ജെഎൻയു മുതൽ ജാമിയ മിലിയ വരെ, രണ്ടു വൈസ് ചാൻസലർമാരുടെ കഥ

By Web TeamFirst Published Dec 16, 2019, 6:04 PM IST
Highlights

വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളോടും വിദ്യാർത്ഥികളോട് പൊലീസ് പ്രവർത്തിച്ച അക്രമങ്ങളോടും രണ്ടിടങ്ങളിലെയും വൈസ് ചാൻസലർമാർ സ്വീകരിച്ച നിലപാടുകളിലുള്ള അജഗജാന്തരമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ഒരു ചർച്ചാവിഷയം. 

ഇന്ത്യയിലെ ഒന്നാംകിട യൂണിവേഴ്സിറ്റികളിൽ രണ്ടെണ്ണമാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി(JNU)യും ജാമിയ മിലിയാ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയും. ഈയടുത്ത കാലത്ത് കേന്ദ്രത്തിനെതിരെ ശക്തമായ സമരങ്ങളിലേക്ക് ഈ രണ്ടു സർവകലാശാലകളിലെയും വിദ്യാർത്ഥി സമൂഹം നീങ്ങിയിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളോടും വിദ്യാർത്ഥികളോട് പൊലീസ് പ്രവർത്തിച്ച അക്രമങ്ങളോടും രണ്ടിടങ്ങളിലെയും വൈസ് ചാൻസലർമാർ സ്വീകരിച്ച നിലപാടുകളിലുള്ള അജഗജാന്തരമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ഒരു ചർച്ചാവിഷയം. 

ഒന്നാമത്തെ വൈസ് ചാൻസലറുടെ പേര് എം ജഗദീഷ് കുമാർ. ജെഎൻയു വിസി. ഫീസിൽ ഉണ്ടായ കനത്ത വർദ്ധനവിനെത്തുടർന്നു ജെഎൻയുവിൽ നടന്ന വിദ്യാർത്ഥിസമരം പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിലേക്ക് നയിച്ചിരുന്നു. കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കുപോലും അന്ന് പൊലീസ് മർദ്ദനമേറ്റു. അവിടത്തെ വൈസ് ചാൻസലറായ എം ജഗദീഷ് കുമാർ വിദ്യാർത്ഥികളുടെ സമരം അടിസ്ഥാനരഹിതമാണെന്ന പക്ഷക്കാരനായിരുന്നു. പരീക്ഷ തുടങ്ങാനായി, ഇങ്ങനെ കാര്യമില്ലാത്ത കാര്യങ്ങൾക്ക് സമരം ചെയ്യുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കും എന്നും സമരം നിരുപാധികം നിർത്തി ക്ലാസില്‍ കേറണം എന്നുമായിരുന്നു വിസിയുടെ നിലപാട്. അതേ സമയം തന്റെ വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ച വിഷയത്തിൽ ജഗദീഷ് കുമാറിൽ നിന്ന് ഒരു ചെറുവിരലനക്കം പോലുണ്ടായില്ല.  ഇത് വിദ്യാർത്ഥികൾക്കിടയിൽ വിസിയുടെ പ്രതിച്ഛായ കാര്യമായ തോതിൽ ഇടിയുന്നതിന് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം കാമ്പസിൽ വെച്ച് ഒരു സംഘം വിദ്യാർഥികൾ തന്നെ കയ്യേറ്റം ചെയ്തു എന്നും കാറിന്റെ താക്കോൽ തട്ടിയെടുത്തു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിദ്യാർത്ഥികളിൽ ചിലർ തന്റെ  കുപ്പായത്തിലും കയ്യിലുമൊക്കെ പിടിച്ചു വലിച്ചുവെന്നും ഡ്രൈവറുടെ മനസ്സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് താൻ ആ സാഹചര്യത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതെന്നും ജഗദീഷ് കുമാർ പറഞ്ഞിരുന്നു. അതേ വിദ്യാർഥികൾ പിന്നീട് തന്റെ ഓഫീസും തച്ചുതകർത്തു എന്നും കുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ അക്രമികളായ വിദ്യാർത്ഥികളുടെ മുഖം പതിഞ്ഞിട്ടുണ്ടെന്നും, അതൊരു കുറ്റകൃത്യമായതിനാൽ എന്തായാലും പൊലീസിൽ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാമത്തെ വൈസ് ചാൻസലർ, നജ്മാ അക്തർ. അവർ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ വിസിയാണ്. ഇന്നലെ വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനമേറ്റതിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ, അവര്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് ശക്തിയുക്തം നിലകൊണ്ടു. തന്റെ അനുവാദമില്ലാതെ പൊലീസ് കാമ്പസിൽ കയറിയ നടപടി വളരെ അപലപനീയമായ ഒന്നാണ് എന്ന് വിസി പറഞ്ഞു. കാമ്പസിൽ നടന്ന പൊലീസ് അതിക്രമങ്ങളുടെ സകല തെളിവുകളും തന്റെ പക്കലുണ്ടെന്നും അതൊക്കെ അധികം താമസിയാതെ മാനവവിഭവശേഷി വികസന വകുപ്പിന് കൈമാറുമെന്നും അവർ പറഞ്ഞു.

കോളേജിൽ നടന്ന അക്രമങ്ങളെപ്പറ്റി നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്ന് അറിഞ്ഞു എന്നും അതൊന്നും ആരും വിശ്വസിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. "രണ്ടു പേർ മരിച്ചു എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. അതൊന്നും ശരിയല്ല. 200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ഏറെയും ഞങ്ങളുടെ കുട്ടികളാണ്" നജ്മ പറഞ്ഞു.  കുട്ടികളെ പൊലീസ് ഭയപ്പെടുത്തി ഓടിച്ചതും, അകാരണമായി മർദ്ദിച്ചതും ഒന്നും തന്നെ അംഗീകരിക്കാവുന്നതല്ല. പൊലീസ്  യൂണിവേഴ്സിറ്റിയുടെ പൊതുമുതൽ പലതും നശിപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. സർവകലാശാലയുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് സംഭവിച്ച നാശം പരിഹരിക്കാവുന്നതാണ്. എന്നാൽ പൊലീസിന്റെ നായാട്ടുകൊണ്ട് കുട്ടികളുടെ മനസ്സിലുണ്ടായ ക്ഷതങ്ങൾ ഒരിക്കലും മായാത്തവയാണ് എന്നും വിസി നജ്മ അക്തർ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് പറഞ്ഞു. കുട്ടികളെ നിർദാക്ഷിണ്യം തല്ലിച്ചതച്ച പൊലീസിന്റെ നടപടിയെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ അതിക്രമത്തിന്റെ പേരിൽ അതിൽ പങ്കെടുത്ത പൊലീസ് ഓഫീസർമാർക്കെതിരെ താൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കുമെന്നും അവർ പറഞ്ഞു. 

click me!