
സിറ്റുവേഷൻഷിപ്പും ബെഞ്ചിംഗും കഴിഞ്ഞ് ഡേറ്റിംഗ് നിഘണ്ടുവിലേക്ക് ഇതാ ഒരു പുതിയ വാക്കുകൂടി എത്തിയിരിക്കുന്നു 'ഗോസ്റ്റ്‌ലൈറ്റിംഗ് '. പേര് കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഗതി അത്ര നിസ്സാരമല്ല. പ്രണയബന്ധങ്ങളിൽ വ്യക്തികളെ മാനസികമായി തകർക്കാൻ ശേഷിയുള്ള ഒരു തന്ത്രമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡേറ്റിംഗ് ലോകത്ത് നേരത്തെ തന്നെയുള്ള രണ്ട് മോശം പ്രവണതകളായ 'ഗോസ്റ്റിംഗും' 'ഗാസ്‌ലൈറ്റിംഗും' ചേർന്നതാണ് ‘ഗോസ്റ്റ്‌ലൈറ്റിംഗ്’. ഇതിൽ 'ഗോസ്റ്റിംഗ്' എന്നാൽ മുന്നറിയിപ്പില്ലാതെ ഒരാളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാവുക എന്നതാണ്. 'ഗാസ്‌ലൈറ്റിംഗ്' ആകട്ടെ, ഒരാൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും തെറ്റാണെന്ന് വരുത്തിതീർത്ത് അയാളെ മാനസികമായി ആശയക്കുഴപ്പത്തിലാക്കുന്ന രീതിയാണ്.
ഈ രണ്ട് കാര്യങ്ങളും ഒരേസമയം ഒരാൾക്ക് നേരെ പ്രയോഗിക്കുമ്പോഴാണ് അത് ഗോസ്റ്റ്‌ലൈറ്റിംഗ് ആയി മാറുന്നത്. അതായത്, നിങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു പോകുന്നതിന് മുൻപായി, ആ വ്യക്തി നിങ്ങളെ മാനസികമായി തളർത്തുകയും എല്ലാ തെറ്റും നിങ്ങളുടേതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
സാധാരണ ഗോസ്റ്റിംഗിൽ ഒരാൾ പെട്ടെന്ന് മെസ്സേജുകൾക്കും കോളുകൾക്കും മറുപടി നൽകുന്നത് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗോസ്റ്റ്‌ലൈറ്റിംഗിൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്:
ഗോസ്റ്റിംഗ് എന്നത് കേവലം ഒരു ഒഴിഞ്ഞുമാറലാണെങ്കിൽ ഗോസ്റ്റ്‌ലൈറ്റിംഗ് എന്നത് സത്യങ്ങളെ വളച്ചൊടിക്കലാണ്. ഇത് ഇരയാക്കപ്പെടുന്ന വ്യക്തിയുടെ ആത്മവിശ്വാസം തകർക്കുമെന്നും അവർക്ക് സ്വന്തം തീരുമാനങ്ങളിൽ വിശ്വാസമില്ലാതാക്കുമെന്നും വിദഗ്ധർ പറയുന്നു. ഇത്തരം കെണികളിൽ പെടാതിരിക്കാൻ വാക്കുകളേക്കാൾ ഉപരി ഒരാളുടെ പ്രവർത്തികളെ ശ്രദ്ധിക്കാനാണ് ഡേറ്റിംഗ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഒരാൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പ്രവർത്തിയിൽ കൊണ്ടുവരുന്നുണ്ടോ എന്നും ആശയവിനിമയത്തിൽ സ്ഥിരത പുലർത്തുന്നുണ്ടോ എന്നും നോക്കുക.
ഒരാൾ പെട്ടെന്ന് മറുപടി നൽകാതാവുകയും പിന്നീട് യാതൊരു ക്ഷമപണവുമില്ലാതെ തിരിച്ചുവരികയും ചെയ്യുമ്പോൾ അത് കൃത്യമായി ചോദ്യം ചെയ്യേണ്ടതുണ്ട്. നിശബ്ദമായി എല്ലാം സഹിക്കുന്നതിനേക്കാൾ നല്ലത് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. നിങ്ങളുടെ മാനസികാരോഗ്യം തകർക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയണം. ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം സത്യസന്ധതയും കൃത്യമായ ആശയവിനിമയവുമാണ്. ഈ ഘടകങ്ങൾ ഇല്ലാത്ത ഒരിടത്തുനിന്ന് കൃത്യസമയത്ത് പിന്മാറുന്നതാണ് നിങ്ങളെത്തന്നെ സ്നേഹിക്കാനുള്ള ഏക വഴി. പുതിയ കാലത്തെ ഡേറ്റിംഗ് പദങ്ങൾ മാറിക്കൊണ്ടിരിക്കുമെങ്കിലും, പരസ്പര ബഹുമാനമില്ലാത്ത ബന്ധങ്ങളിൽ സ്വയം കുറ്റപ്പെടുത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.