
ശരീരത്തിൽ ശസ്ത്രക്രിയകളിലൂടെയും മറ്റും മാറ്റം വരുത്തുന്ന അനേകം പേർ ഇന്ന് ലോകത്തുണ്ട്. ആഗ്രഹിച്ച രൂപത്തിലേക്ക് മാറാൻ എത്ര രൂപ നൽകാനും എത്ര വേദന സഹിക്കാനും അതിൽ പലരും തയ്യാറുമാണ്. എന്നാൽ, എല്ലായ്‍പ്പോഴും ഇത്തരം ശസ്ത്രക്രിയകളും ഇഞ്ചക്ഷനും ഉദ്ദേശിച്ച ഫലം ചെയ്യണം എന്നില്ല. അതുപോലെ ഒരു അനുഭവമാണ് ഈ യുവതിക്കും ഉണ്ടായത്.
ലോകത്തിലെ നിരവധി ആളുകൾ ഇന്ന് തങ്ങളുടെ ചുണ്ടുകൾക്ക് ഇഞ്ചക്ഷനുകളിലൂടെ വലിപ്പം വർധിപ്പിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ അനേകം പേരാണ് ഇത് ചെയ്യുന്നത്. ശ്രദ്ധയോടും കൃത്യമായും ചെയ്താൽ ഈ ലിപ് ഫില്ലേഴ്സ് ചുണ്ടുകളുടെ വലിപ്പവും ഭംഗിയും വർധിപ്പിക്കും എന്ന കാര്യത്തില‍്‍ സംശയമില്ല. എന്നാൽ, ചെയ്യുന്നതിൽ പിഴച്ചാൽ അത് ഒരാളുടെ ഭംഗിയാകെ നശിപ്പിക്കും എന്ന കാര്യവും ഉറപ്പാണ്.
ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഒരു 27 -കാരി അതുപോലെ ഒരു സൗജന്യ സൗന്ദര്യവർദ്ധക ട്രീറ്റ്മെന്റ് എടുത്തു. എന്നാൽ, അത് ചെന്ന് കലാശിച്ചത് ഒരു വൻ ദുരന്തത്തിലാണ്. ഈ അനുഭവം യുവതി സോഷ്യൽ മീഡിയയിൽ തുറന്ന് പറയുകയും അത് വൈറലാവുകയും ചെയ്തു. ഒരു ടിക് ടോക്ക് വീഡിയോയിലാണ്, ജെസീക്ക ബുർക്കോ തന്റെ ചുണ്ടുകൾ വീർത്തിരിക്കുന്നത് വെളിപ്പെടുത്തിയത്. അതുപോലെ നേരത്തെ ആറ് തവണ എങ്ങനെയാണ് താൻ ട്രീറ്റ്മെന്റിലൂടെ കടന്നു പോയത് എന്നും അവർ പറഞ്ഞു. എന്നാൽ, ഏറ്റവും ഒടുവിലത്തെ ലിപ് ഫില്ലിംഗ് ഒരു മഹാദുരന്തമായി മാറുകയായിരുന്നു. അവളുടെ ചുണ്ടുകൾ ചുവന്ന് വീർത്തു വന്നു.
വീഡിയോയിൽ നേരത്തെ തന്റെ ചുണ്ടുകൾ എങ്ങനെയാണ് ഇരുന്നത് എന്നും ജെസീക്ക പറയുന്നുണ്ട്. അതുപോലെ അവസാനത്തെ ഫില്ലിംഗ് തനിക്ക് സൗജന്യമായി ലഭിച്ചതാണ് എന്നും പുതിയ ഒരു ഡോക്ടറെയാണ് കണ്ടത് എന്നും ജസീക്ക പറയുന്നു. പിറ്റേ ദിവസം ജെസീക്ക വീണ്ടും ക്ലിനിക്കിൽ പോയി എങ്കിലും അതിലും മോശമായി മാറുകയായിരുന്നു അവസ്ഥ. ഏതായാലും ജസീക്കയുടെ അനുഭവം വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.