കാത്തിരിപ്പിന്റെ 3,620 ദിവസങ്ങൾ; മാതാപിതാക്കളെ സ്വന്തം ചെലവിൽ അമേരിക്കയിലെത്തിച്ച് ഇന്ത്യൻ യുവതി

Published : Jul 03, 2026, 12:48 PM IST
viral post

Synopsis

3,620 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ചെലവിൽ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്‍റെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സിയാറ്റിലിൽ ജോലി ചെയ്യുന്ന അങ്കിത മിശ്ര എന്ന ഇന്ത്യൻ യുവതി. 

നീണ്ട 3,620 -ലധികം ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്റെ അനുഭവം പങ്കുവെച്ച് അങ്കിത മിശ്ര എന്ന ഇന്ത്യൻ യുവതി. സിയാറ്റിലിലെ അറ്റ്ലാസിയൻ കമ്പനിയിൽ സീനിയർ പ്രൊഡക്റ്റ് മാനേജരായ അങ്കിത ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ 20 -കളിലാണ് അങ്കിത ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയത്. അന്ന് താൻ രഹസ്യമായി എടുത്ത പ്രതിജ്ഞയാണ് ഒരു ദിവസം സ്വന്തം സമ്പാദ്യം കൊണ്ട് മാതാപിതാക്കളെ അമേരിക്കയിൽ എത്തിക്കുമെന്നതത്രെ.

എയർപോർട്ട് അറൈവൽ ടെർമിനലിൽ മാതാപിതാക്കളെയും ഭർത്താവിൻ്റെ മാതാപിതാക്കളെയും സ്വീകരിക്കുന്ന ചിത്രവും അങ്കിത പങ്കുവെച്ചു. 'ഇതിനായി ഞാൻ 3,620 -ലധികം ദിവസങ്ങൾ കാത്തിരുന്നു', 'അമേരിക്കയിലേക്ക് സ്വാഗതം, അമ്മമാർക്കും അച്ഛന്മാർക്കും' എന്ന് എഴുതിയ പ്ലക്കാർഡും പിടിച്ചാണ് അങ്കിത എയർപോർട്ടിൽ നിന്നത്.

2019 -ലാണ് അങ്കിത ബിരുദം പൂർത്തിയാക്കിയത്. എന്നാൽ, പിന്നീട് വന്ന കൊവിഡ് മഹാമാരിയും കുടുംബത്തിലെ വിവാഹങ്ങളും കാരണം മാതാപിതാക്കളെ നാട്ടിൽ നിന്ന് കൊണ്ടുവരാനുള്ള പ്ലാൻ നീണ്ടുപോയി. 'ജീവിതം ഞങ്ങളോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു' അങ്കിത കുറിച്ചു. താൻ ആദ്യമായി അമേരിക്കയിൽ കാലുകുത്തിയ ദിവസവും, സ്വന്തമായി പണം മുടക്കി മാതാപിതാക്കളെ അവിടെയെത്തിച്ച് സ്വീകരിച്ച ദിവസവും തമ്മിൽ 3,620 -ലേറെ ദിവസങ്ങളുടെ ദൂരമുണ്ടെന്ന് അങ്കിത പറയുന്നു.

തൻ്റെ മാതാപിതാക്കൾ തനിക്കായി ചെയ്ത ത്യാഗങ്ങളെക്കുറിച്ചും അങ്കിത പറയുന്നുണ്ട്. 'എൻ്റെ അമ്മയുടെ വിവാഹം 19 -ാം വയസ്സിലായിരുന്നു. വർഷങ്ങളോളം കുടുംബത്തിലെ ഏക വരുമാനക്കാരൻ അച്ഛനായിരുന്നു. തൻ്റെ മകൾക്ക് എന്നെങ്കിലും ഇങ്ങനെയൊരു ജീവിതം ഉണ്ടാകണമെന്നോർത്ത് അദ്ദേഹം ഓരോ രൂപയും കൂട്ടിവെച്ചു. അവർ ചെയ്ത ഓരോ ത്യാഗവുമാണ് എയർപോർട്ടിൽ അവർക്കായി ഒരു ബോർഡും പിടിച്ച് നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത്.'

ഒരു പ്രവാസിയുടെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. നമ്മൾ പ്രവാസികൾ കഠിനാധ്വാനം ചെയ്യുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം, എന്നാൽ തങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മാതാപിതാക്കൾക്ക് നമ്മുടെ വിജയങ്ങൾ നേരിട്ട് കാണിച്ചുകൊടുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അങ്കിത കൂട്ടിച്ചേർത്തു.

സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമൻ്റുകൾ നൽകിയത്. തനിക്ക് ജോലി നഷ്ടപ്പെട്ടിട്ടും കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ എടുത്ത് മാതാപിതാക്കളെ തൻ്റെ ഗ്രാജുവേഷൻ ചടങ്ങിന് എത്തിച്ച അനുഭവം ഒരു യുവാവ് പങ്കുവെച്ചു. ചില നേട്ടങ്ങൾ അളക്കേണ്ടത് ബാങ്ക് അക്കൗണ്ട് നോക്കിയല്ല, മാതാപിതാക്കളുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാണെന്നും യുവാവ് കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ജീവനോടെയുണ്ട്'; സ്വന്തം മരണവാർത്തയോട് പ്രതികരിച്ച് 'എംബിഎ ചായവാല' പ്രഫുൽ ബില്ലോരെ
'കാമ്പസ് പ്ലേസ്‌മെന്‍റ് ഇല്ല, ഒന്നുമില്ല'; ജർമ്മനിയിലെ 'തൊഴിൽ യാഥാർത്ഥ്യം' പങ്കുവെച്ച് ഇന്ത്യൻ യുവതി