വംശനാശ ഭീഷണി, കൊവാലകളുടെ ബീജം ശീതീകരിച്ച് സൂക്ഷിക്കാമെന്ന് ​ഗവേഷകർ

By Web TeamFirst Published Apr 14, 2022, 11:16 AM IST
Highlights

പുതിയതോ ശീതീകരിച്ചതോ ആയ ബീജം ഉപയോഗിച്ച് അസിസ്റ്റഡ് റീപ്രൊഡക്ഷനിലൂടെയാണ് കൊവാല കുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. 

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളാണ് കൊവാലകൾ(koalas). ഇപ്പോൾ, അവയുടെ ബീജം(sperm) ശീതീകരിച്ച് സൂക്ഷിക്കുന്നത് വംശനാശം സംഭവിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ കൊവാലകളെ സഹായിക്കും എന്നാണ് ഓസ്ട്രേലിയ(Australia)യിലെ ​ഗവേഷകർ പറയുന്നത്. ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ, ഇങ്ങനെ ശേഖരിച്ച ബീജം സൂക്ഷിക്കുന്നതിനായി ബയോലാബ് സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കയാണ് ഇപ്പോൾ. 

ഭാവിയിൽ ഈ ബീജം ബ്രീഡിം​ഗ് പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ഉപയോ​ഗിക്കുകയും കൊവാലകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ജനിതകവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുകയും ചെയ്യും എന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സമീപ വർഷങ്ങളിലെ കാട്ടുതീയിൽ പതിനായിരക്കണക്കിന് കൊവാലകളാണ് ഇല്ലാതെയായത്. ശാസ്ത്രജ്ഞൻ ഡോ. റയാൻ വിറ്റ് പറയുന്നത് കൊവാലകളുടെ ഒരു കോളനി ഉണ്ടാക്കുക എന്നതിനുമപ്പുറം അവയുടെ ജനിതകവൈവിധ്യം മെച്ചപ്പെടുത്താൻ കൂടി ഇത് വളരെയധികം സഹായിക്കും എന്നാണ്. 

"നിലവിൽ നമുക്ക് കാട്ടുതീ പോലെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണമില്ല. 2019-2020 -ലുണ്ടായ അതുപോലെയുള്ള കാട്ടുതീ ഭൂരിഭാ​ഗം എണ്ണം ജീവികളെയും ഒരേസമയം തന്നെ ഈ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കി. ഇത്തരത്തിലുള്ള തീപിടുത്തത്തിൽ ഇതുപോലെ കൊവാലകൾ ഇല്ലാതെയാവുകയാണ് എങ്കിൽ, അവയെ തിരികെ കൊണ്ടുവരാനോ അവയെ സംരക്ഷിക്കാനോ ഒരു മാർഗവുമില്ല" എന്നും അദ്ദേഹം പറയുന്നു. 

പുതിയതോ ശീതീകരിച്ചതോ ആയ ബീജം ഉപയോഗിച്ച് അസിസ്റ്റഡ് റീപ്രൊഡക്ഷനിലൂടെയാണ് കൊവാല കുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. "കൊവാലകളുടെ ബീജം ശേഖരിക്കുന്നതിനുള്ള നോഡുകളായി പ്രവർത്തിക്കുന്ന 16 വന്യജീവി ആശുപത്രികളും മൃഗശാലകളും ഓസ്‌ട്രേലിയയിലുടനീളമുള്ളതായി ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്" എന്ന് ന്യൂകാസിൽ സർവകലാശാലയിലെ ഡോ.  ലച്ലൻ ഹോവൽ പറഞ്ഞു. 

click me!