
ഒരു സിനിമ പോലെ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില ജീവിതങ്ങളുണ്ട്. അതുപോലെയാണ് ഇവരുടെ കഥയും. അടുത്തിടെയാണ് 74 വർഷങ്ങൾക്ക് ശേഷം പിരിയേണ്ടി വന്ന രണ്ട് സുഹൃത്തുക്കൾ അപ്രതീക്ഷിതമായി വീണ്ടും ഒന്നിച്ചത്. അതെ, ഏഴ് പതിറ്റാണ്ടിലേറെയായിരുന്നു അവര്‍ തമ്മില്‍ കണ്ടിട്ട്. ഇന്ത്യയില്‍ നിന്നുള്ള സര്‍ദാര്‍ ഗോപാല്‍ സിങ്ങും പാകിസ്ഥാനില്‍ നിന്നുമുള്ള മുഹമ്മദ് ബഷീറും തമ്മിലാണ് തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടിയത്. 1947 -ലെ ഇന്ത്യാ വിഭജനത്തിലാണ് ഇരുവര്‍ക്കും തമ്മിൽ പിരിയേണ്ടി വന്നത്. ഒട്ടും പ്രതീക്ഷിക്കാതെ തമ്മിൽ കണ്ടപ്പോൾ രണ്ടുപേരും വികാരഭരിതരായി ആലിംഗനം ചെയ്‍തു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു.
94 -കാരനായ സിങ്ങും 91 -കാരനായ ബഷീറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇരുവര്‍ക്കും തമ്മില്‍ അന്ന് വേര്‍പിരിയേണ്ടി വന്നു. ഏഴ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ അവരിരുവരും ആ ഓർമ്മകളെല്ലാം അയവിറക്കി. ബാബ ഗുരുനാനാക്കിന്റെ ഗുരുദ്വാര സന്ദർശിച്ച് ഉച്ചഭക്ഷണവും ചായയും കഴിക്കുമ്പോൾ സിംഗും ബഷീറും ചെറുപ്പമായിരുന്നു. കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത് എന്ന് ഇന്ത്യാടൈംസ് എഴുതുന്നു.
ട്വിറ്ററിൽ കൂടിച്ചേരലിനെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരാള്‍ എഴുതി, 'മതവും തീർത്ഥാടനവും ഒരു നിമിഷം മാറ്റിവെയ്ക്കുക... ഇത് കർതാർപൂർ സാഹിബിൽ നിന്നുള്ള ഹൃദയസ്പർശിയായ കഥയാണ്. ഇന്ത്യയിൽ നിന്നുള്ള സർദാർ ഗോപാൽ സിംഗ് (94), പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ബഷീർ (91) എന്നീ രണ്ട് സുഹൃത്തുക്കളെ കർതാർപൂർ ഇടനാഴി വീണ്ടും ഒന്നിപ്പിച്ചു. 1947 -ലാണ് അവർ വേർപിരിഞ്ഞത്.'
74 വർഷങ്ങൾക്ക് ശേഷം രണ്ട് സുഹൃത്തുക്കൾ ഒന്നിച്ച കഥ വളരെ പെട്ടെന്ന് തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഒരു ഉപയോക്താവ് എഴുതി, 'അത്തരത്തിലുള്ള അവസാനത്തെ വിഭജന സമയത്ത് പിരിഞ്ഞവരുടെ കൂടിച്ചേരലുകളിൽ ഒന്നിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതില്‍ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഒരു ദശാബ്ദത്തിനുള്ളിൽ ഈ തലമുറ ഇല്ലാതാകുമെന്നറിയുന്നതിൽ വിഷമമുണ്ട്. അവർ അനുഭവിച്ച വേദന എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ.'