
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ, ഒരു ജെൻ സി ജീവനക്കാരൻ തൻ്റെ സ്ഥാപകന് അയച്ച ഒറ്റവരി അവധി സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. വളച്ചുകെട്ടില്ലാത്ത, നേർക്കുനേർ സംസാരിക്കുന്ന ജെൻ സി ജീവനക്കാർ കോർപ്പറേറ്റ് ലോകത്തെ സമീപിക്കുന്ന രീതിയെയാണ് ഈ സംഭവം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരുന്നത്.
പ്ലാൻ്റ് അധിഷ്ഠിത കിഡ്‌സ്‌വെയർ ബ്രാൻഡായ കിഡ്‌ബിയയുടെ (Kidbea) സ്ഥാപകനായ സ്വപ്‌നിൽ ശ്രീവാസ്തവയാണ് (Swapnil Srivastav) തനിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചത്. ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ജീവനക്കാരൻ്റെ ഈ 'കമാൻഡ്' രൂപത്തിലുള്ള അവധി അപേക്ഷ.
കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജോലിക്ക് വരാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. സാധാരണയായി കാണുന്ന 'അഭ്യർത്ഥിക്കുന്നു' എന്ന രീതിക്ക് പകരം, ജീവനക്കാരൻ അയച്ച സന്ദേശം വളരെ ലളിതമായിരുന്നു.
ജീവനക്കാരൻ്റെ സന്ദേശം ഇങ്ങനെ;
“I won't be able to work today, my eyes are burning.”
(എനിക്ക് ഇന്ന് ജോലി ചെയ്യാൻ കഴിയില്ല, എൻ്റെ കണ്ണുകൾ എരിയുന്നു)
അവധിക്കായി 'അഭ്യർത്ഥിക്കുന്നതിന്' പകരം വിവരം അറിയിക്കുക മാത്രം ചെയ്യുന്ന ഈ സന്ദേശം, പുതിയ തലമുറയുടെ തൊഴിൽ സമീപനത്തെ വ്യക്തമാക്കുന്നുവെന്ന് സ്ഥാപകൻ ചൂണ്ടിക്കാട്ടി.
സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സ്ഥാപകനായ സ്വപ്‌നിൽ ശ്രീവാസ്തവ കുറിച്ചത് ഇങ്ങനെയാണ്: “ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തിനിടയിൽ, ഇന്ന് എൻ്റെ ജീവനക്കാരിൽ നിന്ന് എനിക്കൊരു 'ഉത്തരവ്' ലഭിച്ചു. ജെൻ സികൾ ശരിക്കും നേരിട്ടുള്ള സമീപനക്കാരാണ്” എന്നായിരുന്നു പ്രതികരണം.
ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നെങ്കിലും, ഭൂരിഭാഗം ആളുകളും ഈ നേർക്കുനേർ സമീപനത്തെ പ്രശംസിച്ചു. ജെൻ സി ജീവനക്കാർ നാടകങ്ങളോ കെട്ടിച്ചമച്ച ഒഴികഴിവുകളോ ഇല്ലാതെ കാര്യങ്ങൾ തുറന്നുപറയുന്നതിനെയാണ് സോഷ്യൽ മീഡിയ അഭിനന്ദിച്ചത്.
ജെൻ സികളുടെ ഈ സത്യസന്ധമായ ആശയവിനിമയ ശൈലി, സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഇടയിൽ കൂടുതൽ സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന കാഴ്ചപ്പാടാണ് പോസ്റ്റിൻ്റെ താഴെ നടന്ന ചർച്ചകളിൽ ഉയർന്നുവന്നത്. നവംബർ 24-ന് പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം 1.83 ലക്ഷത്തിലധികം വ്യൂസ് നേടുകയും നിരവധി കമൻ്റുകൾ ലഭിക്കുകയും ചെയ്തു.