Latest Videos

ആറ് മാസത്തിനുള്ളില്‍ ആറ് കൊല; അമേരിക്കയിലെ സീരിയല്‍ കില്ലറിന്‍റെ വധശിക്ഷ ഇന്ന്

By Web TeamFirst Published Aug 22, 2019, 12:05 PM IST
Highlights

ഗാരി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും അതിനുശേഷം അയാളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുള്ള അഞ്ച് മാസങ്ങളിലായി അഞ്ച് കൊലപാതകങ്ങള്‍ കൂടി ഗാരി നടത്തി. 

ന്ന് വൈകുന്നേരം ആറ് മണിക്ക് ഗാരി റേ ബാള്‍സ് എന്ന സീരിയല്‍ കില്ലറിന്‍റെ വധശിക്ഷ ഫ്ലോറിഡയില്‍ നടപ്പിലാക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി എന്നാണ് ഗാരി റേ ബാള്‍സ് അറിയപ്പെടുന്നത്. എട്ട് മാസത്തിനിടെ നടത്തിയത് ആറ് കൊലപാതകങ്ങള്‍. 22 വര്‍ഷത്തിന് ശേഷം വധശിക്ഷ. ചരിത്രത്തിലെ തന്നെ സമാനതകളേതുമില്ലാത്ത കൊലയാളി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗാരിയെ വിശേഷിപ്പിച്ചിരുന്നത്. 

ഗാരി ചെയ്ത കൊലകളൊന്നും തന്നെ ന്യായീകരിക്കുന്നില്ല. പക്ഷേ, രാജ്യം സ്‍പോണ്‍സര്‍ ചെയ്യുന്ന അരുംകൊലയാണ് വധശിക്ഷ. അതിനാല്‍ ഗാരിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ ഗാരിയുടെ വധശിക്ഷ നടപ്പിലാക്കപ്പെടാന്‍ പോവുകയാണ്. 

വെര്‍ജീനിയയിലാണ് ഗാരിയുടെ ജനനം. അച്ഛന്‍ ഒരു കല്‍ക്കരിത്തൊഴിലാളിയായിരുന്നു. കല്‍ക്കരിത്തൊഴിലാളികളില്‍ കണ്ടുവരുന്ന കറുത്ത ശ്വാസകോശ രോഗം കാരണം അദ്ദേഹം മരണമടഞ്ഞതോടെ ഗാരിയുടെ അമ്മ വേറെ വിവാഹം ചെയ്തു. രണ്ടാനച്ഛന്‍, ഗാരിയേയും സഹോദരനെയും അമ്മയേയും ഉപദ്രവിക്കുമായിരുന്നു. പതിമൂന്നാമത്തെ വയസ്സുവരെ ഗാരി രണ്ടാനച്ഛനാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അപ്പോഴേക്കും ഗാരി തിരികെ പ്രതികരിച്ചു തുടങ്ങിയിരുന്നു. പലതവണ ഇയാളെ ഗാരി പരിക്കേല്‍പ്പിച്ചു. അയാളുടെ കൂടെയുള്ള അമ്മയുടെ ജീവിതം ചോദ്യം ചെയ്ത് ദേഷ്യപ്പെട്ട് ഗാരി അധികം വൈകാതെ വീടുവിട്ടിറങ്ങി. പിന്നീടുള്ള കുറച്ച് വര്‍ഷങ്ങള്‍ അയാള്‍ വീടില്ലാതെ കഴിഞ്ഞു. ജീവിക്കാനുള്ളത് കണ്ടെത്തിയത് ശരീരം വിറ്റിട്ടായിരുന്നു. 

1982 -ല്‍ പെണ്‍സുഹൃത്തിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ ഇയാള്‍ അറസ്റ്റിലായി. ആറ് വര്‍ഷം തടവായിരുന്നു ശിക്ഷ. 1991 -ല്‍ ഒരു വൃദ്ധയുടെ പണം മോഷ്ടിച്ചതിന് വീണ്ടും അറസ്റ്റ്. നാല് വര്‍ഷം തടവായിരുന്നു ശിക്ഷയെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ മോചിപ്പിക്കപ്പെട്ടു. 

1994 മാര്‍ച്ച് 15-നാണ് ഗാരി ആദ്യത്തെ കൊലപാതകം നടത്തുന്നത്. 59 വയസ്സുള്ള ജോണ്‍ ഹാര്‍ഡി റോബര്‍ട്ട്സായിരുന്നു ഹാരിയുടെ ആദ്യത്തെ ഇര. ഫ്ലോറിഡയിലെ daytona ബീച്ചില്‍വെച്ചാണ് കൊല നടന്നത്. ഗാരി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും അതിനുശേഷം അയാളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുള്ള അഞ്ച് മാസങ്ങളിലായി അഞ്ച് കൊലപാതകങ്ങള്‍ കൂടി ഗാരി നടത്തി. ഡേവിഡ് ഹാര്‍മാന്‍ (38), മില്‍ട്ടണ്‍ ബ്രാഡ്‍ലി (72), ആല്‍വസണ്‍ (47), ആല്‍ബര്‍ട്ട് മോറിസ് (38), വാള്‍ട്ടണ്‍ ഹില്‍ട്ടണ്‍ എന്നിവരായിരുന്നു വിവിധയിടങ്ങളിലായി ഗാരിയാല്‍ കൊല്ലപ്പെട്ടത്. ഓരോരുത്തരോടും സ്നേഹം നടിച്ച് അടുത്തുകൂടുക, ബന്ധത്തിലാവുക, പിന്നീട് ക്രൂരമായി കൊല ചെയ്യുക എന്നതായിരുന്നു ഗാരിയുടെ രീതി. 

ഇരകളുടെ വായില്‍ മഞ്ഞുകട്ട, ചെളി, ടോയ്‍ലെറ്റ് പേപ്പര്‍ എന്നിവയെല്ലാം തിരുകുമായിരുന്നു ഗാരി. അതിക്രൂരമായിട്ടായിരുന്നു ഓരോരുത്തരും കൊലചെയ്യപ്പെട്ടത്. അമിതമായി മദ്യപിക്കുമായിരുന്ന ഗാരി കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്തവരെല്ലാം സ്വവര്‍ഗാനുരാഗികളായിരുന്നു. 1994 നവംബര്‍ 17-നാണ് അവസാനത്തെ കൊലപാതകം ഗാരി നടത്തിയത്. അവസാനത്തെ ഇര വാള്‍ട്ടര്‍ ഹില്‍ട്ടണായിരുന്നു. ഹില്‍ട്ടണിന്‍റെ കൊല തെളിഞ്ഞതോടെയാണ് ഗാരി അതുവരെ നടത്തിയ അഞ്ച് കൊലപാതകങ്ങള്‍ കൂടി തെളിഞ്ഞത്. കല്ലുരുട്ടി മുഖത്തിട്ടായിരുന്നു ഹില്‍ട്ടണെ ഗാരി കൊലപ്പെടുത്തിയത്. ഹില്‍ട്ടണിന്‍റെ സഹോദരി നടത്തിയ വെളിപ്പെടുത്തലാണ് ഗാരിയുടെ അറസ്റ്റിലേക്കെത്തുന്നത്. തിമോത്തി എന്ന പേരിലായിരുന്നു ഗാരി വാള്‍ട്ടണൊപ്പം കഴിഞ്ഞിരുന്നത്. വാള്‍ട്ടണിന്‍റെ സഹോദരിയാണ്, തിമോത്തി എന്നൊരാള്‍ തന്‍റെ സഹോദരനൊപ്പം കൊല്ലപ്പെടുന്നതിന് മുമ്പ് കഴിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. അങ്ങനെ അന്വേഷണം ഗാരിയിലേക്ക് നീങ്ങുകയും ഗാരി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാരിയുടെ വധശിക്ഷയെ എതിര്‍ത്തുവെങ്കിലും വധശിക്ഷയേക്കാള്‍ കുറഞ്ഞൊരു ശിക്ഷ ഗാരിക്ക് നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പ്രൊസിക്യൂഷന്‍റേത്. 
 

click me!