
പുകവലിക്കുകയോ, മദ്യപിക്കുകയോ ചെയ്യാത്ത, സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തുകയെന്നത് ഇന്ന് വളരെ പ്രയാസകരമായ കാര്യമാണ് എന്ന് പറഞ്ഞതുകേട്ട് അമ്പരന്നുപോയ ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. Superblog.ai യുടെ സ്ഥാപകനായ സായ് കൃഷ്ണയാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഒരു മാച്ച്മേക്കറോട് പറ്റിയ പങ്കാളിക്ക് വേണ്ടി അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത് എന്നും സായ് കൃഷ്ണ പറയുന്നു. വിവാഹാലോചനയുടെ കാര്യം വന്നപ്പോൾ എന്തെങ്കിലും നിബന്ധമകളുണ്ടോ എന്ന് അവര്‍ ചോദിച്ചു. മൂന്ന് നിബന്ധനകളാണ് പ്രധാനമായും സായ് കൃഷ്ണ പറഞ്ഞത്.
അതിൽ ഒന്നാമത്തെ കാര്യം മദ്യപിക്കാത്ത പെൺകുട്ടി ആയിരിക്കണം എന്നതാണ്. രണ്ടാമത്തെ കാര്യം പുകവലിക്കാത്ത പെൺകുട്ടി ആയിരിക്കണം എന്നതാണ്. മൂന്നാമതായി സസ്യാഹാരം മാത്രം കഴിക്കുന്ന പെൺകുട്ടി ആയിരിക്കണം അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്നുകൂടി സായ് കൃഷ്ണ പറഞ്ഞു. എന്നാൽ, മാച്ച്മേക്കര്‍ തിരികെ നൽകിയ മറുപടി അങ്ങനെയൊരു പെൺകുട്ടിയെ കണ്ടെത്തുക എന്നത് ഏറെക്കുറെ അസാധ്യമാണ് എന്നാണ്. ചിലപ്പോൾ രണ്ട് കാര്യങ്ങൾ ശരിയാവുന്ന പെൺകുട്ടികൾ ഉണ്ടായേക്കാം, പക്ഷേ മൂന്നിൽ മൂന്നും ഒത്ത പെൺകുട്ടിയെ കണ്ടെത്തുക വളരെ പ്രയാസമാണ് എന്നും അവർ പറഞ്ഞത്രെ. ശരിക്കും അങ്ങനെയാണോ എന്ന തന്റെ അമ്പരപ്പും പോസ്റ്റിൽ സായ് കൃഷ്ണ പങ്കുവയ്ക്കുന്നതും കാണാം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സായ് കൃഷ്ണയുടെ ഡിമാൻഡുകൾക്ക് യോജിച്ച പെൺകുട്ടികളെ പരിചയപ്പെടുത്തിയവരും അക്കൂട്ടത്തിലുണ്ട്. മറ്റ് ചിലർ പറഞ്ഞത്, ഈ തരത്തിലുള്ള ഇഷ്ടം പോലെ പെൺകുട്ടികൾ ഉണ്ട് എന്നാണ്. അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും സായ് കൃഷ്ണയ്ക്ക് നല്ലത് എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം, ഇതൊക്കെ ഓരോരുത്തരുടെ തെരഞ്ഞെടുപ്പല്ലേ ഈ മാറുന്ന കാലത്ത് അത്തരത്തിലുള്ള ആളുകളെ മാറ്റിനിര്‍ത്താമോ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.