മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങളും, കാലത്തിനൊത്ത് മാറുന്ന പ്രേതങ്ങളും!

By Web TeamFirst Published Jul 4, 2021, 1:54 PM IST
Highlights

മിക്കവാറും ആശുപത്രികളിൽ ആന്റിവെനം ലഭ്യമായതിനാൽ പാമ്പുകളെ വിട്ട് ആളെ കടിപ്പിച്ചു വക വരുത്താൻ ഉള്ള ശ്രമങ്ങൾ പ്രേതങ്ങൾ പൂർണമായി ഉപേക്ഷിച്ചു.

സിനിമകളിൽ പ്രേതങ്ങൾ കഥാപാത്രങ്ങളാവുന്നത് അത്ര പുതുമയൊന്നുമല്ല. പണ്ടുപണ്ടേ പ്രേതങ്ങൾ വാഴുന്ന മേഖലയാണ് നമ്മുടെ സിനിമ. എന്നാൽ, കാലം മാറി. മാറ്റമില്ലാത്തതായി മാറ്റം മാത്രമല്ലേയുള്ളൂ. അതുകൊണ്ട് സിനിമയിലെ പ്രേതങ്ങൾക്കും വന്നു മാറ്റങ്ങൾ. ചില ന്യൂജെൻ ടച്ചുകൾ. ഇതാ ശരത് ശശിയുടെ ചില രസകരമായ വീക്ഷണങ്ങൾ.

കാലാനുസൃതമായി സ്വയം അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ അധികകാലം ഫീൽഡിൽ തുടരാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രേതങ്ങൾ അതിനുള്ള ആത്മാർഥമായ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് അടുത്ത കാലത്ത് കണ്ട സിനിമകൾ പറയുന്നത്.

1. 'പോക മാട്ടെ, പോക മാട്ടെ, നീ എന്നാ പണ്ണുവെ' എന്ന് ചോദിച്ചു മന്ത്രവാദിയെ വെല്ലുവിളിച്ചിരുന്ന പ്രേതങ്ങൾ, തങ്ങളെ ഒഴിപ്പിക്കാൻ വരുന്നവരുമായി ഇപ്പോൾ ഊഷ്മളമായ ബന്ധം സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നു. ചില പ്രേതങ്ങളൊക്കെ ഒഴിപ്പിക്കൽകാരെ അങ്ങോട്ട് അപ്പ്രോച്ച് ചെയ്യാൻ വരെ ധൈര്യം കാണിക്കുന്നു.
2. അക്രമം വെടിഞ്ഞു തങ്ങളെ കൊലപ്പെടുത്തിയവരെ പൊലീസിൽ ഏൽപ്പിക്കുക, അവരെ കൊണ്ട് കുറ്റസമ്മതം നടത്തിക്കുക തുടങ്ങിയ അഹിംസാമാർഗങ്ങളിലൂടെ പ്രതികാരം ചെയ്യാനുള്ള ചില പ്രേതങ്ങളുടെ തീരുമാനം പ്രോത്സാഹനം അർഹിക്കുന്നു. 
3. ജീവിച്ചിരുന്നപ്പോൾ തങ്ങളെ ഉപദ്രവിച്ചയാളുടെ കുടുംബക്കാരെ മുഴുവൻ വക വരുത്തുന്ന ക്രൂരനടപടി വേണ്ടെന്ന് വെച്ചു ഉപദ്രവിച്ചയാളെ മാത്രം ഫോക്കസ് ചെയ്യുന്ന പ്രേതങ്ങൾ മാറ്ററിൽ നിന്ന് വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുന്നു.
4. കൊടുങ്കാറ്റ് വരുത്തി ആളുകളെ മുഴുവൻ പറപ്പിക്കുക, ആളുകളെ പൊക്കി എയറിൽ നിർത്തുക തുടങ്ങിയ പരിപാടികൾ ഉപേക്ഷിച്ചു. കണ്ണാടി നോക്കുമ്പോൾ പുറകിലൂടെ വന്നു ജസ്റ്റ് മുഖം കാണിക്കുക, വായുഗുളിക വാങ്ങാൻ പോകുന്ന വേഗത്തിൽ പിന്നിലൂടെ ജീവനും കൊണ്ട് ഓടുക തുടങ്ങിയ പ്രവൃത്തികൾ ചെയ്ത് പ്രേതങ്ങൾ സായൂജ്യമടയാൻ തുടങ്ങി.
5. ശത്രുക്കളെ വശീകരിച്ച് കൊല്ലുന്നതിലെ പൊളിറ്റിക്കൽ കറക്ട്നസ് ഇല്ലായ്മ തിരിച്ചറിഞ്ഞു അത്തരം കുത്സിത പ്രവർത്തനങ്ങൾ പാടെ ഉപേക്ഷിക്കുന്ന പ്രേതങ്ങളുടെ എത്തിക്കൽ  സൈഡ് ശ്ലാഘനീയമാണ്. എങ്കിലും ചില പ്രേതങ്ങൾ ആത്മാർത്ഥ പ്രണയങ്ങളിലൊക്കെ ചെന്നു ചാടി തേപ്പ് വാങ്ങുന്നുണ്ട്.
6. പാട്ടിന്റെ ലിറിക്‌സ്‌ എഴുതാനും, അത് കമ്പോസ് ചെയ്തു ശ്രുതി തെറ്റാതെ പാടാനുമൊക്കെ ശ്രദ്ധിക്കുമ്പോൾ ശത്രുക്കളെ ഉപദ്രവിക്കാനുള്ള സമയം ആവശ്യത്തിന് കിട്ടില്ല എന്ന് തിരിച്ചറിഞ്ഞു മ്യൂസിക്കിന്റെ പരിപാടി പ്രേതങ്ങൾ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
7. പാതിരാത്രി പബ്ലിക്കായി പൊട്ടിച്ചിരിച്ച് ആളുകളുടെ ഉറക്കം കളയുന്ന പരിപാടി പ്രേതങ്ങൾ നിർത്തിയത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലെങ്കിലും ഒരാളെ കൊല്ലുമ്പോൾ ചിരിച്ചു നാട്ടുകാരെ വിളിച്ചു കൂട്ടി പണി വാങ്ങേണ്ടല്ലോ എന്ന തിരിച്ചറിവ് അഭിനന്ദനം അർഹിക്കുന്നു.
8. മിക്കവാറും ആശുപത്രികളിൽ ആന്റിവെനം ലഭ്യമായതിനാൽ പാമ്പുകളെ വിട്ട് ആളെ കടിപ്പിച്ചു വക വരുത്താൻ ഉള്ള ശ്രമങ്ങൾ പ്രേതങ്ങൾ പൂർണമായി ഉപേക്ഷിച്ചു.
9. അഭ്യസ്തവിദ്യരായ പ്രേതങ്ങൾ കമ്പ്യൂട്ടർ പരിജ്ഞാനവും, ടെക്നോളജിയും ആളുകൾക്ക് ക്ലൂ കൊടുക്കാനും, ഉപദ്രവിക്കാനും ഉപയോഗിക്കുന്നത് പോസിറ്റീവായ മാറ്റമാണ്.
10. മൊബൈൽ ഫോൺ ക്യാമറകളും, ആളുകളുടെ സെൽഫി അഡിക്ഷനും കാരണം പ്രേതങ്ങൾക്ക് ഒന്ന് ശ്വാസം വിടാൻ പോലും വയ്യാത്ത ഒരു സാഹചര്യം വന്നു ചേർന്നിട്ടുണ്ട്. ക്യാമറക്ക് മുന്നിൽ ഒന്ന് അനങ്ങിയാൽ പിന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റയിലും ശിഷ്ടകാലം ജീവിക്കേണ്ട അവസ്ഥയാണ്.

അടിക്കുറിപ്പ്: ക്രിസ്ത്യാനികളും, ജൂതന്മാരുമായ പ്രേതങ്ങളുടെയും, ഒഴിപ്പിക്കൽ ജോലിക്കാരുടെയും ഈ മേഖയിലെ അതിപ്രസരം ലെഗസി പ്രേതങ്ങളും മന്ത്രവാദികളും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇനി മുസ്‌ലീം, ബുദ്ധ ജൈനമത, മതേതര പ്രേതങ്ങൾ ഫീൽഡിലേക്ക് കടന്ന് വന്നു കോമ്പറ്റീഷൻ കൂടുകയാണെങ്കിൽ പരമ്പരാഗത തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകേണ്ടതുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!