
പതിറ്റാണ്ടുകൾ നീണ്ട തിരച്ചിലിന് ശേഷം, വിസ്കോൺസിൻ തീരത്ത് മിഷിഗൺ തടാകത്തിൽ ഏകദേശം 140 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ 'പ്രേത കപ്പലിന്‍റെ' അവശിഷ്ടം ഒടുവിൽ കണ്ടെത്തി. ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പ് വീശിയടിച്ച ഒരു കൊടുങ്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. സ്ക്യൂനെർ വിഭാഗത്തിൽപ്പെടുന്ന, എഫ്ജെ കിംഗ് എന്ന് പേരുള്ള ഒരു വലിയ പായ്ക്കപ്പലായിരുന്നു അത്. വിസ്കോൺസിൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി ഡൈവർ സാക്ക് വിട്രോക്ക് എഫ്ജെ കിംഗിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്ത് വട്ടു.
1886 സെപ്റ്റംബറിൽ മിഷിഗണിൽ നിന്ന് ചിക്കാഗോയിലേക്ക് ഇരുമ്പയിര് കൊണ്ടുപോകുന്നതിനിടെയാണ് എഫ്ജെ കിംഗ് മുങ്ങിയത്. കപ്പലിന്‍റെ കണ്ടെത്തൽ വിസ്കോൺസിൻ ഹിസ്റ്റോറിക്കൽ സൊസൈറ്റിയും വിസ്കോൺസിൻ അണ്ടർവാട്ടർ ആർക്കിയോളജി അസോസിയേഷനും സ്ഥിരീകരിച്ചു. ഗവേഷകനായ ബ്രെൻഡൻ ബെയ്‌ലോഡിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ജൂണിൽ കപ്പല്‍ച്ഛേദം കണ്ടെത്തിയതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
പതിറ്റാണ്ടുകളോളും ഈ കപ്പലിന്‍റെ അവശിഷ്ടങ്ങൾ തേടി മിഷിഗൺ തടാകത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നു. പക്ഷേ, ഒരിക്കല്‍ പോലും കപ്പലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കപ്പൽ മുങ്ങിയത് സംബന്ധിച്ച് നിലനിന്നിരുന്ന ചില വിവരങ്ങളാണ് കപ്പൽ കണ്ടെത്തുന്നത് വൈകിച്ചത്. കപ്പൽ ബെയ്‌ലി ഹാർബറിൽ നിന്ന് ഏകദേശം 5 മൈൽ അകലെ വച്ചാണ് മുങ്ങിയതെന്നായിരുന്നു ഒരു വിവരം. എന്നാല്‍ ഒരു ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാരൻ അദ്ദേഹത്തിന്‍റെ ലൈറ്റ് ഹൗസിന് സമീപത്ത് വച്ചാണ് കപ്പല്‍ മുങ്ങിയതെന്ന് അവകാശപ്പെട്ടു. ആദ്യ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചില കപ്പൽ അവശിഷ്ടങ്ങൾ ഈ വാദത്തെ സാധൂകരിച്ചു. പക്ഷേ, അപ്പോഴും കപ്പൽ മാത്രം കണ്ടെത്താനായില്ല. ഇതോടെ കപ്പൽച്ചേത വേട്ടക്കാർ എഫ്ജെ കിംഗിനെ 'പ്രേതക്കപ്പൽ' എന്ന് വിശേഷിപ്പിച്ച് തുടങ്ങി.
1867-ൽ നിർമ്മിച്ച 144 അടി നീളവും മൂന്ന് കൊടിമരങ്ങളുമുള്ള കൂറ്റന്‍ ചരക്ക് കപ്പൽ, 8-10 അടി ഉയരമുള്ള തിരമാലകളിൽ അകപ്പെട്ടുകയായിരുന്നു. ശക്തമായ കൊടുങ്കാറ്റിൽ കപ്പലിന്‍റെ തടികൊണ്ട് പണിത പുറംഭാഗം പലതായി തകർന്നു. മണിക്കൂറുകളോളം കപ്പലിൽ നിന്നും വെള്ളം പുറത്ത് കളയാന്‍ ശ്രമിച്ചെങ്കിലും കപ്പലിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ കപ്പൽ ജീവനക്കാര്‍ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ കപ്പൽ പെട്ടെന്ന് കടലില്‍ അമർന്നു. എങ്കിലും കപ്പലിലെ ജീവനക്കാരെയെല്ലാം അതുവഴി കടന്ന് പോയ മറ്റൊരു സ്ക്യൂനെർ രക്ഷപ്പെടുത്തി.
ബ്രെൻഡൻ ബെയ്‌ലോഡിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരന്‍റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ ചില സ്കെച്ചുകൾ തയ്യാറാക്കി. അത് ഉപയോഗിച്ച് സൈഡ്-സ്കാൻ സോണാറിന്‍റെ സഹായത്തോടെ ആ പ്രദേശം സ്കാൻ ചെയ്തു. അന്വേഷണത്തിൽ ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രം അകലെ 140 അടി നീളമുള്ള ഒരു കപ്പൽ രൂപം അദ്ദേഹത്തിന് ലഭിച്ചു. പി,ന്നാലെ നടത്തിയ അന്വേഷണത്തില്‍ എഫ്ജെ കിംഗിനെ കണ്ടെത്തി. എന്നാൽ മുങ്ങൽ വിദഗ്ധരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. കപ്പൽ മുങ്ങുമ്പോൾ ഭാരമേറിയ ചരക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും കപ്പൽ കേടുകൂടാതെ ഇരിക്കുന്നതായിരുന്നു. ഗ്രേറ്റ് തടാകങ്ങളിൽ 6,000 മുതൽ 10,000 വരെ കപ്പൽച്ചേതങ്ങൾ ഇനിയും കണ്ടെത്തിയേക്കാമെന്നാണ് ഈ രംഗത്തെ വിഗദ്ഗർ പറയുന്നത്.