പ്രായം 23; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജപ്പാനിലെ 'സൂപ്പർസ്റ്റാർ' റെഡ് പാണ്ട

Published : Nov 18, 2026, 01:59 PM IST
Futa

Synopsis

2005-ൽ രണ്ട് പിൻകാലുകളിൽ നിവർന്നുനിൽക്കുന്ന ഫൂട്ടയുടെ പ്രത്യേക ശൈലി ജപ്പാനിലുടനീളം വലിയ തരംഗമായിരുന്നു. ഈ വ്യത്യസ്തമായ നിൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒരു ശീതളപാനീയത്തിന്റെ പരസ്യത്തിലും ഫൂട്ടയെ ഉൾപ്പെടുത്തിയിരുന്നു.

മൃഗശാലകളിൽ കഴിയുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ റെഡ് പാണ്ടയെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ജപ്പാനിലെ 23 വയസ്സുകാരൻ ഫൂട്ട. നവംബർ 17 -നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ ഈ ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെക്കോർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാനും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാനുമായി നൂറുകണക്കിന് ആളുകളാണ് ചിബ സിറ്റി മൃഗശാലയിലേക്ക് എത്തിയത്.

സാധാരണയായി റെഡ് പാണ്ടകളുടെ ശരാശരി ആയുസ്സ് 12 മുതൽ 17 വർഷം വരെയാണ്. എന്നാൽ, 23 വർഷവും 135 ദിവസവും പിന്നിട്ടാണ് ഫൂട്ട ലോകത്തെ വിസ്മയിപ്പിച്ചത്. അമേരിക്കയിലെ സൂമൊണ്ടാനയിലുണ്ടായിരുന്ന 'ടെയ്‌ലർ' എന്ന റെഡ് പാണ്ടയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫൂട്ട പഴങ്കഥയാക്കിയത്. 21 വർഷവും 265 ദിവസവുമായിരുന്നു ടെയ്‌ലറിന്റെ പ്രായം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പരസ്യങ്ങളിലും തിളങ്ങിയ താരം

2003 ജൂലൈ അഞ്ചിന് ഷിസുവോക്ക മുനിസിപ്പൽ നിഹോണ്ടൈറ മൃഗശാലയിലാണ് ഫൂട്ട ജനിച്ചത്. പിതാവായ ഫുഫുവിന്റെ പേരിൽ നിന്നാണ് ഫൂട്ടയ്ക്ക് ഈ പേര് ലഭിച്ചത്. തുടർന്ന് 2004-ൽ ചിബ മൃഗശാലയിലേക്ക് മാറ്റിയ ഫൂട്ട ഇപ്പോഴും അവിടെയാണ് കഴിയുന്നത്. 2005-ൽ രണ്ട് പിൻകാലുകളിൽ നിവർന്നുനിൽക്കുന്ന ഫൂട്ടയുടെ പ്രത്യേക ശൈലി ജപ്പാനിലുടനീളം വലിയ തരംഗമായിരുന്നു. ഈ വ്യത്യസ്തമായ നിൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒരു ശീതളപാനീയത്തിന്റെ പരസ്യത്തിലും ഫൂട്ടയെ ഉൾപ്പെടുത്തിയിരുന്നു.

അനിമൽ സയൻസ് മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി മൃഗശാല അധികൃതർക്ക് സർട്ടിഫിക്കറ്റ് കൈമാറി. സർട്ടിഫിക്കറ്റിന് മുന്നിൽ നിൽക്കുന്ന ഫൂട്ടയുടെ മനോഹരമായ ചിത്രവും ചിബ സിറ്റി മൃഗശാല തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇടയ്ക്കിടെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഫൂട്ട ഇപ്പോഴും ഊർജ്വസ്വലനാണ്. കാലാവസ്ഥ അനുകൂലമല്ലാത്ത സമയങ്ങളിൽ പുറത്തിറങ്ങുന്നതിനേക്കാൾ അകത്ത് കഴിയാനാണ് ഫൂട്ടയ്ക്ക് പൊതുവെ താൽപര്യമെന്നാണ് മൃ​ഗശാല അധികൃതർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

94 ലക്ഷം രൂപയുടെ ആഡംബര വാച്ചുമായി എത്തി; ഡൽഹിയിൽ യാത്രക്കാരൻ അറസ്റ്റിൽ
സീറോ സിവിക് സെൻസ്; ഫിൻലൻഡിൽ ട്രാം ടിക്കറ്റ് എടുക്കേണ്ടെന്ന് ഇന്ത്യൻ യാത്രക്കാരൻ, കടുത്ത വിമർശനം