
നന്നായി ഒന്ന് ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സമാധാനമായി ഉറങ്ങാൻ പുത്തൻ വഴികൾ തേടുകയാണ് പുതിയ തലമുറ. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് 'പൊട്ടറ്റോ ബെഡ്'.
പേര് കേൾക്കുമ്പോൾ ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കിയ ബെഡ് ആണെന്ന് കരുതരുത്. ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങ് അതിന്‍റെ തൊലിയിൽ പൊതിഞ്ഞിരിക്കുന്നത് പോലെ, ഒരാൾക്ക് ചുറ്റും മൃദുവായ തലയിണകളും പുതപ്പുകളും അടുക്കിവെച്ച് ഒരു പ്രത്യേക രീതിയിൽ കിടക്കുന്നതിനെയാണ് 'പൊട്ടറ്റോ ബെഡ്' എന്ന് വിളിക്കുന്നത്. ഒരു മരപ്പൊത്തിനുള്ളിലോ അല്ലെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിനുള്ളിലോ ഇരിക്കുന്നത് പോലെയുള്ള സുരക്ഷിതത്വവും സുഖവുമാണ് ഇത് നൽകുന്നതെന്നാണ് അവകാശവാദം.
ഇതൊരുക്കുന്നതിന് വലിയ ശാസ്ത്രമൊന്നും ആവശ്യമില്ല, നമുക്ക് തന്നെ വീട്ടിൽ ചെയ്യാവുന്നതേയുള്ളൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
1.ഒരു നല്ല മെത്ത തെരഞ്ഞെടുക്കുക.
2,അതിന് ചുറ്റും പല വലിപ്പത്തിലുള്ള മൃദുവായ തലയിണകളും കുഷ്യനുകളും അടുക്കി വെക്കുക.
3.നടുവിൽ ഒരാൾക്ക് കിടക്കാൻ പാകത്തിന് സ്ഥലം ഒഴിച്ചിടുക.
4. പഞ്ഞി പോലെയുള്ള പുതപ്പുകൾ ഉപയോഗിച്ച് ശരീരം നന്നായി പൊതിയുക.
മാനസിക സമ്മർദ്ദം കുറയ്ക്കാനും പെട്ടെന്ന് ഉറക്കം വരാനും ഈ രീതി സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചുറ്റും തലയിണകൾ വെച്ച് കിടക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ഒരു പ്രത്യേക സമ്മർദ്ദം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഉത്കണ്ഠ അനുഭവിക്കുന്നവർക്ക് ഇത് ആശ്വാസം നൽകുന്നു.
ഇതൊരു താൽക്കാലികമായ ആശ്വാസം നൽകുന്ന ഒന്നാണെന്നാണ് ജീവിതശൈലീ വിദഗ്ധർ പറയുന്നത്. ഇതൊരു സ്ഥിരമായ ഉറക്ക പരിഹാരമല്ലെങ്കിലും, അല്പനേരം വിശ്രമിക്കാനും മനസ്സിനെ റീചാർജ് ചെയ്യാനും 'പൊട്ടറ്റോ ബെഡ്' മികച്ചതാണ്. മുംബൈയിലെ പ്രമുഖ ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഇത്തരം സുരക്ഷിതമായ അന്തരീക്ഷം തലച്ചോറിലെ സമാധാനത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കും.
ജെൻ സി തലമുറക്കിടയിൽ ഈ ട്രെൻഡ് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് വെറുമൊരു സോഷ്യൽ മീഡിയ തരംഗം മാത്രമാണോ അതോ ഉറക്കത്തിന്‍റെ രീതിയിൽ വലിയ മാറ്റമുണ്ടാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.