'പ്രേതങ്ങൾ' അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടോ? ലോകത്തിലെ തന്നെ ഭയപ്പെടുത്തുന്ന ദ്വീപുകളിലൊന്ന്

Published : Mar 27, 2023, 01:24 PM IST
'പ്രേതങ്ങൾ' അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടോ? ലോകത്തിലെ തന്നെ ഭയപ്പെടുത്തുന്ന ദ്വീപുകളിലൊന്ന്

Synopsis

അതുപോലെ പ്രേതവേട്ടക്കാരുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ഇത്. 2016 -ൽ കൊളറാഡോയിൽ നിന്നുള്ള അഞ്ചുപേർ ഒരു വാട്ടർടാക്സിയിൽ ഇവിടെ വന്നെത്തി. പ്രേതകഥകൾ കേട്ട് ഇവിടെ ഒരു രാത്രിയെങ്കിലും തങ്ങണം എന്ന് ഉറപ്പിച്ചാണ് അവർ എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായി അറിയപ്പെടുന്ന ഒരു ദ്വീപുണ്ട്. ഈ ദ്വീപിനെ ചുറ്റിപ്പറ്റി അനേകം കഥകളാണ് ലോകമെമ്പാടും സഞ്ചരിക്കുന്നത്. വടക്കൻ ഇറ്റലിയിലെ വെനീഷ്യൻ ലഗൂണില്‍ വെനീസിനും ലിഡോയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ പേരാണ് പോവ്ഗ്ലിയ. 

1379 -ൽ ഇവിടെ ഒരു യുദ്ധം നടക്കുകയും ആളുകൾ ഓടിപ്പോവുകയും ചെയ്തു എന്നാണ് കരുതുന്നത്. അതുവരെ ഇവിടെ ആൾത്താമസം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. എന്നാൽ, 1776 മുതൽ ഈ ദ്വീപിന്റെ നിയോ​ഗം മറ്റൊന്നായി മാറി. നൂറ് വർഷക്കാലം ഇവിടം പ്ലേ​ഗ് അടക്കമുള്ള മാരകരോ​ഗങ്ങളുള്ളവരെ കൊണ്ടുതള്ളാൻ ഉപയോ​ഗിച്ചിരുന്നു. ആളുകളെ മരിക്കാനായി പാർപ്പിച്ചിരുന്ന ദ്വീപായി പോവ്​ഗ്ലിയ അറിയപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇറ്റലിയിൽ പ്ലേ​ഗ് പടർന്ന് പിടിച്ചപ്പോൾ ആദ്യം ​രോ​ഗം ബാധിച്ചവരെ മറ്റുള്ളവർക്ക് പകരാതിരിക്കാനായി ഇവിടെ എത്തിച്ചു എന്നും ഇവിടെ വച്ച് അവർ മരിച്ചപ്പോൾ അവിടെത്തന്നെ അടക്കം ചെയ്യപ്പെട്ടു എന്നുമാണ് പറയുന്നത്. ഒന്നരലക്ഷത്തോളം രോ​ഗികളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. 

പിന്നീട് വർഷങ്ങൾക്ക് ശേഷം ഇവിടെ മാനസികാരോ​ഗ്യ കുറവുള്ള ആളുകളെ ചികിത്സിക്കുന്നതിനായുള്ള ആശുപത്രി പണിതു. എന്നാൽ, മിക്കവർക്കും അസുഖം കൂടുകയായിരുന്നു. കാരണം വേറൊന്നുമായിരുന്നില്ല, അവിടെ മാനസികരോ​ഗികളിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും നടന്നിരുന്നു. അവരെ ചികിത്സിച്ചിരുന്ന ഡോക്ടറിനും ഒടുവിൽ തന്റെ മാനസികനില കൈമോശം വന്നു എന്ന് പറയുന്നു. ഇവിടെ നേരത്തെ ഒരു മണിയുണ്ടായിരുന്നു. എന്നാൽ, പിന്നീട് അത് നീക്കം ചെയ്തിരുന്നു. പക്ഷേ, നീക്കം ചെയ്ത ശേഷവും ആ മണിയുടെ ശബ്ദം കേൾക്കുമായിരുന്നു എന്ന് അയൽവാസികൾ പറയാറുണ്ടായിരുന്നു. 

അതുപോലെ പ്രേതവേട്ടക്കാരുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ഇത്. 2016 -ൽ കൊളറാഡോയിൽ നിന്നുള്ള അഞ്ചുപേർ ഒരു വാട്ടർടാക്സിയിൽ ഇവിടെ വന്നെത്തി. പ്രേതകഥകൾ കേട്ട് ഇവിടെ ഒരു രാത്രിയെങ്കിലും തങ്ങണം എന്ന് ഉറപ്പിച്ചാണ് അവർ എത്തിയത്. എന്നാൽ, രാത്രിയായതോടെ വിചിത്രമായ ഒരു പേടി അവരെ പിടികൂടിയത്രെ. അവരെല്ലാം നിലവിളിച്ചു കൊണ്ടിരുന്നു എന്നാണ് പറയുന്നത്. ഒടുവിൽ അതുവഴി സഞ്ചരിച്ചിരുന്ന ഒരു കപ്പലിലുള്ളവർ വിവരം നൽകിയതിനെ തുടർന്ന് അധികൃതരെത്തി ഇവരെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു. 

ദ്വീപിന്റെ ചരിത്രം തന്നെ ആയിരിക്കാം ആളുകളെ കൊണ്ട് ഇത്തരത്തിലുള്ള വിചിത്രമായ കഥകൾ പറയിപ്പിക്കുന്നത് എന്നാണ് കരുതുന്നത്. അതുപോലെ, ഇന്ന് ഈ ദ്വീപ് സന്ദർശിക്കണം എന്ന് ആ​ഗ്രഹിച്ചാലും സാധിക്കില്ല. കാരണം അത് എന്നേക്കുമായി അടച്ചിട്ടിരിക്കുകയാണ്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ