
കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ട് മാത്രം വിജയം നേടുകയും ലോകത്തിനാകെ പ്രചോദനമാവുകയും ചെയ്ത അനേകം ആളുകൾ നമ്മുടെ രാജ്യത്തുണ്ട്. അതിലൊരാളാണ് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‌ഫിയു റിയോയുടെ സ്‌പെഷ്യൽ ഡ്യൂട്ടിയിലുള്ള ഓഫീസർ നെല്ലയപ്പൻ. തന്റെ ഒറ്റമുറി മാത്രമുള്ള ഓലമേഞ്ഞ വീട്ടിൽ നിന്നും ഇപ്പോഴത്തെ മനോഹരമായ വസതിയിലേക്കുള്ള ശ്രദ്ധേയമായ യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അദ്ദേഹം വെളിപ്പെടുത്തിയത് നിരവധിയാളുകളെയാണ് ആകർഷിച്ചത്.
എക്‌സി (ട്വിറ്റർ) -ലാണ് നെല്ലയപ്പൻ ബി തന്റെ ജീവിത യാത്രയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്. ഒപ്പം രണ്ട് വീടുകളുടെയും ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിരിക്കുന്നതും കാണാം. പോസ്റ്റിൽ അദ്ദേഹം പറയുന്നത് തന്റെ ഓല മേഞ്ഞ വീട്ടിലെ പഴയ കാലജീവിതം എങ്ങനെ ആയിരുന്നു എന്നാണ്. ഒപ്പം ഇന്നത്തെ ഈ മനോഹരമായ ബംഗ്ലാവിലെ ജീവിതവുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും പറയുന്നു. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു.
30 വയസാകുന്നതു വരെ താൻ ഈ ഓല മേഞ്ഞ വീട്ടിലാണ് ജീവിച്ചിരുന്നത്. നാല് സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും ഒപ്പമായിരുന്നു ജീവിതം. വിദ്യാഭ്യാസം, സമർപ്പണം, കഠിനപ്രയത്നം എന്നിവയിലൂടെ ഇന്ന് കാണുന്ന ഈ വീട്ടിലേക്കും ജീവിതത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചു എന്ന് പോസ്റ്റിൽ അദ്ദേഹം രണ്ട് വീടുകളുടെയും ചിത്രത്തോടൊപ്പം വിശദമാക്കുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. വിദ്യാഭ്യാസവും ആത്മസമർപ്പണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കരസ്ഥമാക്കാം എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ഒരുപാട് പേർ അദ്ദേഹത്തെ ഈ വിജയത്തിൽ അഭാനന്ദിച്ചു. അതുപോലെ, മറ്റ് അനേകം പേർ അദ്ദേഹത്തിന്റെ ജീവിതം ആർക്കും ഒരു പ്രചോദനമായിത്തീരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്.