
തങ്ങളുടെ പ്രിയപ്പെട്ട ഒരാൾ മരിച്ചു പോവുക എന്നാൽ നാം അങ്ങേയറ്റം വേദനിക്കുക എന്നാണർത്ഥം. അവരുടെ ശവസംസ്കാര ചടങ്ങുകളും അതീവ വൈകാരികമായിരിക്കും. എന്നാൽ, പ്രിയപ്പെട്ടവരുടെ മൃതദേഹം ആരുടെയെങ്കിലും ഉത്തരവാദിത്തക്കുറവ് കൊണ്ട് മാറിപ്പോയാൽ എന്ത് ചെയ്യും?
സൗത്ത് കരോലിനയിലുള്ള ഒരു ഫ്യൂണറൽ ഹോമിനെതിരെ 60 മില്ല്യൺ ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരിക്കയാണ് ന്യൂയോർക്കിൽ നിന്നുള്ള രണ്ട് സഹോദരിമാർ. ഈ ഫ്യൂണറൽ ഹോം തങ്ങളുടെ അച്ഛന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം എത്തിച്ചു, അച്ഛന്‍റെ ശവകുടീരത്തില്‍ അയാളെ തങ്ങൾക്ക് അടക്കം ചെയ്യേണ്ടി വന്നു എന്നതാണ് സഹോദരിമാരുടെ പരാതി.
സ്റ്റേസി ഹോൾസ്മാൻ, മേഗൻ സാനർ എന്നീ സഹോദരിമാരാണ് തങ്ങളുടെ അച്ഛൻ മരിച്ചുപോയ ക്ലിഫോർഡ് സാനറിന് വേണ്ടി നീതി തേടാൻ തീരുമാനിച്ചത്. ഫ്ലെച്ചർ ഫ്യൂണറൽ ആൻഡ് ക്രിമേഷൻ സർവീസിനെതിരെയാണ് ഇരുവരും ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത്.
തങ്ങളുടെ അച്ഛന്റെ മൃതദേഹത്തിന് പകരം ഏതോ ഒരാളുടെ മൃതദേഹമാണ് ലോംഗ് ഐലൻഡിൽ മൗണ്ട് അരാരത്ത് സെമിത്തേരിയിൽ സംസ്കരിക്കാൻ വേണ്ടി അയച്ചത് എന്ന് ഇരുവരും ആരോപിക്കുന്നു. ഇത് തങ്ങളെ വലിയ വേദനയിലാക്കി എന്നും സംഭവിച്ചത് വിശ്വസിക്കാൻ പോലും തങ്ങൾക്ക് സാധിച്ചില്ല എന്നും സഹോദരിമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതിനാൽ തന്നെ തങ്ങളുടെ പിതാവിന്റെ അന്ത്യയാത്രാവേള ഇങ്ങനെ ആക്കിത്തീർത്തതിന് ഫ്യൂണറൽ ഹോം മറുപടി പറയണം എന്നാണ് സഹോദരിമാർ മാധ്യമങ്ങളോട് പറഞ്ഞത്. ശവപ്പെട്ടി എത്തിയപ്പോൾ അതിൽ തങ്ങൾക്ക് പരിചയമില്ലാത്ത ആരോ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, തങ്ങൾ ഫ്യൂണറൽ ഹോമിലെ സ്റ്റാഫിനോട് കാര്യം പറഞ്ഞു. ഡയറക്ടറേയും കാര്യം അറിയിച്ചു. അച്ഛന് താടിയും മീശയും ഒന്നും കാണുന്നില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ, തങ്ങൾ മൃതദേഹങ്ങളുടെ താടിയും മീശയും ഷേവ് ചെയ്യാറുണ്ട് എന്നായിരുന്നു മറുപടി കിട്ടിയത്. അതുപോലെ തലയിൽ ഓട്ടോപ്സി ചെയ്തതിന്റെ പാടും മൃതദേഹത്തിൽ കാണാമായിരുന്നു. തങ്ങളുടെ അച്ഛന് ഓട്ടോപ്സി ചെയ്തിരുന്നില്ല എന്നും സഹോദരിമാരിൽ ഒരാളായ സ്റ്റേസി പറയുന്നു.
പക്ഷേ, പിന്നീട് മൃതദേഹം സംസ്കരിച്ചു. സഹോദരിമാർ മൃതദേഹം അച്ഛന്റേതാണ് എന്ന് സ്ഥിരീകരിച്ചിരുന്നു എന്നാണ് ഫ്യൂണറൽ ഹോം പറയുന്നത്.
എന്നാൽ, മൂന്നാഴ്ചയ്ക്ക് ശേഷം ഫ്യൂണറൽ ഹോം തങ്ങൾക്ക് മൃതദേഹം മാറിപ്പോയി എന്ന് സമ്മതിക്കുകയായിരുന്നു. ക്ലിഫോർഡിന്റെ ഭൗതികാവശിഷ്ടങ്ങൾ പിന്നീട് ഫ്ലോറിഡയിലെ ജാക്സൺവില്ലിൽ നടന്ന രണ്ടാമത്തെ ശവസംസ്കാര ചടങ്ങിൽ വച്ച് സംസ്കരിച്ചു. ക്ഷമാപണം നടത്തിയെങ്കിലും ആദ്യത്തെ ശവസംസ്കാരം നടത്തിയതിന് സഹോദരിമാർക്ക് പണം ഒന്നും ലഭിച്ചില്ല.
തങ്ങളുടെ അച്ഛന്റെ മൃതദേഹം യാതൊരു ബഹുമാനവും കൂടാതെ മോർച്ചറിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു എന്നും സഹോദരിമാർ പറയുന്നു. ഏതായാലും ഭാവിയിൽ ഇത്തരം അബദ്ധം വരാതെ ഫ്യൂണറൽ ഹോം ശ്രദ്ധിക്കും എന്നാണ് സഹോദരിമാർ പ്രതീക്ഷിക്കുന്നത്.