
ഊബറില്‍ 10 വര്‍ഷത്തിലേറെക്കാലം ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട അനുഭവം പറയുകയാണ് ഈ ജീവനക്കാരന്‍. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടലിലാണ് അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടത്. സാധാരണ ഡ്രൈവറായി ജോലി തുടങ്ങി പിന്നീട് മാനേജരായി ഉയര്‍ന്ന ജീവനക്കാരനാണ് പുലര്‍ച്ചെ നാല് മണിക്ക് വന്ന ഇമെയിലിലൂടെ തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
'എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്. ആഗസ്റ്റ് 22-ന് ഞാന്‍ ഹവായിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ദ്വീപിലുണ്ടായ ചുഴലിക്കാറ്റ് ഞങ്ങളുടെ ബുക്കിംഗ് തടസ്സപ്പെടുത്തി. തുടര്‍ന്ന് യാത്ര റദ്ദാക്കി ഞങ്ങള്‍ വീട്ടില്‍ത്തന്നെ അവധി ആഘോഷിച്ചു. പിന്നാലെ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് എന്റെ ഫോണില്‍ ഒരു ഇമെയില്‍ വന്നു. എന്തിനാണ് ആ സമയത്ത് ഫോണ്‍ നോക്കിയതെന്ന് എനിക്കറിയില്ല, എന്തായാലും ഞാന്‍ നോക്കി. എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്' അദ്ദേഹം കുറിച്ചു. ഊബര്‍ നടപ്പിലാക്കിയ 10 ശതമാനം കൂട്ടപ്പിരിച്ചുവിടലില്‍ താനും ഉള്‍പ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്കായി സി.ഇ.ഒ ദാര ഖോസ്രോഷാഹി ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
'ഊബറില്‍ എന്റെ അവസാനത്തെ ദിവസമായിരുന്നു ഇന്ന് (മറ്റൊരു ടീമില്‍ എന്തെങ്കിലും ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍). കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഊബറിനൊപ്പമുള്ള എനിക്ക്, എന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഒരിക്കലും മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യേണ്ടി വരില്ലെന്നായിരുന്നു വിശ്വാസം. അത്രയധികം ഞാന്‍ അവിടത്തെ ആളുകളെയും ജോലിയെയും എല്ലാം വിശ്വസിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടന്നില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ജനുവരിയിലാണ് അദ്ദേഹം ഊബറില്‍ റൈഡ് ഷെയര്‍ ഡ്രൈവറായി ജോലിക്ക് കയറുന്നത്. പിന്നീടാണ് സിയാറ്റിലിലെ ഊബര്‍ ഈറ്റ്‌സ് ടീം നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേറ്റ് ഓഫീസിലേക്ക് മാറുന്നത്. തുടര്‍ന്ന് ഇന്റർനാഷണൽ യാത്രകളും പ്രൊമോഷനുകളും ലഭിച്ചെങ്കിലും കരിയറില്‍ നിരവധി പ്രതിസന്ധികളും തരണം ചെയ്യേണ്ടി വന്നു. 2018 നവംബര്‍ 12-ന് തന്റെ ജന്മദിനത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗത്തില്‍ നിന്നും പിരിച്ചുവിടലിന് ഇരയായിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ മറ്റൊരു ടീമില്‍ പുതിയ ജോലി കണ്ടെത്തുകയായിരുന്നു.
എന്നാല്‍ നിലവിലുണ്ടായ കൂട്ടപ്പിരിച്ചുവിടലില്‍ വീണ്ടും അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയായിരുന്നു. 'ഇന്ന് പുറത്താക്കപ്പെട്ട എന്റെ മുന്‍ സഹപ്രവര്‍ത്തകരോട് ഒന്നു പറയാനുണ്ട്; നാം കെട്ടിപ്പടുത്തതില്‍ അഭിമാനിക്കുക, ഇത് ബിസിനസ്സ് മാത്രമാണ്, വ്യക്തിപരമല്ല. നാളെ സൂര്യന്‍ വീണ്ടും ഉദിക്കും, ഇന്നത്തെ ദിവസം എത്രത്തോളം ബുദ്ധിമുട്ടേറിയതാണെങ്കിലും നാം എല്ലാവരും പുതിയ വഴികള്‍ കണ്ടെത്തും' അദ്ദേഹം കുറിച്ചു.