102 ഡിഗ്രി പനിയിലും സ്കൂളിലെത്തും; ഇത് 17 വര്‍ഷമായി ഒരു ദിവസം പോലും ക്ലാസ് മുടക്കാത്ത വിദ്യാര്‍ത്ഥി..

By Web TeamFirst Published Mar 15, 2019, 5:19 PM IST
Highlights

കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഒരു ദിവസം പോലും ക്ലാസുകള്‍ മുടക്കാതെ നോക്കുന്ന ഒരു വിദ്യാര്‍ത്ഥി. എല്‍.കെ.ജി മുതല്‍ തുടങ്ങിയ ശീലം ഇപ്പോള്‍ ബിരുദാനന്തരബിരുദത്തിലും തുടരുകയാണ് ഈ യുവാവ്.

ചെറിയൊരു ജലദോഷം വന്നാല്‍, മഴയൊന്നു പെയ്താല്‍... അന്ന് സ്‌കൂളിലും കോളേജിലും പോകേണ്ടതില്ലെന്ന് തീരുമാനിക്കുന്നവരാകും നമ്മള്‍ പലരും. എന്നാല്‍ കഴിഞ്ഞ 17 വര്‍ഷമായി ഒരു ദിവസം പോലും ക്ലാസുകള്‍ മുടക്കിയിട്ടില്ലാത്ത ഒരാളുണ്ടെങ്കിലോ? ചെന്നൈ സ്വദേശിയായ ജി.വി വിനോദ് കുമാറാണ് ഈ റെക്കോഡിനുടമ.

102 ഡിഗ്രി പനിയുണ്ടായിരുന്ന ദിവസങ്ങളില്‍ പോലും രണ്ടര മണിക്കൂര്‍ ബസില്‍ യാത്ര ചെയ്ത് കോളേജില്‍ പോയിവന്നിട്ടുള്ള ദിവസങ്ങളുണ്ടെന്ന് വിനോദ് ഓര്‍ക്കുന്നു. 2015 -ല്‍ ചെന്നൈയില്‍ പ്രളയവും 2016 -ല്‍ വര്‍ദ ചുഴലിക്കാറ്റും ആഞ്ഞടിച്ചപ്പോഴും വിനോദിന്റെ നിശ്ചയദാര്‍ഢ്യം തെല്ലും ഉലഞ്ഞില്ല. അന്നൊക്കെ ഔദ്യാഗികമായി കോളേജ് അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങുന്നത് വരെ വിനോദ് കോളേജിലെത്തുമായിരുന്നു. പല സന്ദര്‍ഭങ്ങളിലും വിനോദ് ക്ലാസില്‍ തീര്‍ത്തും ഒറ്റയ്ക്കുമായിരുന്നു.

എല്‍.കെ.ജി മുതല്‍ തുടങ്ങിയ ശീലമാണ് എല്ലാ ദിവസവും മുടങ്ങാതെ സ്‌കൂളില്‍ പോവുക എന്നത്. അധ്യാപകനായ അച്ഛനും അമ്മയും നല്‍കുന്ന പ്രചോദനം തന്നെയാണ് വിനോദിനെ ഇതിന് സഹായിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ കൈവരിച്ച നേട്ടം ഒറ്റദിവസത്തെ അലസത കൊണ്ടു പോലും തച്ചുടയ്ക്കാന്‍ വിനോദ് ഒരുക്കമല്ല.

പ്ലസ് ടു കഴിഞ്ഞപ്പോള്‍ കലൈമഗള്‍ വിദ്യാലയ മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപകരാണ് ആദ്യമായി വിനോദിന് സമ്പൂര്‍ണ അറ്റന്‍ഡന്‍സിനുള്ള അവാര്‍ഡ് നല്‍കുന്നത്. അപ്പോഴാണ് ഈ ശീലം ഒരു റെക്കോഡിലേക്ക് എന്തുകൊണ്ട് എത്തിച്ചുകൂടാ എന്ന് വിനോദിന് തോന്നിയത്. അങ്ങനെ ഒരു ദിവസം പോലും മുടങ്ങാതെ ഡിഗ്രിയും പാസായി 17 വര്‍ഷം തികച്ചു.

നൂറുശതമാനം ഹാജരിനുള്ള പത്തൊമ്പത് സര്‍ട്ടിഫിക്കറ്റുകളാണ് ഈ 21 -കാരന്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 'ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സി'ലും 'ഗിന്നസ് ബുക്കി'ലും കയറിപ്പറ്റാനാണ് വിനോദിന്റെ ശ്രമം. ഇപ്പോള്‍ ചെന്നൈയിലെ റോയപ്പേട്ടയിലുള്ള എം.ഇ.എ.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.സി.എ -ക്ക് പഠിക്കുകയാണ് വിനോദ്. ബിരുദാനന്തരബിരുദം പൂര്‍ത്തിയാകുമ്പോഴേക്കും തന്റെ റെക്കോഡ് 19 വര്‍ഷമാക്കി തിരുത്താനാണ് വിനോദിന്റെ ശ്രമം. അധ്യാപകരുടെയും സഹപാഠികളുടെയും കോളേജ് മാനേജ്‌മെന്റിന്റെയുമെല്ലാം പിന്തുണ വിനോദിനുണ്ട്.

എന്നാല്‍ ഈ ആത്മാര്‍ത്ഥയ്ക്ക് അതിന്റേതായ വിലയും വിനോദ് നല്‍കുന്നുണ്ട്. സുഹ്യത്തുക്കളോടൊപ്പം അവധിയെടുത്ത് യാത്ര ചെയ്യാനും ഓര്‍മകളുടെ ഭാഗമാകാനുമൊന്നും വിനോദിന് കഴിഞ്ഞിട്ടില്ല. എങ്കിലും അവധി ദിവസങ്ങള്‍ക്കായി കാത്തിരുന്ന് തന്നെയും കൂട്ടി യാത്ര പോകുന്ന ഒരുപിടി ആത്മാര്‍ത്ഥ സുഹ്യത്തുക്കള്‍ വിനോദിനുണ്ട്.

തമിഴ്‌നാട് പി.എസ്.സി പാസായി ഗവണ്‍മെന്റ് ജോലി നേടാനാണ് വിനോദ് ആഗ്രഹിക്കുന്നത്. ഒരു ദിവസം പോലും മുടങ്ങാത്ത തന്റെ ഈ ശീലം, ഭാവിയില്‍ ജനസേവനത്തിലും ഉപകരിക്കുമെന്നാണ് വിനോദിന്റെ കണക്കുകൂട്ടല്‍.

click me!