സ്യൂട്ട്കേസിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതിൽ പിഴവ്, ജീവനോടെത്തി പൊലീസിനെ ഞെട്ടിച്ച് 'മരിച്ച' യുവതി

By Web TeamFirst Published Aug 4, 2020, 5:39 PM IST
Highlights

 പൊലീസ് വിളിച്ചതിൻ പ്രകാരം വാരിഷയുടെ സഹോദരൻ നേരിട്ട് ഗാസിയാബാദിലെത്തി വീണ്ടും അത് തന്റെ സഹോദരി തന്നെ എന്നുറപ്പിച്ചുപറഞ്ഞു. 

കുറച്ചു ദിവസം മുമ്പ് ഗാസിയാബാദ് പൊലീസിന് ഒരു ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്യൂട്ട്കേസ് കിട്ടുന്നു. വല്ല ബോംബുമാണോ എന്ന് ഭയന്നുകൊണ്ടാണ് അവർ അത് തുറന്നു നോക്കിയത്. അതിൽ ഒരു യുവതിയുടെ മൃതദേഹമായിരുന്നു. സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കണ്ടെടുത്ത ഈ മൃതദേഹത്തിന്റെ ചിത്രങ്ങൾ അവർ ജില്ലയിലെ മറ്റുള്ള പൊലീസ് സ്റേഷനുകളുമായി പങ്കിട്ടു. ആ ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിക്കപ്പെട്ട ശേഷം ദില്ലിയിലെ ഒരു കുടുംബം അത് തങ്ങളുടെ മകൾ വാരിഷ അലി ആണെന്നവകാശപ്പെട്ടുകൊണ്ട് ഗാസിയാബാദ് പൊലീസുമായി ബന്ധപ്പെട്ടു. പൊലീസ് വിളിച്ചതിൻ പ്രകാരം വാരിഷയുടെ സഹോദരൻ നേരിട്ട് ഗാസിയാബാദിലെത്തി വീണ്ടും അത് തന്റെ സഹോദരി തന്നെ എന്നുറപ്പിച്ചുപറഞ്ഞു. 

തങ്ങളുടെ മകൾ ഏറെനാളായി ഭർതൃവീട്ടിൽ ഗാർഹികപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കയായിരുന്നു എന്നും, സ്ത്രീധനത്തിന്റെ പേരിൽ അവർ അവളെ കൊന്നുകളഞ്ഞതാകും എന്നുമുള്ള വാരിഷയുടെ കുടുംബത്തിന്റെ പരാതിയുടെ പേരിൽ അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗാസിയാബാദ് പൊലീസ് സ്ത്രീധനപീഡനത്തിനും കൊലപാതകത്തിനും കേസെടുത്തു. വാരിഷയുടെ ഭർത്താവിനും, അച്ഛനമ്മമാർക്കുമെതിരെ പൊലീസ് സ്ത്രീധനത്തിന്റെ പേരിലുള്ള ഹത്യ  304B(2), ഗാർഹിക പീഡനം 498(A) എന്നീ വകുപ്പുകൾ ചേർത്തതാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. 

എന്നാൽ, വാരിഷ അലി ജീവനോടുണ്ട് എന്ന വിവരമാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്. ഈ സ്ഥിരീകരണം ബുലന്ദ്ഷഹർ പൊലീസിൽ നിന്നാണ് ഗാസിയാബാദ് പൊലീസിന് കിട്ടിയത്.  വാരിഷയെ അവളുടെ  ഭർത്താവും വീട്ടുകാരും നിരന്തരം മർദ്ദിക്കുമായിരുന്നു. അതിന്റെ പേരിൽ അവൾ വീടുവിട്ട് ഓടിപ്പോവുകയാണ് ഉണ്ടായത്.  നേരെ പോയത് നോയിഡയിലുള്ള തന്റെ സ്നേഹിതയുടെ വീട്ടിലേക്കാണ്. അവിടെ നിന്ന് അവൾ അലിഗഡിലേക്കും പോയി. അലിഗഢിൽ വെച്ച് വാരിഷ തെരുവിൽ കണ്ട ഒരു കോൺസ്റ്റബിളിനെ തടഞ്ഞു നിർത്തി, "ഞാൻ വാരിഷാ അലി ആണ്, ഞാൻ മരിച്ചിട്ടില്ല എന്ന് പറയുകയാണ് ഉണ്ടായത്. വരിഷയെ ഇപ്പോൾ കണ്ടുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ എന്തായാലും 304B(2) അഥവാ സ്ത്രീധനഹത്യ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും, വാരിഷക്ക് നേരെ മർദ്ദനവും മറ്റും ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഗാർഹിക പീഡനം 498(A) വകുപ്പ് നിലനിർത്തിയിട്ടുണ്ട്. 

എന്നാൽ, ഈ ഘട്ടത്തിൽ സ്യൂട്ട് കേസിൽ മൃതദേഹം കിട്ടിയ കേസിൽ വീണ്ടും തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തിയിരിക്കയാണ് ഗാസിയാബാദ് പൊലീസ്. ഇനി ആ സ്ത്രീ ആരായിരുന്നു എന്നത് അവർക്ക് ആദ്യം മുതൽക്ക് വീണ്ടും അന്വേഷിച്ചു തുടങ്ങേണ്ടതുണ്ട്.

click me!