
ഗണേശോത്സവം ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്കാരുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചരിക്കാറുണ്ട്. ഇത്തരം ആഘോഷങ്ങളുടെ വീഡിയോകൾ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ വ്യാപകമായ വിമർശനങ്ങൾക്ക് ഇടവരുത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നുള്ളതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ. വീഡിയോയിൽ ഒരു കൂട്ടം വിശ്വാസികൾ ഗണപതി വിഗ്രഹം നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അതിനു സമീപത്തായി ഏതാനും അരയന്നങ്ങൾ ഉള്ളതും വീഡിയോയിൽ കാണാം.
എന്നാൽ, സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളും ആശങ്കകളും ആണ് ഉയർന്നിരിക്കുന്നത്. ഒരാൾ കുറിച്ചിരിക്കുന്നത്: 'നിങ്ങൾ ഇന്ത്യയുടെ ജലാശയങ്ങൾ മുഴുവൻ മലിനമാക്കി. ഇനി അന്താരാഷ്ട്ര ജലാശയങ്ങൾ കൂടി മലിനമാക്കരുത്. ഭൂമിയെ സംരക്ഷിക്കണം. അതാണ് വിലമതിക്കാനാവാത്തത്' എന്നാണ്.
മറ്റൊരാൾ കുറിച്ചത്, 'കുറഞ്ഞപക്ഷം ഗണപതി വിഗ്രഹത്തിൽ ധരിപ്പിച്ചിരിക്കുന്ന അലങ്കാരങ്ങൾ എങ്കിലും നീക്കം ചെയ്യണം' എന്നായിരുന്നു. അത് അരയന്നങ്ങൾക്കും മറ്റ് ജലജീവികൾക്കും അപകടം സൃഷ്ടിക്കും എന്നും ഗുരുതരമായ ജലമലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരാൾ അഭിപ്രായപ്പെട്ടത്, 'ദൈവമാണ് പ്രകൃതി, ദയവായി പ്രകൃതിയെ മലിനമാക്കരുത്' എന്നുമായിരുന്നു. അങ്ങനെ ചെയ്താൽ ഗണപതി ഭഗവാൻ തന്നെ കോപിക്കുമെന്നും കമന്റിൽ പറയുന്നു. ഇത്തരം നിമജ്ജനങ്ങൾക്ക് മണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും രാസവസ്തുക്കളാൽ നിറഞ്ഞ ശില്പങ്ങൾ നദിക്ക് ഭാരം ആണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരം അനുഷ്ഠാനങ്ങൾ കൃത്രിമ ജലാശയങ്ങളിൽ നടത്തി പ്രകൃതിയിലെ സ്വാഭാവിക ജലാശയങ്ങളെ വെറുതെ വിടണമെന്നും അഭിപ്രായമുയർന്നു.
ഏതായാലും വലിയ വിമർശനങ്ങൾക്കാണ് ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുന്നത്. പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത ആചാരങ്ങൾ സ്വീകരിച്ച് പ്രകൃതിയോടുള്ള ബഹുമാനത്തിൽ എല്ലാവരും മുന്നോട്ടു പോകണമെന്ന് പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു.
അതേസമയം, ഇത് കള്ളിമണ്ണിൽ നിർമ്മിച്ച ഗണപതിയാണ് എന്നും അനുമതിയോടെയാണ് നിമജ്ജനം നടത്തിയത് എന്നുമായിരുന്നു വീഡിയോ ഷെയർ ചെയ്ത യുവാവിന്റെ പ്രതികരണം.