'പൂക്കി മുതൽ ട്രാഡ് വൈഫ് വരെ'! കേംബ്രിഡ്ജ് ഡിക്ഷ്ണറിയിൽ കയറിപ്പറ്റിയ ജെൻ- Z വാക്കുകൾ, അറിയാം പുതുതലമുറ വാക്കുകളുടെ യാത്ര

Published : Sep 27, 2025, 02:33 PM IST
Gen Z

Synopsis

ആശ്ചര്യവും അത്ഭുതവും ഉളവാക്കുന്നതാണ് പുതിയ ജെനറേഷൻ വാക്കുകൾ. ജെന്‍സി വാക്കുകളും രീതികളും കഴിഞ്ഞ തലമുറകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഈ രീതികളും പ്രയോഗങ്ങളും തിരിച്ചറിഞ്ഞില്ലെങ്കില്‍ പുതുതലമുറയോടുള്ള ആശയവിനിമയം ബാലി കേറാ മലയാകുമെന്നുറപ്പ്.

ആശ്ചര്യവും അത്ഭുതവും ഉളവാക്കുന്നതാണ് പുതിയ ജെനറേഷൻ വാക്കുകൾ. സോഷ്യൽ മീഡിയയില്‍ വലിയ പ്രചാരം നേടുന്ന ഇത്തരം 6000ത്തോളം വാക്കുകളാണ് അടുത്തിടെ കേംബ്രിഡ്ജ് ഡിക്ഷ്ണറി അതിൻറെ ഓൺലൈൻ പതിപ്പിൽ ചേർത്തത്. എവിടുന്നാണ് ഈ വാക്കുകള്‍ ഉത്ഭവിച്ചത്, എങ്ങനെയായിരിക്കാം ഇവ പുതുതലമുറയിലേക്കെത്തിയത്. അറിയാം ജെൻ സി വാക്കുകളുടെ യാത്ര...

പുതുതലമുറയുടെ വാക്കുകൾ പരിചയപ്പെടുന്നതിന് മുമ്പ് എന്താണ് ജെൻ സിയെന്നും ജെൻ ആൽഫയെന്നും പരിശോധിക്കാം. സമാന കാലഘട്ടത്തിൽ വളരുന്നവര്‍ പലകാര്യങ്ങളിലും സമാന സ്വഭാവം കാണിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ കാഴ്ചപ്പാടുകള്‍, ഇടപെടലുകള്‍, ശീലങ്ങള്‍, വെല്ലുവിളികൾ എന്നിവയില്‍ സാമ്യം കാണാന്‍ സാധിക്കും. ഈ പ്രത്യേകതയാണ് ഒരു പ്രത്യേക കാലഘട്ടത്തില്‍ വളരുന്നവരെ പ്രത്യേക പേരില്‍ വിളിക്കാന്‍ കാരണമാകുന്നത്. അത്തരത്തില്‍ 1960കളുടെ ഒടുവിലും 70ലും വളര്‍ന്നവരെയാണ് ജെനറേഷന്‍ എക്സ് എന്ന് വിളിക്കുന്നത്. 80കളുടെ ഒടുവിലും 90ലും ഉള്ളവരെ ജെനറേഷന്‍ വൈ എന്ന് വിളിക്കുന്നു. ഈ ജെനറേഷന്‍ വൈക്ക് മിലെനിയല്‍സ് എന്നും നയന്‍റീസ് കിഡ്സ് എന്നൊക്ക് വിളിപ്പേരുണ്ട്. ഈ രീതി തുടരുന്നവര്‍ പോകുന്നതാണ് ജെന്‍ സി (ജെനറേഷന്‍ z) എന്ന പേരിന്‍റെ അടിസ്ഥാനം. 90കളുടെ അവസാനകാലത്തും 2000ത്തിലും വളര്‍ന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2000ത്തിനു ശേഷം ഉള്ള തലമുറയെ ജെന്‍ ആല്‍ഫ എന്നും വിളിക്കുന്നു.

2000ത്തിലും അതിനു ശേഷവുമുളള തലമുറയില്‍ നവമാധ്യമങ്ങള്‍ ചെലുത്തിയ വലിയ സ്വാധീനം പുത്തന്‍ പദപ്രയോഗങ്ങളും ആംഗ്യങ്ങളും പ്രത്യേക അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന ഇമോജികളും ആശയ വിനിമയത്തിന് ഉപയോഗിക്കാന്‍ പ്രധാന കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് തള്ളവിരലും ചൂണ്ടു വിരലും കുറുകെ പിടിച്ച് ചെറിയൊരു ഹാര്‍ട്ട് ചിഹ്നം ഉണ്ടാക്കുന്ന രീതി ഇന്ന് വ്യാപകമാണ്. ഈ ചിഹ്നത്തിന്‍റെ യാത്ര ആരംഭിക്കുന്നത് കൊറിയയില്‍ നിന്നാണ്. കൊറിയന്‍ പോപ്പ് ഗായകര്‍ 90കളില്‍ അവരുടെ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണിത്. അതു തന്നെയാണ് ഈ ചിഹ്നത്തിന്‍റെ അര്‍ത്ഥവും.

ജെന്‍ സിയും ജെന്‍ ആല്‍ഫയും ഉപയോഗിക്കുന്ന ഈ വാക്കുകൾക്ക് ഏകപ്പെട്ട ഒരു ഉറവിടം ഇല്ല. പോപ്പുലര്‍ സംഗീതം, നവമാധ്യങ്ങള്‍, ഗെയിമുകള്‍, അനിമേകള്‍ എന്നിങ്ങനെ ഇവര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മാധ്യമങ്ങളില്‍ നിന്നാണ് പ്രധാനമായും ഈ വാക്കുകള്‍ ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് ഏറെ പ്രചാരം നേടിയ ‘സ്കിബിഡി’ എന്ന വാക്ക് ഉണ്ടാകുന്നത് അലക്സി ജെറാസിമോവ് എന്ന വ്യക്തി 2023ല്‍ യുട്യൂബില്‍ പുറത്തിറക്കിയ സ്കിബിഡി ടോയിലറ്റ് എന്ന അനിമേഷന്‍ സീരിസിലൂടെയാണ്. ടോയ്ലറ്റില്‍ നിന്ന് ഒരു തല പുറത്തേക്ക് ഉയര്‍ന്നു വരുന്ന അനിമേഷന്‍ വീഡിയോ ആണിത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടിയ ഈ വീഡിയോയില്‍ നിന്നാണ് സ്കിബിഡി എന്ന ജെന്‍ സി വാക്ക് ജനിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് എന്ത് അര്‍ത്ഥം വേണമെങ്കിലും നല്‍കാവുന്ന വാക്കാണിത്. നല്ല വാക്കായും മോശം വാക്കായും സ്കിബിഡി ഉപയോഗിക്കുന്നുണ്ട്. സ്കിബിഡിക്ക് കൂള്‍, ബാഡ് തുടങ്ങിയ അര്‍ഥങ്ങളാണ് ഡിക്ഷ്ണറിയില്‍ നല്‍കിയിരിക്കുന്നത്.

പൂക്കി എന്ന് വാക്കും ഏറെ പ്രചാരത്തിലുള്ളതാണ്. പൂക്കി എന്നാല്‍ സൗന്ദര്യമുള്ളത് എന്നാണ് അര്‍ത്ഥം. കണ്ടന്‍റ് ക്രിയേറ്ററായ പ്രയാഗ് മിശ്ര സോഷ്യല്‍ മീഡിയയിൽ ഉപയോഗിച്ച ബിഗ് പൂക്കി എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ജെന്‍ സിയിലേക്കെത്തുന്നത്. 2023 ഓക്സോഫോര്‍ഡിന്‍റെ വേര്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ വാക്കാണ് റിസ്. വ്യക്തി പ്രഭാവത്തെ സൂചിപ്പിക്കുന്ന വാക്കാണിത്. ഇവ കൂടാതെ പരമ്പരാഗതമായ ഭാര്യയുടെ റോൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ സൂചിപ്പിക്കാന്‍ ട്രഡീഷണല്‍ വൈഫ് എന്നതിന്റെ ചുരുക്ക രൂപമായാ ട്രാഡ് വൈഫ്, യഥാര്‍ഥമോ സത്യമോ ആയ കാര്യം വിശ്വസിക്കുക എന്ന അര്‍ത്ഥത്തില്‍ ഡെല്യൂഷന്‍ എന്ന വാക്കിന്റെ ചുരുക്ക രൂപമായ ഡെലുലു എന്നിങ്ങനെ നിരവധി വാക്കുകള്‍ പ്രചാരത്തിലുണ്ട്.

ഇതുകൂടാതെ വികാര വ്യത്യസങ്ങളുടെ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന ഇമോജികളും നിരവധിയാണ്. ജെന്‍സി വാക്കുകളും രീതികളും കഴിഞ്ഞ തലമുറകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഈ രീതികളും പ്രയോഗങ്ങളും തിരിച്ചറിഞ്ഞില്ലെങ്കില്‍ പുതുതലമുറയോടുള്ള ആശയവിനിമയം ബാലി കേറാ മലയാകുമെന്നുറപ്പ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?