മകനെ മെഡിക്കൽ കോളേജിലാക്കാൻ കാറില്‍ സകുടുംബം 4 ദിവസത്തെ യാത്ര, ഇതൊക്കെയല്ലേ സന്തോഷം!

Published : Sep 03, 2026, 02:28 PM IST
Geng family

Synopsis

'പണം ലാഭിക്കുന്നതിനേക്കാൾ എത്രയോ വലുതാണ് എന്റെ മകനെ യൂണിവേഴ്സിറ്റിയിൽ എത്തിക്കുന്നത്. അവന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്' എന്ന് ഗെങ് പറഞ്ഞു. തിരക്കുപിടിച്ച ജോലി കാരണം കഴിഞ്ഞ 10 കൊല്ലമായി മകനൊപ്പം യാത്രകൾ ചെയ്യാൻ കഴിയാത്തതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു.

മക്കൾക്കുവേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാവുന്ന ചില മാതാപിതാക്കളുണ്ട്. ചൈനയിൽ നിന്നുള്ള അങ്ങനെയൊരു സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മകനെ മെഡിക്കൽ കോളേജിലാക്കാൻ ഷാഡോങ്ങിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 3,500 കിലോമീറ്റർ കാറോടിക്കുകയായിരുന്നു ഈ ചൈനീസ് കുടുംബം. ഷാഡോങ് പ്രവിശ്യയിലെ സാവോചുവാങ് സ്വദേശിയായ 18 -കാരനായ മകന് ഷിൻജിയാങ്ങിലെ കരാമായിയിലുള്ള 'ഷിൻജിയാങ് സെക്കൻഡ് മെഡിക്കൽ കോളേജിൽ' പ്രവേശനം ലഭിച്ചു. മകനെ ഒറ്റയ്ക്കയക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കാറിൽ കൂട്ടിക്കൊണ്ടുപോകാൻ‌ പിതാവ് ഗെങ് തീരുമാനിക്കുകയായിരുന്നു. ഗെങ്, ഭാര്യ, മകൻ, മകൾ, മരുമകൻ, ​ഗെങ്ങിന്റെ പിതാവ് എന്നിവരുൾപ്പെടെ ആറ് പേരാണ് നാല് ദിവസം നീണ്ട ഈ റോഡ് യാത്രയിലുണ്ടായിരുന്നത്. ഏഴ് സീറ്റുള്ള എം.പി.വി കാറിലാണ് ഇവർ യാത്ര ചെയ്തത്.

യാത്ര പുറപ്പെടുന്നതിന് മുൻപ് സാവോചുവാങ്ങിൽ നിന്ന് കരാമായിയിലേക്ക് മകനുമായി പോവുകയാണെന്ന് കാറിന്റെ പിൻവശത്തെ ചില്ലിൽ ഇവർ എഴുതിവെച്ചിരുന്നു. ഇത് വഴിയിലെ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുകയും, അവർ ഈ കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്തു. യാത്രയ്ക്കിടയിൽ പലയിടത്തും വാഹനം നിർത്തി കാഴ്ചകൾ കണ്ടും വിശ്രമിച്ചുമാണ് ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഷിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറുംചിയും ഇവർ സന്ദർശിച്ചു. വർഷങ്ങളായി അകന്നുകഴിഞ്ഞിരുന്ന തന്റെ സഹോദരനെ കാണാൻ ഗെങ്ങിന്റെ പിതാവിന് ഈ യാത്ര അവസരമൊരുക്കി.

ഇന്ധനത്തിന് ഏകദേശം 6,000 യുവാൻ, ടോൾ ഇനത്തിൽ 3,000 യുവാൻ അടക്കം ആകെ 12,000 മുതൽ 15,000 യുവാൻ വരെയാണ് (ഏകദേശം 1,800 - 2,200 ഡോളർ) യാത്രയ്ക്കായി ചെലവായത്. ഭക്ഷണവും താമസവും ഇതിൽ ഉൾപ്പെടുന്നു. ആറ് പേർക്ക് വിമാനയാത്രയ്ക്ക് 18,000 യുവാനും ട്രെയിൻ യാത്രയ്ക്ക് 10,800 യുവാനുമായിരുന്നു ചെലവ് വരുമായിരുന്നത്. എന്നാൽ, കാർ യാത്ര കൂടുതൽ സൗകര്യപ്രദവും കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ സഹായിക്കുന്നതുമായിരുന്നു എന്ന് ഗെങ് വ്യക്തമാക്കി.

'പണം ലാഭിക്കുന്നതിനേക്കാൾ എത്രയോ വലുതാണ് എന്റെ മകനെ യൂണിവേഴ്സിറ്റിയിൽ എത്തിക്കുന്നത്. അവന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്' എന്ന് ഗെങ് പറഞ്ഞു. തിരക്കുപിടിച്ച ജോലി കാരണം കഴിഞ്ഞ 10 കൊല്ലമായി മകനൊപ്പം യാത്രകൾ ചെയ്യാൻ കഴിയാത്തതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു. 2017 -ൽ തങ്ങളുടെ മകളെയും ഇതേ രീതിയിൽ ഇവർ കാറിൽ ക്വിങ്ദാവോയിലെ യൂണിവേഴ്സിറ്റിയിൽ കൊണ്ടുപോയാക്കിയിരുന്നു. തനിക്കുവേണ്ടി കുടുംബം ഇത്രയും ദൂരം കാറോടിച്ചെത്തിയതിൽ മകനും വലിയ സന്തോഷത്തിലാണ്. ആഗസ്റ്റ് 20 -ന് സാവോചുവാങ്ങിൽ നിന്ന് പുറപ്പെട്ട കുടുംബം നാല് ദിവസത്തിന് ശേഷമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

40 -ാം വയസിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു; പക്ഷേ ആ ‘ഗ്യാപ് ഇയർ’ ജീവിതത്തിന് പുതിയ അർത്ഥം നൽകിയെന്ന് യുവതി
കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ 18 മാസം കൊണ്ട് 7.2 ലക്ഷം സമാഹരിച്ചു; ചർച്ചയായി യുവതിയുടെ 'ഫ്രീഡം ഫണ്ട്' കുറിപ്പ്