ജാക്കറ്റ് കടം നല്‍കാത്തതിന് യുവാവിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞ കൂട്ടുകാരെ പൊക്കി!

By Web TeamFirst Published Jan 5, 2022, 2:48 PM IST
Highlights

 അഞ്ച് സംസ്ഥാനങ്ങളിലായി 5,000 കിലോമീറ്റര്‍ പിന്നിട്ട അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. 

ഔട്ടര്‍ ഡല്‍ഹിയിലെ മംഗോല്‍പുരി ഏരിയയിലാണ് സംഭവം നടന്നത്. ഒരു 18 വയസ്സുകാരനെ അവന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്നു. എന്താണ് കാരണമെന്നോ? അവന്റെ ജാക്കറ്റ് കടമായി ചോദിച്ചിട്ട് കൊടുത്തില്ല!

സന്തോഷ് പ്രസാദ് എന്ന ചെറുപ്പക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളികളായ പ്രിന്‍സ്, ഹര്‍ഷു, ജാവേദ് എന്നിവര്‍ സന്തോഷിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 5,000 കിലോമീറ്റര്‍ പിന്നിട്ട അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. 

ഡിസംബര്‍ 25 -നാണ് സംഭവം. ജാക്കറ്റ് കടം നല്‍കാത്തതിനെ തുടര്‍ന്ന് സന്തോഷും പ്രതികളും തമ്മില്‍ അന്ന് വഴക്കുണ്ടായി. അന്ന് രാത്രിയായിട്ടും, പ്രസാദ് വീട്ടില്‍ എത്താതായതിനെ തുടര്‍ന്ന് അവന്റെ അമ്മ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ തന്നെ പൊലീസ് പ്രസാദിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അതെ കോളനിയില്‍ താമസിക്കുന്ന മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മകനെ അവസാനമായി നാട്ടുകാര്‍ കണ്ടതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, പോലീസ് കോളനിയില്‍ അവര്‍ക്കായി തിരച്ചില്‍ നടത്തി. എന്നാല്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോഴാണ് മൂവരും ഒളിവിലാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. അങ്ങനെ പൊലീസ് പ്രസാദിനെ തട്ടിക്കൊണ്ടുപോയെന്ന പേരില്‍ മൂവര്‍ക്കുമെതിരെ കേസെടുത്തു.  

പ്രതികളില്‍ ഒരാളായ പ്രിന്‍സിന്റെ മുത്തശ്ശിയെ കാണാന്‍ കാണ്‍പൂരിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് പ്രതികള്‍ വീടുവിട്ടുപോയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് ഒരു സംഘം അവിടെ എത്തിയെങ്കിലും പ്രതികള്‍ കാണ്‍പൂരില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. അതിനിടയില്‍ പ്രിന്‍സിനെ അവന്റെ സ്വദേശമായ ബീഹാറില്‍ കണ്ടതായി മറ്റൊരു സംഘം അറിയിച്ചു. ഉടന്‍ തന്നെ, ഒരു ടീമിനെ അവിടേക്ക് അയച്ചെങ്കിലും, പൊലീസ് അവിടെയെത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി അവിടെ നടത്തിയ അന്വേഷണത്തില്‍, പ്രദേശവാസിയായ സുഹൃത്ത് പവനൊപ്പമാണ് പ്രതികള്‍ സ്ഥലം വിട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പവനും പ്രതികളും ആഗ്രയിലേക്ക് നീങ്ങുകയാണെന്ന വിവരം ലഭിച്ചു. അവരെ പിടികൂടാന്‍ ഒരു സംഘം ഉടന്‍ തന്നെ ആഗ്രയിലേക്ക് പുറപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോള്‍, പ്രതികള്‍ രാജസ്ഥാനിലേക്കോ ഗുജറാത്തിലേക്കോ നീങ്ങിയിരിക്കാമെന്ന വിവരം ലഭിച്ചു.  

പ്രതികള്‍ക്ക് വേണ്ടിയുള്ള ഈ നെട്ടോട്ടം ഒടുവില്‍ ഗുജറാത്തിലാണ് അവസാനിച്ചത്. ഗുജറാത്തിലെ കച്ചിലെ ഗാന്ധിധാമിലെ ഒരു ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന്, അവിടെയുള്ള ഒരു ചേരിയില്‍ പോലീസ് റെയ്ഡ് നടത്തിയതോടെ മൂന്ന് പ്രതികളും പിടിയിലായി.

പ്രിന്‍സിന് ജാക്കറ്റ് കടം കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് പ്രസാദിനെ കൊലപ്പെടുത്തിയതെന്ന് മൂവരും സമ്മതിച്ചു. പ്രിന്‍സിനെ പ്രസാദ് പരിഹസിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവര്‍ പറഞ്ഞു. 

വഴക്ക് നടന്ന അന്ന് വൈകുന്നേരം, അവര്‍ പ്രസാദിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം കഴിപ്പിച്ചു. തുടര്‍ന്ന് അവനെ അവര്‍ കുത്തി കൊല്ലുകയും, മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. അന്വേഷണത്തിന് ഒടുവില്‍, പോലീസ് പ്രസാദിന്റെ മൃതദേഹവും കണ്ടെടുത്തു.  

click me!