
ഇന്റർവ്യൂ ചെയ്യേണ്ടുന്ന കമ്പനി സ്ഥാപകൻ തന്നെ ഇന്റർവ്യൂവിന് വൈകിയെത്തി, അതിൽ ഒരു ക്ഷമ പോലും പറഞ്ഞില്ല. ആ ജോലി ഓഫർ വേണ്ടെന്ന് വച്ചതായി യുവാവ്. ഇന്റർവ്യൂവിന് നിശ്ചയിച്ച സമയത്തേക്കാൾ 40 മിനിറ്റ് വൈകിയാണ് കമ്പനിയുടെ സ്ഥാപകൻ എത്തിയത്. അതിൽ ഒരു ഖേദപ്രകടനം പോലും നടത്തിയില്ല. അതുകൊണ്ട് ആ ജോലി ഓഫർ താൻ നിരസിച്ചതായിട്ടാണ് യുവ സംരംഭകന്റെ വെളിപ്പെടുത്തൽ. 'ബൈനറി' എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ശിഖർ സക്സേനയാണ് തന്റെ മുൻകാല അനുഭവം എക്സി(ട്വിറ്റർ)ൽ പങ്കുവെച്ചത്. മറ്റുള്ളവരുടെ സമയത്തെ മാനിക്കാതിരിക്കുന്നതും വൈകിയതിൽ ക്ഷമ ചോദിക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് ശിഖർ പറയുന്നു. അഭിമുഖം നടത്താനെത്തിയ ആളുടെ ഈ പെരുമാറ്റം സഹാനുഭൂതിയുടെ കുറവായിട്ടാണ് തോന്നിയതെന്നും, അതൊരു റെഡ് ഫ്ലാഗായി താൻ കണക്കാക്കുകയായിരുന്നുവെന്നും ശിഖർ പറയുന്നു.
'മുൻപൊരിക്കൽ വളരെ പ്രശസ്തനായ ഒരു കമ്പനി സ്ഥാപകനുമായി ഞാൻ ഇന്റർവ്യൂവിൽ പങ്കെടുത്തു. എന്നെ അദ്ദേഹം 40 മിനിറ്റോളം വെയിറ്റ് ചെയ്യിപ്പിച്ചു. എന്നാൽ അതിന് ഒരു സോറി പോലും പറയാൻ അദ്ദേഹം തയ്യാറായില്ല. ആ ഒരൊറ്റ സംഭവം കൊണ്ട് ആ കമ്പനിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു' എന്നാണ് ശിഖർ പറയുന്നത്.
പിന്നീട് ആ കമ്പനിയിൽ ജോലിക്കു കയറിയ പല ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവങ്ങളാണ് കേൾക്കാൻ കഴിഞ്ഞത്. അത് തന്റെ അന്നത്തെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറപ്പിക്കുന്നതായിരുന്നു. സമയത്തിന് വരാതിരിക്കുകയോ വൈകിയതിൽ ഖേദം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് സഹാനുഭൂതിയുടെ കുറവാണ് കാണിക്കുന്നത്. അങ്ങനെയുള്ളവരെ കരിയറിൽ ഒഴിവാക്കി വിടുന്നതാണ് എപ്പോഴും നല്ലതെന്നും ശിഖർ പറയുന്നു.
I once interviewed with a very popular founder who made me wait 40 minutes, and didn't even say sorry.
I decided to not work with them, and later heard horrible stories from people who joined him.
Not apologizing/following-up shows severe lack of empathy, and it's almost… https://t.co/NHZiebq9NK— Shikhar (@shikhars_) July 3, 2026
ശിഖറിന്റെ എക്സ് പോസ്റ്റ് പങ്കുവെക്കപ്പെട്ടതിന് പിന്നാലെ കമ്പനികളിലെ ഇന്റർവ്യൂ സംസ്കാരത്തെക്കുറിച്ചും ഉദ്യോഗാർത്ഥികളോട് കാണിക്കേണ്ട മര്യാദകളെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഒരു കമ്പനിയുടെ തൊഴിൽ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കാൻ അവിടെ നടക്കുന്ന ഇന്റർവ്യൂവിന്റെ രീതി തന്നെ ഒരു പരിധി വരെ സഹായിക്കുമെന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.