത്തിനടിയിലുള്ള വേട്ടക്കാരായിരുന്നു.

നെവാഡയിലെ ഇക്ത്യോസോർ അസ്ഥികൾ 1950 -കളിലാണ് കുഴിച്ചെടുത്തത്. ഈ ജീവികളെല്ലാം എങ്ങനെ ഒരുമിച്ചു ചത്തു എന്ന പഠനത്തിലായിരുന്നു ഇത്രയും കാലം പാലിയന്റോളജിസ്റ്റുകൾ. എന്നാൽ ഇപ്പോൾ, കറന്റ് ബയോളജി ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആണ് ഗവേഷകർ മറ്റൊരു സിദ്ധാന്തം നിർദ്ദേശിച്ചത്. ഉരഗങ്ങളുടെ ശ്മശാനം എന്ന നിഗമനത്തിന് വ്യത്യസ്തമായി ഈ സ്ഥലം ജീവികൾ പ്രസവിക്കാനായി തിരഞ്ഞെടുത്ത സ്ഥലമാണെന്നാണ് ഗവേഷകർ പറയുന്നത്.

ഏകദേശം 230 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള, പ്രദേശത്ത് ചിതറിക്കിടക്കുന്ന 37 ഇക്ത്യോസറുകളിൽ നിന്നുള്ള ഫോസിലുകൾ ആണ് ഗവേഷകർ തിരിച്ചറിഞ്ഞത്. വിവിധ ശിലാപാളികളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ അസ്ഥികളിൽ നടത്തിയ പഠനത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തിയത് ജീവികൾ ഒറ്റയടിക്ക് മരിക്കുന്നതിനുപകരം ലക്ഷക്കണക്കിന് വർഷങ്ങൾക്കിടയിൽ മരണപ്പെട്ടതാണ് എന്നാണ്.

കൂടാതെ മുതിർന്നവരുടെ കൂറ്റൻ ഫോസിലുകൾക്കിടയിൽ ഗവേഷകർ ചില ചെറിയ അസ്ഥികൾ കണ്ടെത്തുകയും അവ ഭ്രൂണങ്ങളുടേതും നവജാതശിശുക്കളുടേതാണെന്നുമാണ് പുതിയ പഠനത്തിൽ പറയുന്നത്. അതായത് പ്രസവസമയത്ത് മരിച്ച അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആണ് ഈ ഫോസിലുകൾ. ഏതായാലും ഏറെ കൗതുകം ജനിപ്പിക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?