ഭീമൻ പാണ്ടകളിനി വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലല്ല, വ്യക്തമാക്കി ചൈനീസ് അധികൃതർ

By Web TeamFirst Published Jul 10, 2021, 11:31 AM IST
Highlights

ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നു. ഇത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുമെന്നതിന്‍റെ തെളിവാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. 

വംശനാശ ഭീഷണി നേരിടുന്ന മൃ​ഗങ്ങളുടെ പട്ടികയിൽ പെട്ടതായിരുന്നു ഭീമൻ പാണ്ടകൾ. എന്നാൽ, ഭീമന്‍ പാണ്ടകള്‍ക്ക് വംശഭീഷണിയില്ലെന്ന് ചൈനീസ് അധികൃതര്‍ ഇപ്പോൾ വ്യക്തമാക്കുന്നു. അപ്പോഴും, അവയുടെ അവസ്ഥ ഇപ്പോഴും വളരെ അധികം മെച്ചപ്പെട്ടിട്ടില്ല എന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ആവാസവ്യവസ്ഥയുടെ വികാസം ഉൾപ്പെടെയുള്ള ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങളിലൂടെയാണ് രാജ്യത്തിന് ഈ ഭീമന്‍ പാണ്ടകളെ സംരക്ഷിക്കാനായത് എന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. ചൈന പാണ്ടകളെ ഒരു ദേശീയ നിധിയായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ നയതന്ത്രപ്രവര്‍ത്തനങ്ങളുടെ ഭാഗങ്ങളായി അവയെ മറ്റ് രാജ്യങ്ങള്‍ക്ക് വായ്പയായും നല്‍കാറുണ്ട്.  

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളൊരുക്കിയതും അവയുടെ വാസസ്ഥലം മെച്ചപ്പെടുത്തിയതുമെല്ലാം പാണ്ടകളുടെ അവസ്ഥ മെച്ചപ്പെടുത്താനും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്നും പുറത്തുകടക്കാനും സഹായകമായി എന്ന് വാർത്താ സമ്മേളനത്തിൽ പരിസ്ഥിതി മന്ത്രാലയം പ്രകൃതി, പരിസ്ഥിതി സംരക്ഷണ വകുപ്പ് മേധാവി കുയി ഷുഹോംഗ് പറഞ്ഞു.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിൽ നിന്ന്  2016 -ൽ തന്നെ പാണ്ടകളെ നീക്കം ചെയ്യുകയും അതിനെ ദുര്‍ബലരായ ജീവികളുടെ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ചൈന ഇപ്പോഴാണ് അവയെ ആ പട്ടികയിൽ നിന്നും മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്നും ഇവയെ നീക്കം ചെയ്യുന്നതിലും അധികൃതര്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ അവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കുമോ എന്നതാണ് സംശയം. 

ചൈനയുടെ പരിസ്ഥിതി മന്ത്രാലയം ആദ്യമായിട്ടാണ് പാണ്ടകളെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റുന്നതും മറ്റ് പട്ടികയിലുള്‍പ്പെടുത്തുന്നതും. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നു. ഇത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുമെന്നതിന്‍റെ തെളിവാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. 'വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. സംരക്ഷക പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഒരാളെഴുതിയത്. 

മുളങ്കാടുകള്‍ പുനസൃഷ്‌ടിക്കാനും വീണ്ടും ജനകീയമാക്കാനുമുള്ള ചൈനീസ് അധികൃതരുടെ ശ്രമങ്ങളാണ് ഈ വിജയത്തിന് പ്രധാനകാരണമായത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മുള, പാണ്ടകളുടെ ഭക്ഷണത്തിന്റെ 99% വരും. മുളയില്ലാതെയായാല്‍ അവ പട്ടിണിയിലാവും. ക്യാപ്‌റ്റീവ് ബ്രീഡിംഗ് രീതികളിലൂടെ മൃഗശാലകളും ഇവയുടെ എണ്ണം വർദ്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. 

click me!