
ഇന്ന് പലരും പ്രണയം കണ്ടെത്തുന്നതും അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതും ഒക്കെ ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ വഴിയാണ്. പലരും തങ്ങളുടെ നല്ല പ്രണയങ്ങളെ ഇത്തരം ആപ്പുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വെറും നാലുവയസ്സുള്ള ഒരു പെൺകുട്ടി ടിൻഡർ ഡേറ്റിംഗ് ആപ്പിൽ പെർഫെക്ട് മാച്ചിനെ തിരയുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
നാലുവയസുകാരിയായ പെൺകുട്ടി ടിൻഡറിലൂടെ കടന്നു പോവുകയാണ്. അതിനിടയിൽ ഒരാളെ കാണുകയും അത് വീഡിയോ പകർത്തുന്ന ആർക്കോ കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായത്. നാലുവയസുകാരിയായ ഒരു പെൺകുട്ടി ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു എന്നത് മിക്കവരേയും രോഷം കൊള്ളിച്ചു. കുട്ടിയുടെ രക്ഷിതാക്കളെ പലരും രൂക്ഷമായി വിമർശിച്ചു.
'ഇത് ഒരു തരത്തിലുള്ള ശിശുപീഡനമാണ്' എന്നാണ് ഒരാൾ ആരോപിച്ചത്. മറ്റൊരാൾ പറഞ്ഞത്, 'ജീസസ് ക്രൈസ്റ്റ് ഈ ലോകത്തിന് ഇത് എന്ത് ഭ്രാന്താണ്, ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്' എന്നാണ്. 'ഇത് ഒട്ടും ക്യൂട്ട് അല്ല, ഇത് ശരിയുമല്ല' എന്നാണ് വേറൊരാൾ അഭിപ്രായപ്പെട്ടത്. 'ഈ ചെയ്തത് ക്രിമിനൽ കുറ്റമാണ്, ഒരു ക്രൈം നടക്കുന്നതാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്' എന്നാണ് മറ്റൊരാൾ രോഷം കൊണ്ടത്.
അതേസമയം കുട്ടിയുടെ അമ്മയുടെ സിംഗിളായ കൂട്ടുകാരിക്ക് വേണ്ടിയാണ് അവൾ ടിൻഡറിൽ പെർഫെക്ട് മാച്ച് ആയ ഒരാളെ തിരയുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നിരുന്നാലും വലിയ വിമർശനം തന്നെയാണ് വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ആർക്ക് വേണ്ടിയാണ് എങ്കിലും കുട്ടിയെ ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കരുതായിരുന്നു എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം