40 കൊല്ലം മുമ്പ് ഇന്ത്യയിലെത്തിയ ജർമ്മൻകാരി, ഇത് പശുക്കളെ പരിചരിക്കാനായി മാറ്റിവെച്ച ജീവിതം

By Web TeamFirst Published Jul 2, 2021, 1:53 PM IST
Highlights

അവർ ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 1996 -ൽ "രാധ സുരഭി ഗൗശാല നികേതൻ" ആരംഭിച്ചു. ഇന്നിപ്പോൾ അത് 3,300 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന ഒരു വലിയ സഥാപനമാണ്. നിലവിൽ 90 തൊഴിലാളികളും 1,800 രോഗികളായ പശുക്കളുമുണ്ട് അവിടെ. 

ജർമ്മൻകാരിയായ ഫ്രെഡറിക് ബ്രൂണിംഗ് 40 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെത്തിയത്. ഒരു വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തിയ അവരെ രാജ്യം ആകർഷിച്ചു. ജനിച്ച് വളർന്ന സ്വന്തം രാജ്യം വിട്ട്  ഭാഷപോലും അറിയാത്ത ഇന്ത്യയെന്ന പുതിയ രാജ്യത്തേക്ക് അവർ ചേക്കേറി. സുഖഭോഗങ്ങൾ മാറ്റി വച്ച് ആത്മീയപാതയിൽ അവർ സഞ്ചരിക്കാൻ തുടങ്ങി. ഭഗവത്ഗീത വായിച്ചതിനെത്തുടർന്ന് അവർ ഒരു കൃഷ്ണ ഭക്തയായി മാറി. അവർ സുദേവി മാതാജിയെന്ന പേര് സ്വീകരിച്ചു. കൃഷ്ണനോടുള്ള ഭക്തി അവരിൽ പശുക്കളോടുള്ള സ്നേഹത്തെ വളർത്തി. പിന്നീടുള്ള ജീവിതം മൃഗങ്ങളെ സേവിക്കാനായി അവർ ഉഴിഞ്ഞു വച്ചു. ഏകദേശം 1500 ഓളം ഉപേക്ഷിക്കപ്പെട്ട, അവശരായ പശുക്കളെ അവർ പരിപാലിക്കുന്നു. അവരുടെ ഈ സേവനത്തിന് 2019 -ൽ സർക്കാർ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.  

ഏകദേശം 40 വർഷം മുമ്പ് മധുര കാണാൻ പോയപ്പോഴാണ് ആദ്യമായി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു പശുക്കിടാവിനെ കാണുന്നത്. പരിക്കേറ്റ അതിനെ ഉപേക്ഷിച്ച് പോകാൻ അവർക്ക് തോന്നിയില്ല. മറിച്ച് അവർ അതിനെ ശുശ്രുഷിച്ചു. അവിടെ വച്ചാണ് അവരുടെ ജീവിതം മാറിയത്. ബ്രൂണിംഗ്, പശുക്കളെക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ തുടങ്ങി. ഹിന്ദി പഠിക്കാൻ തുടങ്ങി. തുടർന്ന് ബെർലിനിൽ നിന്ന് ഇന്ത്യയിലേക്ക് സ്വയം പറിച്ച് നടാൻ തീരുമാനിച്ചു. കഴിഞ്ഞ നാല് ദശകങ്ങളിലായി ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് പശുക്കളെയാണ് അവർ പരിപാലിച്ചത്. 

"ഞാൻ ഒരു ടൂറിസ്റ്റായിട്ടാണ് ഇന്ത്യയിൽ വന്നത്. ജീവിതത്തിൽ മുന്നേറാൻ ഒരു ഗുരു ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ രാധകുണ്ടിൽ ഒരു ഗുരുവിനെ തേടി പോയപ്പോഴാണ് പശുക്കിടാവിനെ കണ്ടത്. അതിന്റെ കാലുകൾ ഒടിഞ്ഞിരുന്നു. ഞാൻ അതിനെ ശുശ്രുഷിച്ചു. എന്നാൽ, അതോടെയാണ് ഞാൻ മനസിലാക്കിയത് ഇതാണ് എന്റെ ജീവിത ലക്ഷ്യമെന്ന്. പിന്നീട് എനിക്ക് പത്ത് പശുക്കളെ കണ്ടെത്താൻ സഹായിച്ചു. എന്റെ കൈയിൽ ഒരുപാട് പണമൊന്നുമില്ലായിരുന്നു. ഞാൻ മൂന്ന് ഏക്കർ സ്ഥലം വാടകയ്ക്ക് എടുത്തു. ഇപ്പോൾ എന്റെ ഗോശാലയിൽ 1800 ഓളം പശുക്കളുണ്ട്” സുദേവി പറയുന്നു.  

അവർ ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 1996 -ൽ "രാധ സുരഭി ഗൗശാല നികേതൻ" ആരംഭിച്ചു. ഇന്നിപ്പോൾ അത് 3,300 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന ഒരു വലിയ സഥാപനമാണ്. നിലവിൽ 90 തൊഴിലാളികളും 1,800 രോഗികളായ പശുക്കളുമുണ്ട് അവിടെ. ഇത് നടത്താനുള്ള ചെലവിനായി ബെർലിനിലെ അവരുടെ ഒരു വീടൊഴിച്ച് ബാക്കി സ്വത്തുക്കൾ എല്ലാം അവർ വിറ്റു. പിന്നീട് ഒരിക്കൽ പണത്തിന് ആവശ്യം വന്നപ്പോൾ മാതാപിതാക്കൾ അവരെ സഹായിച്ചു. തൊഴിലാളികളുടെ ശമ്പളം, ഭക്ഷ്യധാന്യങ്ങൾ, പശുക്കൾക്കുള്ള മരുന്നുകൾ എന്നിവയ്ക്കായി അവർ ഓരോ മാസവും 30-35 ലക്ഷം രൂപ ചെലവഴിക്കുന്നു. 1,800 പശുക്കളെയും പശുശാലയിലെ തൊഴിലാളികളെയും പരിപാലിക്കാൻ അവരുടെ പക്കലുള്ള പണം പര്യാപ്തമല്ല. നിലവിൽ 200 അന്ധരായ പശുക്കളും 600 ലധികം പശുക്കുട്ടികളും ഗോശാലയിലുണ്ട്. പശുക്കളുടെ പാൽ പുറത്ത് വിൽക്കാറില്ല അവർ. അമ്മമാർ മരിച്ചുപോയ പശുക്കിടാക്കൾക്കായി അധികം വരുന്ന പാൽ മാറ്റിവയ്ക്കുന്നു.  

മുൻപ് കാര്യമായ സഹായമൊന്നും ആരിൽ നിന്ന് ലഭിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. ആളുകൾ അവരുടെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് ഇപ്പോൾ സഹായിക്കാനായി മുന്നോട്ട് വരുന്നു. ഇത് കൂടാതെ, ബെർലിനിലുള്ള അവളുടെ വീടിന്റെ വാടകയും ഇതിനായി ഉപയോഗിക്കുന്നു. ഡൊണാറ്റെകാർട്ടിന്റെ ഉടമ അനിൽ റെഡ്ഡിയിൽ നിന്ന് അടുത്തിടെ ഒരു കോടി രൂപയുടെ ഫണ്ട് അവർക്ക് ലഭിക്കുകയുണ്ടായി.  "അവ എന്റെ മക്കളെപ്പോലെയാണ്. എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല," അവൾ പറയുന്നു. എത്രകഷ്ടപ്പെട്ടായാലും താൻ അവരെ നോക്കുമെന്നും, അവരെ മറ്റുള്ളവർ ചെയ്ത പോലെ വഴിയിൽ ഉപേക്ഷിക്കില്ലെന്നും അവർ പറഞ്ഞു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 
 

 

click me!