ലെനിൻ മുതൽ സ്റ്റാലിൻ വരെ : 150 -ാം ജന്മദിനത്തിൽ സോവിയറ്റ് റഷ്യയുടെ പിതാവിനെ ഓർക്കുമ്പോൾ

By Babu RamachandranFirst Published Apr 22, 2020, 11:48 AM IST
Highlights

പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. സ്റ്റാലിനെപ്പോലെ എതിരാളികളെ വധിക്കുന്നത് ആസ്വദിച്ചിരുന്നില്ല അദ്ദേഹം.

2018 മാർച്ചിൽ ത്രിപുരയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തെ തറപറ്റിച്ചു കൊണ്ട് ബിജെപി അധികാരത്തിലേറി. ആ അട്ടിമറിയുടെ കമ്പനങ്ങൾ അങ്ങ് ദില്ലിവരെ ചെന്നെത്തി. ഇത് തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ വിജയമാണ് എന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അന്ന്, വിജയാഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ ഒരു ശബ്ദം രാജ്യത്തെ ആകെ ഞെട്ടിച്ചു. അത് ഒരു പ്രതിമ താഴെ വീണു തകരുന്ന ഒച്ചയായിരുന്നു. ബിജെപിയുടെ തൊപ്പി ധരിച്ച് തടിച്ചുകൂടിയ പ്രവർത്തകർക്കിടയിൽ ഒരു ജെസിബിയുടെ യന്ത്രക്കരങ്ങൾ ഉയർന്നുതാണു. നെഞ്ചോട് ചേർത്തുപിടിച്ച ഇടംകൈയും, മുന്നോട്ട് നീട്ടിപ്പിടിച്ച  വലംകയ്യുമുള്ള നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരു ലെനിൻ പ്രതിമ, തള്ളി മറിച്ചിടാനായിരുന്നു ആ ഹൈഡ്രോളിക് യന്ത്രത്തിന്റെ പരിശ്രമം. താമസിയാതെ അത് വിജയം കണ്ടു. പ്രതിമയുടെ നിർജീവമായ ചെറുത്തുനില്പിന് അധികനേരത്തെ ആയുസ്സുണ്ടായില്ല. ജനങ്ങളോട് സംവദിച്ചുകൊണ്ടിരുന്ന അതേ നിലയില്‍ തന്നെ ആ  ലെനിൻ പ്രതിമ നേരെ മലർന്നടിച്ച് പിന്നോട്ടുവീണു. പശ്ചാത്തലത്തിൽ മുദ്രാവാക്യങ്ങളും ഹർഷാരവങ്ങളും മുഴങ്ങിക്കേട്ടിരുന്നു. 

 

 

ഒരു പക്ഷേ, ഗാന്ധിജി കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവുമധികം പ്രതിമകളുള്ളത് കോമ്രേഡ്  ലെനിന്റെയായിരിക്കും. എന്നാൽ, ഈ ഭൂമുഖത്ത് ഒരു ലെനിൻ പ്രതിമ തകർക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ലെനിന്റെ സ്വന്തം നാടായ സോവിയറ്റ് റഷ്യ തകർന്നടിഞ്ഞ തൊണ്ണൂറുകളിൽ ഉക്രെയിനിൽ ജനരോഷത്തിനിരയായി തകർന്നുവീണത് ആയിരക്കണക്കിന് ലെനിൻ പ്രതിമകളാണ്.  1991 -ൽ ഉക്രെയിനിലെമ്പാടുമായി 5500 ലെനിൻ പ്രതിമകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്. 2015 ആയപ്പോഴേക്കും അത് 1300 ആയി ചുരുങ്ങി.  ഇങ്ങനെ ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും, കാലാന്തരത്തിൽ വെറുക്കപ്പെടുകയും ഒക്കെ മാറിമാറി ചെയ്യാനും മാത്രം ആരായിരുന്നു ഈ  'ലെനിൻ'?

ലോകം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു ലെനിൻ.  1917 -ൽ ബോൾഷെവിക്ക് വിപ്ലവത്തിലൂടെ  മാർക്സിന്റേയും ഏംഗൽസിന്റെയും കമ്യൂണിസ്റ്റ് ചിന്താ ധാരകൾക്ക് മൂർത്തരൂപം നൽകി, നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌, 'സോവിയറ്റ്‌ യൂണിയൻ' എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകിയത് അദ്ദേഹമായിരുന്നു. യഥാർത്ഥനാമം വ്ലാദിമിർ ഇല്ലിച്ച്‌ ഉല്യാനോവ് എന്നായിരുന്നെങ്കിലും, സൈബീരിയയിലെ ഒരു വൻനദിയായ  'ലെന'യെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിൻ' എന്നത് പിന്നീട് ജനങ്ങളുടെ നാവിൽ അങ്ങുറച്ചു പോവുകയായിരുന്നു. 

സത്യത്തിൽ, 'മാർക്സിനെ അനശ്വരനാക്കിയ  വ്യക്തി' എന്ന വിശേഷണമാകും ലെനിന് ഏറ്റവും നന്നായി ചേരുക. മാര്‍ക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ലാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് 'ദാസ് കാപ്പിറ്റൽ'(മൂലധനം) എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാര്‍ക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാര്‍‌ക്‌സ് എന്ന പേര് വീണ്ടും സമൂഹത്തിന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നിന്നാണ് പിന്നീട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഫ്രഡറിക് ഏംഗൽസും ഒക്കെ ചർച്ചയിലേക്ക് എത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും.

 

 

1870 ഏപ്രിൽ 22 -ന് വോൾഗാ നദിക്കരയിലുള്ള സിംബിർസ്‌ക്ക് എന്ന ചെറുപട്ടണത്തിലായിരുന്നു ലെനിന്റെ ജനനം, സ്‌കൂളിൽ ഉജ്വലമായ പ്രകടനം നടത്തിയ ആ മിടുക്കനായ വിദ്യാർത്ഥി തുടർന്ന് നിയമം പഠിച്ചു.  കസാൻ സർവ്വകലാശാലയിലെ കലാലയ ജീവിതത്തിനിടെ, മൂത്ത സഹോദരനും, അന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളിൽ ഒന്നിന്റെ സഹയാത്രികനുമായിരുന്ന അലക്‌സാണ്ടർ ഇല്ലിച്ച്‌ ഉല്യാനോവ് എന്ന സാഷ വധിക്കപ്പെട്ട സംഭവമാണ്, ലെനിനെ വിപ്ലവാശയങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിച്ചത്. വാക്കുകളിലും എഴുത്തിലും വിപ്ലവംശം അധികരിച്ചപ്പോൾ ലെനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി അധികൃതർ. 1891 -ൽ സന്നദെടുത്ത് പ്രാക്ടീസ് തുടങ്ങിയ ലെനിൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചെന്ന് അവിടം കേന്ദ്രീകരിച്ച് മുഴുവൻസമയ വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങി. അന്നത്തെ അദ്ദേഹത്തിന്റെ പല സഹപ്രവർത്തകരെയും പോലെ അദ്ദേഹത്തെയും അന്നത്തെ ഭരണകൂടം അറസ്റ്റുചെയ്ത് സൈബീരിയൻ മരുഭൂമിയ്ക്കു നടുവിലുള്ള സുഷെങ്കോയെയിലേക്ക്  നാടുകടത്തി. 

 

'നതാഷ്ദ ക്രൂപ്‌സ്കായ '

സൈബീരിയയിൽ നിന്ന് സ്വിറ്റ്‌സർലാന്റിലെത്തിയ അദ്ദേഹം അന്ന് പ്ലെഖനോഫ്‌ ഉൾപ്പെടെയുള്ള പല പ്രസിദ്ധ വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. തിരിച്ച്‌ റഷ്യയിലെത്തിയ ലെനിൻ, ജൂൾസ്‌ മാർട്ടോഫ്, നതാഷ്ദ ക്രൂപ്‌സ്കായ എന്നീ യുവസുഹൃത്തുക്കൾക്കൊപ്പം റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്നപേരിലൊരു തൊഴിലാളി സമര സംഘടനയ്ക്ക് രൂപം നൽകുന്നുണ്ട്. ഈ കാലമെല്ലാം ഒളിവിലായിരുന്നു ലെനിന്റെ ജീവിതം. അധികാരികൾക്ക്‌ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു അദ്ദേഹം.ഈ 'ഒളിവിലെ ഓർമ്മകളിൽ' ലെനിന്റെ ജീവിതത്തിലെ സുപ്രധാനമായ രണ്ട് സംഭവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഒന്ന്, 1898 മാർച്ചിൽ മിൻസ്ക് നഗരത്തിൽ നടന്ന മുൻ പറഞ്ഞ തൊഴിലാളി പാർട്ടിയുടെ സ്ഥാപനവും, തൊട്ടുപിന്നാലെ നടന്ന ലെനിന്റെ വിവാഹവും. 1898 ജൂലൈയിൽ അദ്ദേഹം തന്റെ വിപ്ലവ  സഹയാത്രികയായിരുന്ന നതാഷ്ദ ക്രുപ്‌സ്കായയെ ജീവിതസഖിയാക്കി കൂടെക്കൂട്ടുന്നു. മോസ്‌കോ  കേന്ദ്രീകരിച്ച്, മാർട്ടോഫുമായി സഹകരിച്ച് ഇസ്ക്രാ(തീപ്പൊരി) എന്നപേരിൽ ഒരു തൊഴിലാളിപക്ഷ പത്രം തുടങ്ങുന്നുണ്ട് ലെനിൻ ഇക്കാലത്ത്.

 

'ഇസ്‌ക്ര 'പത്രം 

1899 -ലാണ് ലെനിന്റെ വിഖ്യാതമായ ഗ്രന്ഥം, 'മുതലാളിത്തത്തിന്റെ വികാസം റഷ്യയിൽ' (The Development of Capitalism in Russia) പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇക്കാലത്താണ്  തന്റെ പേര് 'ലെനിൻ' എന്നുമതി എന്നദ്ദേഹം ഉറപ്പിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ  ഡെമോക്രാറ്റുകളുടെ പല നയങ്ങൾക്കുമെതിരെ പ്രതികരിച്ചുകൊണ്ട് പുറത്തിറങ്ങിയ പല ലഘുലേഖകളിലും ലേഖനകർത്താവിന്റെ സ്ഥാനത്ത് ആ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെ ജൂൾസ് മാർട്ടോഫിനും ലെനിനുമിടയിൽ കാര്യമായ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുന്നു. അത് ഡെമോക്രാറ്റിക് പാർട്ടിയിൽ ധ്രുവീകരണത്തിന് കാരണമാകുന്നു. റഷ്യൻ ഭാഷയിൽ ന്യൂനപക്ഷം എന്നർത്ഥം വരുന്ന 'മെൻഷെവിക്' അഥവാ മിതവാദികൾ;  ഭൂരിപക്ഷം എന്നർത്ഥം വരുന്ന 'ബോൾഷെവിക്' അഥവാ തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി ഡെമോക്രാറ്റിക് പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഗ്രിഗറി സീനോവീവ്, ജോസഫ് സ്റ്റാലിൻ, നതാഷ്ദ കുപ്രസ്കായ, ലെവ് കാമനോവ് എന്നിവർ ബോൾഷെവിക്കുകളായിരുന്നു. അപ്പുറത്ത് മെൻഷെവിക്ക് ചേരിയിൽ മാർട്ടഫിനൊപ്പം പ്ലാഖനോഫ്, ലിയോൺ ട്രോട്സ്കി എന്നിവരും. ഇവരിൽ  ട്രോട്സ്കി പിന്നീട് കൂറുമാറി ലൈനിനൊപ്പം ചേർന്നതും ബോൾഷെവിക്ക് വിപ്ലവത്തിൽ കാര്യമായ പങ്കുവഹിച്ചതും ഒക്കെ ചരിത്രത്തിന്റെ ഭാഗം. 

'സായുധ വിപ്ലവത്തിലൂടെ അധികാരം കവർന്നെടുക്കുക'യായിരുന്നു ബോൾഷെവിക്കുകളുടെ അന്തിമലക്ഷ്യം. വിപ്ലവം നടത്താൻ അത്യന്താപേക്ഷിതമായിരുന്ന ഫണ്ട് അവർ സ്വരൂപിച്ചത് അന്നത്തെ വിഖ്യാത സാഹിത്യകാരൻ മാക്സിം ഗോർക്കി, മോസ്കോയിലെ കോടീശ്വരനായ സാവ മോറോസോഫ് എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു. ആദ്യഘട്ടത്തിൽ ഈ പണം പ്രയോജനപ്പെട്ടത് വിപ്ലവസാഹിത്യ പ്രചാരണത്തിനും പത്രപ്രസാധനത്തിനുമാണ്. എന്നാൽ അതിലൂടെ കാര്യം നടക്കാൻ കാലതാമസമുണ്ടാകും എന്നുകണ്ടപ്പോൾ അവർ  റഷ്യയുടെ പാർലമെൻറായ 'ഡ്യൂമ'യിലേക്കുള്ള തെരഞ്ഞെടുപ്പിലും മത്സരിക്കുകയുണ്ടായി.  

 

 'സ്റ്റാലിൻ, ലെനിൻ, ട്രോട്‌സ്‌കി '

അതിനിടെ 1914 -ൽ, പിന്നീട് ഒന്നാം ലോകമഹായുദ്ധമെന്നറിയപ്പെട്ട ഗ്രേറ്റ് വാർ തുടങ്ങുന്നു. റഷ്യക്കെതിരെ ജർമ്മനി യുദ്ധപ്രഖ്യാപനം നടത്തുന്നു. അല്ലെങ്കിൽ തന്നെ അനുദിനം ദരിദ്രമായിക്കൊണ്ടിരുന്ന റഷ്യക്ക് ആ സാഹചര്യത്തിൽ ഒരു യുദ്ധം താങ്ങാവുന്നതിലേറെയായിരുന്നു. ഓസ്ട്രിയയിലെ ഗലീസിയയിൽ ആയിരുന്ന ലെനിൻ 'റഷ്യൻ ചാരൻ' എന്ന പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും പിന്നീട് ലെനിൻ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയാണെന്നു ബോധ്യം വന്നതോടെ നാട്ടിൽ ചെന്ന് റഷ്യയെ ദുർബലപ്പെടുത്താൻ വേണ്ടി അവർ അദ്ദേഹത്തെ വിട്ടയച്ചു  ലോകമഹായുദ്ധത്തെ മികച്ച ഒരു അവസരമായിട്ടാണ് ലെനിൻ കണ്ടത്. തന്റെ നാട്ടിൽ വിപ്ലവം കൊണ്ടുവരാൻ ഇതുതന്നെ നേരമെന്ന് അദ്ദേഹത്തിന് തോന്നി. സാർ ചക്രവർത്തിയുടെ ഏകാധിപത്യ ഭരണം മറിച്ചിടാനും, ആയുധങ്ങൾ സ്വന്തം ഓഫീസർക്കു നേരേ തിരിച്ച് പട്ടാള അട്ടിമറി നടത്താനും ലെനിൻ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇതിനായി നിരവധി ലഘുലേഖകൾ അച്ചടിച്ച് വിതരണം നടത്തി ലെനിനും സംഘവും.

ഒടുവിൽ 1917 -ൽ ഒക്ടോബർ വിപ്ലവം എന്ന് പിൽക്കാലത്ത് അറിയപ്പെട്ട രക്തരൂഷിതമായ പോരാട്ടം നടന്നു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം നീണ്ടുനിന്നത് മൂന്നു വർഷത്തോളമാണ്. ആ യുദ്ധത്തിൽ ബോൾഷെവിക്ക് കക്ഷികൾ വിജയിച്ചു. അവർ സോവിയറ്റ് റഷ്യയുടെ നിയന്ത്രണം പിടിച്ചെടുത്തു. ബോൾഷെവിക്ക്‌ പാർട്ടിയെ തലപ്പത്തിരുന്നു നയിച്ച ലെനിൻ, തനിക്കെതിരെ സ്വന്തം മണ്ണിൽ നിന്നുണ്ടായ ഏതൊരു വിമതസ്വരത്തെയും നിർദ്ദയം ചവിട്ടിയരക്കുന്ന സമീപനമാണ് സ്വീകരിച്ചത്. യുദ്ധകാലക്കെടുതികളും, തുടർന്നുണ്ടായ ക്ഷാമവും ഒക്കെ റഷ്യൻ ജനതയ്ക്ക് സമ്മാനിച്ചത് നരകയാതനകൾ മാത്രമായിരുന്നു. പരുഷമായ സമീപനമായിരുന്നു ലെനിന്റേത് എങ്കിലും അദ്ദേഹം തികഞ്ഞ 'പ്രായോഗികവാദി' കൂടി ആയിരുന്നു. റഷ്യൻ സമ്പദ് വ്യവസ്ഥയിൽ ഒരു സോഷ്യലിസ്റ്റ് മോഡൽ കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു എന്നുകണ്ടപ്പോൾ, ഉടനടി തന്റെ നയങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു ലെനിൻ. സ്വകാര്യ സ്വത്തുടമസ്ഥതയും, വ്യവസായ സംരംഭങ്ങളും ഒക്കെ ലെനിന്റെ കാലത്തുതന്നെ വീണ്ടും അനുവദിക്കപ്പെട്ടിരുന്നു. 

 

 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ലെനിന് ശത്രുക്കളും നിരവധി ഉണ്ടായിരുന്നു. 1918 ജനുവരി 14 ന് പെട്രോഗ്രാഡിൽ വച്ച് അദ്ദേഹത്തിന്റെ കാറിനു നേരേ അജ്ഞാതനായ ഒരു തോക്കുധാരി വെടിയുതിർത്തു. ഫ്രിറ്റ്സ് പ്ലാറ്റെൻ എന്ന സുഹൃത്ത് സം‍രക്ഷിച്ചതിനാൽ അന്നദ്ദേഹം കാര്യമായ അപകടമേൽക്കാതെ രക്ഷപ്പെട്ടു. വിപ്ലവത്തോടനുബന്ധിച്ച് സാർ ചക്രവർത്തി വധിക്കപ്പെട്ടത്തിന്റെ പ്രതികാര നടപടിയെന്നോണം,  ഓഗസ്റ്റ് 30 ന് ഫാന്യ കാപ്ലാൻ എന്ന വിപ്ലവകാരിയായ യുവതി ലെനിനെ വെടിവച്ചു കൊല്ലാൻ ശ്രമം നടത്തി. രണ്ടു വെടിയുണ്ടകൾ ഏറ്റിട്ടും ലെനിൻ ആയുസ്സിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ് അന്ന് ജീവനോടെ രക്ഷപ്പെട്ടത്. പക്ഷേ, ആ സംഭവം അദ്ദേഹത്തെ മാനസികമായി ആകെ പിടിച്ചുലച്ചുകളഞ്ഞു.  ഈ കൊലപാതകശ്രമത്തിനു ശേഷം ലെനിന് പഴയ ആരോഗ്യ നിലയിൽ തുടരാൻ സാധിച്ചിട്ടില്ലൊരിക്കലും. വെടികൊണ്ട ലെനിൻ ആദ്യഘട്ടത്തിൽ ആശുപത്രിയിലേയ്ക്ക് പോകാൻ വിസമ്മതിച്ചു. തന്നെ വെടിവെച്ചവരുടെ കൂട്ടാളികൾ തന്റെ ജീവനെടുക്കാൻ അവിടെ കാത്തിരിപ്പുണ്ടാവുമെന്ന ഭയന്നായിരുന്നു അത്. ആദ്യത്തെ കുറച്ചു ദിവസം, അദ്ദേഹം ചികിത്സയൊന്നുമില്ലാതെ ഒളിവിൽ തന്നെ കഴിച്ചുകൂട്ടി.

അപ്പോഴേക്കും ബോൾഷെവിക്ക് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടിയായി മാറി, അതിന്റെ ജനറൽ സെക്രട്ടറി പദത്തിലേക്ക് ജോസഫ് സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷമാണ് ലെനിനെ ആശുപത്രിയിലേക്ക് മാറ്റിയതും വെടിയുണ്ട ശസ്ത്രക്രിയ ചെയ്തുനീക്കിയതുമൊക്കെ. എന്നാൽ വൈകി ചെയ്ത ആ ശസ്ത്രക്രിയയുടെ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ ശരീരത്തിന് സാധിച്ചില്ല. പക്ഷാഘാതമുണ്ടായി ശരീരത്തിന്റെ വലതുവശം തളരുകയും, സംസാരശേഷി താത്കാലികമായി നഷ്ടമാവുകയും ചെയ്തു. ഈ സംസാരശേഷി നഷ്ടം താത്കാലികമായിരുന്നു എങ്കിലും, ലെനിനുണ്ടായ ക്ഷീണം മുതലെടുത്ത് അതിനിടെ സ്റ്റാലിൻ പാർട്ടിയിൽ ഏറെ മുന്നേറി.  1922  ഡിസംബർ 15 ന് അദ്ദേഹത്തിന് രണ്ടാമതും പക്ഷാഘാതമുണ്ടായി. ഡിസംബർ 30 ന് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (യു.എസ്.എസ്.ആർ) എന്ന പേരുൽ പുതിയ രാജ്യം നിലവിൽ വന്നു. അപ്പോഴേക്കും പക്ഷേ, സ്റ്റാലിൻ കമ്യൂണിസ്റ്റുപാർട്ടിയുടേയും രാജ്യത്തിന്റേയും എല്ലാം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

ലെനിനും സ്റ്റാലിനും തമ്മിൽ 

ലെനിൻ പാർട്ടിക്കുള്ളിലെ ലബ്ധപ്രതിഷ്ഠനായ ഒരു സമുന്നത നേതാവായി വിരാജിക്കുമ്പോൾ, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, സ്റ്റാലിൻ വളരെ അക്രമോത്സുക സ്വഭാവത്തോടുകൂടിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് ലോകത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള ധാരണകളുടെ വ്യത്യസ്തമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയതും തമ്മിലടിപ്പിച്ചതും. സർവ്വരാജ്യത്തൊഴിലാളികളുടെ ഏകോപനത്തിൽ വിശ്വസിച്ചിരുന്ന ലെനിൻ, പക്ഷേ, രാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തിൽ പ്രദേശത്തെ കമ്യൂണിസ്റ്റ് റിപ്പബ്ലിക്കുകൾ അതാതിന്റെ സ്വത്വം നിലനിർത്തി വേറിട്ടുതന്നെ നിലനിൽക്കണം എന്ന് വിശ്വസിച്ചു. അങ്ങനെയുള്ള തുല്യാവകാശങ്ങളും അധികാരങ്ങളുമുള്ള സ്വതന്ത്ര കമ്യൂണിസ്റ്റു റിപ്പബ്ലിക്കുകളുടെ ഒരു യൂണിയൻ ആയിരുന്നു ലെനിന്റെ സ്വപ്നം. എന്നാൽ ഇങ്ങനെ വേറിട്ട് നിൽക്കുന്നത് തങ്ങളുടെ ശക്തി ക്ഷയിപ്പിക്കും എന്നുകരുതിയ സ്റ്റാലിനാകട്ടെ, ഒന്നിച്ച് ഒരൊറ്റ കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് സ്വപ്നം കണ്ടിരുന്നു. വംശീയമായ വേർതിരിവുകൾ സ്റ്റാലിൻ അംഗീകരിച്ചിരുന്നില്ല. അതിനെയൊക്കെ അടിച്ചമർത്തി ഒരൊറ്റ റഷ്യൻ സംസ്കാരം സ്ഥാപിക്കണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. വംശീയ പാരമ്പര്യങ്ങളെ യാഥാർത്ഥയാമായി അംഗീകരിച്ചുകൊണ്ടാണ് ലെനിൻ സ്വപ്‌നങ്ങൾ നെയ്തത്. 

 

 

ആദ്യഘട്ടത്തിൽ ലെനിനെ പരസ്യമായി എതിർക്കാൻ സ്റ്റാലിന് സാധിച്ചിരുന്നില്ല.  ബോൾഷെവിക്ക് പാർട്ടിയിൽ അപ്പോൾ സ്റ്റാലിൻ ഒരു തുടക്കക്കാരനും, ലെനിൻ മുതിർന്നൊരു നേതാവും ആയിരുന്നു എന്നതുതന്നെ കാരണം. അതുകൊണ്ട് തുടക്കത്തിൽ ലെനിന് വഴിപ്പെട്ടുതന്നെയാണ് സ്റ്റാലിൻ പ്രവർത്തിച്ചുകൊണ്ടിരുന്നത്. പിന്നീട് ആരോഗ്യം ക്ഷയിച്ച് ലെനിൻ ശയ്യാവലംബിയായ സാഹചര്യത്തിലാണ് തന്റെ നയങ്ങൾ പാർട്ടിയിൽ വേരോട്ടമുണ്ടാക്കാൻ സ്റ്റാലിന് സാധിച്ചത്. സ്റ്റാലിന്റെ വിശ്വസ്തനും റഷ്യൻ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്സ് സെർസിൻസ്കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേർതിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് സെർസിൻസ്കിയെ ശകാരിച്ചു ലെനിൻ അന്ന്. "സ്റ്റാലിനുവേണ്ടി നിങ്ങൾ റഷ്യയിൽ ഷോവനിസം നടപ്പിലാക്കുകയാണോ ? " എന്നാണ് അന്ന് ലെനിൻ സെർസിൻസ്കിയോട് ചോദിച്ചത്.

എന്നാൽ, പിന്നീടങ്ങോട്ട് ശയ്യാവലംബിയായ ലെനിനിലേക്ക് ഒരു തരത്തിലും രാഷ്ട്രീയ വാർത്തകൾ എത്താതിരിക്കാൻ സ്‌റ്റാലിൻ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ലെനിന്റെ ഭാര്യ നതാഷ്ദയെപ്പോലും സ്‌റ്റാലിൻ ശകാരിക്കുന്നുണ്ട്. ആ വിവരം ഭാര്യയിൽ നിന്നറിഞ്ഞ് കോപിഷ്ടനായ ലെനിൻ സ്റ്റാലിനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തെഴുതുകയുണ്ടായി. തന്നെയും റഷ്യയെയും സ്റ്റാലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു കൊണ്ട് ലിയോൺ ട്രോട്സ്കിക്കും അദ്ദേഹം കത്തെഴുതി. അതായിരുന്നു ലെനിന്റെ അവസാനത്തെ ആശയവിനിമയം. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന് ലെനിൻ ഇഹലോകവാസം വെടിഞ്ഞു. മരണാനന്തരം ലെനിന്റെ മൃതദേഹം എംബാം ചെയ്ത മോസ്കോയിലെ ഒരു സ്‌മാരകസൗധത്തിൽ സൂക്ഷിക്കപ്പെട്ടു. 

 

 
സ്റ്റാലിനോടുള്ള ആശയസമരത്തിൽ കാര്യമായ നൈരാശ്യങ്ങൾ ജീവിച്ചിരുന്ന കാലത്ത് ലെനിനുണ്ടായി എങ്കിലും, പിന്നീട് റഷ്യയിൽ സ്ഥാപിതമായത് അദ്ദേഹം ആഗ്രഹിച്ച പോലുള്ള ഒരു യൂണിയൻ തന്നെയാണ്. സ്റ്റാലിനെപ്പോലെ തന്നെ തികഞ്ഞ ഏകാധിപത്യവാസനകൾ കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവുതന്നെയായിരുന്നു ലെനിനും. തന്റെ മുന്നിൽ സധൈര്യം വിമർശനങ്ങൾ നടത്തുകയും, തന്റെ പദ്ധതികൾക്ക് ഇടംകോലിടാൻ മുതിരുകയും, തന്റെ സ്വപ്നങ്ങൾക്ക് വിഘാതമായി നിൽക്കുകയും ചെയ്ത ഏതൊരു വിമതസ്വരത്തെയും നിർദയം ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ സ്റ്റാലിനെപ്പോലെ ലെനിനും മടിച്ചിട്ടില്ല. എന്നാൽ, ലെനിൻ ആ 'നീക്കം ചെയ്യലുകളെ', അതിനു വേണ്ടിയുള്ള നിഷ്കരുണമായ കൊലകളെ, തടസ്സം നീക്കാനുള്ള ഒഴിവാക്കാനാവാത്ത നടപടികൾ എന്നുമാത്രമേ കണ്ടിട്ടുള്ളൂ. സ്റ്റാലിനെപ്പോലെ പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ, അക്രമങ്ങളിൽ അഭിരമിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. ഇരുവരുടെയും കൈകളിൽ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ട്. സ്‌റ്റാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ആസ്വദിച്ച്‌ ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു, ലെനിന് അതങ്ങനെ ആയിരുന്നില്ല. ആ ഒരൊറ്റ വ്യത്യാസമാണ് ലെനിനെ കമ്യൂണിസ്റ്റുപാർട്ടിയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ വേറിട്ടുതന്നെ പ്രതിഷ്ഠിക്കുന്നത്. 

click me!