Malcolm X Murder : മാൽക്കം എക്സിന്റെ കൊലപാതകത്തിൽ എഫ്ബിഐക്കുള്ള പങ്കെന്ത്?

By Web TeamFirst Published Nov 24, 2021, 2:58 PM IST
Highlights

എഫ്ബിഐ ബ്രാഡ്ലിയുടെ പേരിൽ തുടർനടപടികൾ എടുക്കാതിരുന്നത് അയാൾ എഫ്ബിഐയുടെ രഹസ്യ ഏജന്റ് ആയിരുന്നത് കൊണ്ടാണ് എന്നുള്ളതടക്കം നിരവധി ആക്ഷേപങ്ങളുണ്ട്.

കഴിഞ്ഞയാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ കോടതി ഒരു സവിശേഷ  വിധി പുറപ്പെടുവിക്കുകയുണ്ടായി. 1965 -ൽ നടന്ന മാൽകം എക്സ് എന്ന കറുത്തവർഗക്കാരുടെ നേതാവിന്റെ കൊലപാതകത്തിന്റെ പേരിൽ രണ്ടുപേർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകുന്നതിന് ആധാരമായി മറ്റൊരു കോടതി ചുമത്തിയ ഫസ്റ്റ് ഡിഗ്രി മർഡർ -മനഃപൂർവമുള്ള നരഹത്യ  എന്ന ചാർജിൽ നിന്ന് അവരെ രണ്ടുപേരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ളതാണ് പുതിയ വിധി. 

'മുഹമ്മദ് അസീസ്'

ഇങ്ങനെ ഇരുപതു കൊല്ലത്തിലധികം കാലം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഏകാന്ത തടവടക്കം അനുഭവിച്ച ശേഷം, ഏറെ വൈകി ഇപ്പോൾ കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഒരാൾ, മുഹമ്മദ് അസീസ് മാത്രമാണ് കോടതിയിൽ ആ വിധി കേട്ട് കണ്ണീർ പൊഴിക്കാൻ എത്തിയത്. രണ്ടാമൻ ഖലീൽ ഇസ്‌ലാം, 2009 -ൽ മരണത്തിനു കീഴടങ്ങിയിരുന്നു. അവസാന ശ്വാസം വരെയും ഇസ്ലാം പറഞ്ഞുകൊണ്ടിരുന്നത്, മാൽക്കമിനെ കൊന്നതിൽ തനിക്ക് യാതൊരു പങ്കുമില്ല, താൻ നിരപരാധിയാണ് എന്ന് മാത്രമായിരുന്നു. ഇന്നാട്ടിലെ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ പാളിച്ചകളുടെ പേരിൽ ഇരയാക്കപ്പെട്ട, ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഇന്ന് 83 വയസ്സുള്ള താൻ എന്നാണ് വിധിപ്രസ്താവം പുറത്തുവന്ന ശേഷം അസീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

56 വർഷങ്ങൾക്കു മുമ്പ് നടന്ന ഈ കൊലപാതകത്തിന്റെ പിന്നാലെ നീതിക്കുവേണ്ടി നിലകൊണ്ടിട്ടുള്ള വാൻസ് ഓഫീസ്, ഇരുവരുടെയും അഭിഭാഷകർ, ഇന്നസെൻസ് പ്രോജക്റ്റ് (Innocence Project)എന്ന സംഘടന, പൗരാവകാശത്തിനു വേണ്ടി പോരാടുന്ന അഭിഭാഷകൻ ഡേവിഡ് ഷാനീസ് എന്നിവർ ഒരേസ്വരത്തിൽ പറഞ്ഞത്, ചെയ്യാത്ത കുറ്റത്തിന് ആയുസ്സിന്റെ നല്ലൊരു ഭാഗം തുറുങ്കിൽ കഴിയാൻ വിധിക്കപ്പെട്ട ഇരുവരും നിരപരാധികളാണ് എന്ന് തെളിയിക്കാൻ വേണ്ട തെളിവുകൾ എഫ്ബിഐയുടെകയ്യിൽ വളരെ നേരത്തെ ഉണ്ടായിരുന്നു എന്നും, അന്ന് അവർ അത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എങ്കിൽ ശിക്ഷാകാലാവധിയുടെ തുടക്കത്തിൽ തന്നെ ഇരുവരും കുറ്റവിമുക്തരായിരുന്നേനെ എന്നുമാണ്. 

മാൽകം എക്സിന്റെ കൊലപാതകം 

1965 -ലെ ഒരു ഫെബ്രുവരി പകലിൽ അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന ഒരു വാർത്തയായിരുന്നു മാൽക്കം എക്സ് എന്ന ബ്ലാക് റൈറ്റ്സ് നേതാവിന്റെ കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം, മാൽക്കം എക്സ്  ഓഡ്‌ബോൺ ബോൾ റൂമിൽ വെച്ച് നടക്കാനിരുന്ന ഒരു വൻ സമ്മേളനത്തിലൂടെ ഓർഗനൈസേഷൻ ഓഫ് ആഫ്രോ ഏഷ്യൻ യൂണിറ്റി എന്നൊരു പുതിയ സംഘടന പ്രഖ്യാപിച്ച് പുതിയൊരു ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെടാനുള്ള തിരക്കിൽ ആയിരുന്നു.  മുപ്പത്തൊമ്പതാം വയസ്സിൽ മാൽക്കം എക്സ് ആ സമ്മേളനത്തിൽ വെച്ച് തന്റെ ആശയങ്ങൾ പ്രകാശിപ്പിച്ചു തുടങ്ങി നിമിഷങ്ങൾക്കകം, കാണികൾക്കിടയിൽ നിന്ന് മൂന്നുപേർ എഴുന്നേറ്റു വന്ന് മാൽക്കമിനു നേരെ വെടിയുതിർക്കുന്നു. അന്ന് തന്റെ ഗർഭിണിയായ ഭാര്യക്കും  മൂന്നു കുഞ്ഞുങ്ങൾക്കും മുന്നിൽ വെച്ച് അദ്ദേഹം നിർദ്ദയം കൊലചെയ്യപെടുന്നു. അന്ന് ഈ കേസിൽ അറസ്റ്റു ചെയ്യപ്പെടുന്നത് മൂന്നു പേരാണ്. ഒന്ന്, ഹാലിം എന്നറിയപ്പെട്ടിരുന്ന താൽമാജ് ഹെയർ, അസീസ് എന്നറിയപ്പെട്ടിരുന്ന  നോർമൻ ബട്ട്ലർ, ഇസ്ലാം എന്നറിയപ്പെട്ടിരുന്ന തോമസ് ജോൺസൻ എന്നീ നാശം ഓഫ് ഇസ്ലാം പ്രവർത്തകർ തന്നെയാണ് അന്ന് കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്നുപേരെയും  എഫ്ബിഐ കസ്റ്റഡിയിൽ എടുക്കുന്നു, 

 

 

അസീസ്, 

1966 -ൽ തുടങ്ങിയ വിചാരണയിൽ, മാൽക്കമിന്റെ മുൻ ഡ്രൈവർ ആയിരുന്ന ഇസ്ലാം തന്നെയാണ് മരണകാരണമായ ഷോട്ട് ഗൺ വെടി പൊട്ടിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിനു പിന്നാലെ, ഹാലിമും, അസീസും  തങ്ങളുടെ പിസ്റ്റലുകളിൽ നിന്ന് വെടിയുതിർക്കുകയുണ്ടായി എന്നും അവർ വാദിക്കുന്നു. എന്നാൽ, കോടതിയിലെ പ്രോസിക്യൂഷൻ വാദത്തിനു തെളിവുകളുടെ പിൻബലം കുറവായിരുന്നു. ഇസ്ലാമിനെ മാൽക്കമിന്റെ കൊലയുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ കൃത്യമായ തെളിവ് ഒന്നും തന്നെ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. സാക്ഷിമൊഴികൾ പലതും പരസ്പര വിരുദ്ധമായിരുന്നു. പ്രതികൾ കുറ്റകൃത്യം നടക്കുന്ന സമയത്ത് മറ്റൊരിടത്തായിരുന്നു എന്ന് സൂചിപ്പിക്കുന്ന സാക്ഷ്യങ്ങളും അവ ഹാജരാക്കി. ഇങ്ങനെ ഒരു വിധി കോടതിയിൽ നിന്ന് വന്നു കഴിഞ്ഞു എങ്കിലും, നിലവിലെ തെളിവുകൾ വെച്ചുതന്നെ, പ്രോസിക്യൂഷൻ പറയുന്നതല്ല സത്യം എന്നൊരു വാദം അന്നുതൊട്ടേ അമേരിക്കയിൽ നിലവിലുള്ള ഒന്നാണ്. 

ഹാലിമിന്റെ വെളിപ്പെടുത്തൽ 

ഈ കേസിന്റെ വിചാരണയ്ക്കിടെ ഹാലിം രണ്ടാം തവണ പ്രതിക്കൂട്ടിൽ വിസ്തരിക്കപ്പെട്ടപ്പോൾ, താനാണ് കുറ്റം ചെയ്തത് എന്നയാൾ ഏറ്റു പറയുന്നു. എന്നാൽ, അതേസമയം തന്റെ കൂടെ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള  രണ്ടുപേരും നിരപരാധികളാണ് എന്നും അയാൾ ആവർത്തിച്ച് പറയുന്നു. ഈ കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ച, തന്റെ കൂട്ട് കുറ്റവാളികൾ ഇപ്പോൾ കുറ്റം ചുമത്തപ്പെട്ട രണ്ടുപേരല്ല എന്ന് അയാൾ കോടതിയോട് പറഞ്ഞു എങ്കിലും, അത് ആരും വിലയ്‌ക്കെടുക്കാൻ തയ്യാറായില്ല. വിചാരണയ്‌ക്കൊടുവിൽ 1966  മാർച്ച് 11 -നു കോടതി അന്തിമവിധി പുറപ്പെടുവിപ്പിച്ചപ്പോൾ പ്രതികൾ മൂന്നുപേരും കുറ്റക്കാരാണ് എന്ന് ബോധ്യപ്പെട്ട കോടതി അവരെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കുന്നു. ഇങ്ങനെ ഒരു വെളിപ്പെടുത്തൽ ഹാലിമിൽ നിന്നുണ്ടായിട്ടും അസീസിനെയും ഇസ്ലാമിനെയും വെറുതെ വിടാൻ ഗവൺമെന്റോ നീതിപീഠമോ മിനക്കെട്ടില്ല. തെളിവുകൾ അപര്യാപ്തമായിരുന്നിട്ടും, ഭരണകൂടത്തിന്റെ വലിയ തോതിലുണ്ടായ ഗൂഢാലോചനയുടെ ഭാഗമായി അസീസ്, ഇസ്ലാം എന്നീ ആ രണ്ടു നിരപരാധികളും അവരുടെ ജീവിതത്തിലെ പുഷ്കല കാലം ചെലവിടുന്നത് അമേരിക്കയിലെ അതീവ സുരക്ഷാ ജയിലുകൾക്കുള്ളിലാണ്. കൊലയാളികൾ എന്ന് മുദ്രകുത്തപ്പെട്ടതോടെ അവരുടെ വ്യക്തിജീവിതങ്ങൾ തകർച്ചയിലേക്ക് വഴുതിവീണു. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയിട്ടും അവർക്ക് സമൂഹത്തിന്റെ സ്വൈര്യമായി കഴിയാൻ സാധിക്കാത്ത അവസ്ഥ വന്നു. 

നേഷൻ ഓഫ് ഇസ്ലാമിൽ നിന്നുള്ള വധഭീഷണി

വെടിയേറ്റു മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ, മാൽകം കുടുംബ സമേതം താമസിച്ചിരുന്ന വീടിനു മുന്നിലേക്ക് ഒരു പെട്രോൾ ബോംബ് വന്നു വീണു പൊട്ടിത്തെറിക്കുകയുണ്ടായി. മൽക്കാമിനെതിരെ തിരിഞ്ഞിരിക്കുന്നത് അത്രയും കാലം അദ്ദേഹം പ്രവർത്തിച്ചിരുന്ന നേഷൻ ഓഫ് ഇസ്ലാം എന്ന എന്ന സംഘടന തന്നെയാണ് എന്ന വിവരം വധത്തിനു മുമ്പുതന്നെ എഫ്ബിഐക്ക് ചോർന്നു കിട്ടിയിട്ടുണ്ടായിരുന്നു. എന്നിട്ടും അത് ഒഴിവാക്കാൻ അവർക്ക് സാധിച്ചില്ല. എന്തിനായിരുന്നു,  ഒരുകാലത്ത് തങ്ങളുടെ ഭാഗമായ, തങ്ങളോടൊപ്പം ചേർന്ന്   പ്രവർത്തിച്ച മാൽക്കം എക്സിനെ വധിക്കാൻ നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അണിയറക്കാർ തീരുമാനിച്ചത്? പന്ത്രണ്ടു കൊല്ലത്തോളം നേഷൻ ഓഫ് ഇസ്‌ലാമിൽ അംഗമായി പ്രവർത്തിച്ച മാൽക്കം എക്സ്, വളരെ ത്വരിതഗതിയിലാണ് അതിന്റെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തിച്ചേർന്നത്. നെബ്രാസ്ക സ്വദേശിയായ ആ ചെറുപ്പക്കാരൻ നേഷൻ ഓഫ് ഇസ്ലാം എന്ന തന്റെ പ്രസ്ഥാനത്തിന്റെ ബാനറിൽ, അമേരിക്കയിൽ കറുത്ത വർഗം അനുഭവിച്ചുകൊണ്ടിരുന്ന വിവേചനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്നത്, ആ കൊല നടക്കുന്നതിന് വെറും ആറുവർഷം മുമ്പുമാത്രമാണ്. വെള്ളക്കാരെ സാത്താന്റെ സന്തതികൾ എന്ന് വിളിച്ച അദ്ദേഹത്തിൽ അന്ന് വെള്ളക്കാർക്ക് മേധാവിത്വമുണ്ടായിരുന്ന പത്രങ്ങൾ ഒന്നടങ്കം വംശീയവെറി ആക്ഷേപിക്കുന്നു.  

 

 

1964 -ൽ മാൽക്കമിനും സംഘടനയുടെ തലവൻ എലിജാ മുഹമ്മദിനും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാവുകയും, മാൽക്കം സംഘടനയുമായി  തുടർന്ന് നിസ്സഹകരിക്കുകയും ചെയ്യുന്നു. തങ്ങൾക്കെതിരെ തിരിഞ്ഞ മാൽക്കമിനെ തീർക്കണം എന്ന് തന്നെയായിരുന്നു രഹസ്യമായും പരോക്ഷമായും എലിജാ തന്റെ അനുയായികൾക്ക് നൽകിയിരുന്ന സന്ദേശം. നേഷൻ ഓഫ് ഇസ്ലാമിന്റെ മിനിസ്റ്റർ ആയിരുന്ന ലൂയി ഫറാഖാൻ മാൽക്കം കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ്, എന്തുകൊണ്ടും വധിക്കപ്പെടാൻ യോഗ്യനാണ് മാൽക്കം എന്ന് ധ്വനിപ്പിക്കുന്ന ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അങ്ങനെ, നേഷൻ ഓഫ് ഇസ്ലാമിന്റെ അകത്തുനിന്നു തന്നെ ചിലർ ചേർന്നാണ് മാൽക്കമിനെ വധിക്കാനുളള ഗൂഢാലോചന നടത്തുന്നതും, ഹാലിമിനെക്കൊണ്ട് അത് നടപ്പിലാക്കിക്കുന്നതും. തന്റെ ഒപ്പം കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള അസീസും ഇസ്ലാമും നിരപരാധികളാണ് എന്ന ഹാലിമിന്റെ മൊഴി അവിശ്വസിച്ചുകൊണ്ടാണ് ജൂറി തീർത്തും നിരപരാധികളായിരുന്ന അവർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 

ആദ്യം മാൽകം എക്സ്, പിന്നാലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

മാൽകം എക്സിന്റെ കൊലപാതകം കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ, ടെന്നസിയിലെ മെംഫിസിൽ വെച്ച് മറ്റൊരു വധം കൂടി അരങ്ങേറുന്നു. കറുത്ത വർഗക്കാർ നേരിട്ടുകൊണ്ടിരുന്ന വിവേചനങ്ങൾക്കെതിരെ പോരാടിയിരുന്ന അന്നത്തെ സുപ്രസിദ്ധ ആക്ടിവിസ്റ്റായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ. ഈ രണ്ടു കൊലപാതകങ്ങളും അമേരിക്കയിലെ കറുത്തവർഗക്കാരെ അങ്ങേയറ്റം തളർത്തിക്കളഞ്ഞു എങ്കിലും, ഈ കേസുകളിലെ യഥാർത്ഥ കുറ്റവാളികളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് ഒരുകാലത്തും അമേരിക്കൻ ഗവണ്മെന്റുകളുടെ ലക്ഷ്യമായിരുന്നില്ല.

 

 

മൊഴികളിലെ പരസ്പര വിരുദ്ധത പക്ഷെ നിരപരാധികളെ കുറ്റവാളികൾ എന്ന് മുദ്രകുത്തി കൽത്തുറുങ്കിൽ അടക്കുന്നതിൽ നിന്ന് അമേരിക്കൻ കോടതികളെയും പിന്തിരിപ്പിച്ചില്ല. ഉദാ. ഏർനെസ്റ്റ് ഗ്രീൻ എന്ന മുഖ്യ പ്രോസിക്യൂഷൻ സാക്ഷി ആദ്യം നൽകിയ മൊഴി, ഷോട്ട് ഗൺ കൊണ്ട് വെടിവെച്ചയാൾ ഇരുണ്ട നിറമുള്ള, താടിയുള്ള ഒരാളാണ് എന്നായിരുന്നു. പ്രോസിക്യൂഷൻ മുഖ്യപ്രതി എന്നും പറഞ്ഞുകൊണ്ട് കോടതിക്ക് മുന്നിൽ കൊണ്ടുനിർത്തിയ ഇസ്ലാം ആകട്ടെ, താരതമ്യേന ഇരുനിറമുള്ള, ക്ളീൻ ഷേവ് ചെയ്ത ഒരാളായിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴിയോട് യോജിച്ചു പോവുന്ന മറ്റൊരാൾ നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയ്ക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു. പേര് വില്യം ബ്രാഡ്‌ലി. മറൈൻ കോർപ്സിലെ ഒരു മെഷീൻ ഗണ്ണർ ആയിരുന്ന ബ്രാഡ്‌ലി മുൻപുതന്നെ ക്രിമിനൽ ഹിസ്റ്ററി ഉള്ള ഒരാളായിരുന്നു. ഈ ലീഡ് പക്ഷെ, എഫ്ബിഐയോ കോടതി തന്നെയോ പിന്തുടരാൻ താത്പര്യം കാണിക്കുകയുണ്ടായില്ല. 

 

ഈ കൊലയെ ആധാരമാക്കി പുറത്തുവന്ന 'ഹൂ കിൽഡ് മാൽകം എക്സ്' എന്ന ഡോക്യൂമെന്ററി സീരീസിൽ, അന്ന് എഫ്ബിഐ ബ്രാഡ്ലിയുടെ പേരിൽ തുടർനടപടികൾ എടുക്കാതിരുന്നത് അയാൾ എഫ്ബിഐയുടെ രഹസ്യ ഏജന്റ് ആയിരുന്നത് കൊണ്ടാണ് എന്നുള്ളതടക്കം നിരവധി ആക്ഷേപങ്ങളുണ്ട്. ഈ കേസിൽ കുറ്റവാളികൾ എന്ന് മുദ്രകുത്തി പത്തിരുപതു വർഷം അകത്തു കിടന്ന രണ്ടുപേർ നിരപരാധികളാണ്  എന്നുള്ള വിധി പ്രസ്താവം പുറത്തുവന്നതിന് പിന്നാലെ, അഏറ്റിയിരിക്കുകയാണ്.  

click me!