"മോശം അടിസ്ഥാനസൗകര്യങ്ങളും മലിനമായ വായുവുമുള്ള, ഒരു നഗരത്തിൽ വെറും 1,100 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാൻ ഇന്ത്യയിലെ ആളുകൾ ജീവിതകാലം മുഴുവൻ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം തുക ഇ.എം.ഐ ആയി അടച്ചുകൊണ്ടിരിക്കുകയാണ്."
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ജീവിതനിലവാരവും സ്വന്തമായി വീട് വാങ്ങാനുള്ള അവസരങ്ങളും തമ്മിലുള്ള വൻ വ്യത്യാസങ്ങളെക്കുറിച്ച് ഇന്ത്യക്കാരനായ യുവാവ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇന്ത്യയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പലരും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയതോടെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സുഖകരമായ ജീവിതം കെട്ടിപ്പടുക്കുന്നത് കണ്ടതിലെ അത്ഭുതമാണ് അദ്ദേഹം പങ്കുവെച്ചത്.
അമേരിക്കയിലും കാനഡയിലും ഗ്രാമീണ മേഖലകളിൽ വീടുകളും വസ്തുവകകളും സ്വന്തമാക്കുന്നത് എത്രത്തോളം എളുപ്പമാണെന്നത് തന്നെ അത്ഭുതപ്പെടാറുണ്ടെന്നാണ് പ്രണവ് ഭരദ്വാജ് എന്ന യുവാവ് എക്സിൽ കുറിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിൽ മാന്യമായ ഒരു ജീവിതനിലവാരത്തിനായി കഷ്ടപ്പെട്ടിരുന്ന പലരും വിദേശത്തേക്ക് മാറിയതോടെ വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ആസ്വദിക്കുന്നതായി പ്രണവ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഇടത്തരക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദവുമായി ഇതിനെ താരതമ്യം ചെയ്ത അദ്ദേഹം, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ ചെറിയ അപ്പാർട്ടുമെന്റുകൾ വാങ്ങാൻ പോലും ആളുകൾ തങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് പ്രതിമാസ അടവുകളായി നൽകേണ്ടി വരുന്നുവെന്ന് പറയുന്നു.
"മോശം അടിസ്ഥാനസൗകര്യങ്ങളും മലിനമായ വായുവുമുള്ള, ഒരു നഗരത്തിൽ വെറും 1,100 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാൻ ഇന്ത്യയിലെ ആളുകൾ ജീവിതകാലം മുഴുവൻ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം തുക ഇ.എം.ഐ ആയി അടച്ചുകൊണ്ടിരിക്കുകയാണ്" പോസ്റ്റിൽ പറയുന്നു.
അദ്ദേഹത്തിന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയും ആളുകൾ രണ്ട് തട്ടിലാവുകയും ചെയ്തു. വിദേശത്തേക്ക് മാറിയത് തങ്ങളുടെ സമ്പത്തും ജീവിതനിലവാരവും വർദ്ധിപ്പിക്കാൻ സഹായിച്ചതായി പലരും അഭിപ്രായപ്പെട്ടു. എന്നാൽ, വിദേശ രാജ്യങ്ങളിൽ വസ്തുവകകൾ വാങ്ങുന്നവരും ജീവിതകാലം മുഴുവൻ ലോൺ അടയ്ക്കുന്നുണ്ടെന്ന് ചിലർ ഓർമ്മിപ്പിച്ചു. വിദേശത്തെ ജീവിതം അത്ര എളുപ്പമാണെങ്കിൽ എന്തുകൊണ്ട് എല്ലാ അമേരിക്കക്കാർക്കും കാറും വില്ലയുമില്ല എന്ന ചോദ്യങ്ങളും ഉയർന്നു. ഏത് രാജ്യത്തായാലും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അധ്വാനം അത്യാവശ്യമാണെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെട്ടത്.




