
സിനിമയെ വെല്ലുന്ന പല പ്രണയകഥകളും നാം കേട്ടിട്ടുണ്ടാവും. ജീവിതം പലപ്പോഴും സങ്കല്പത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണ് നമുക്ക് മുന്നിൽ വച്ചുനീട്ടുക. അതുപോലെ ഒരു കഥയാണ് ഇതും. 13 -ാമത്തെ വയസിൽ വീടുവിട്ടോടിപ്പോയ പെൺകുട്ടി തന്നെ രക്ഷിച്ച പൊലീസുകാരനെ തന്നെ പിന്നീട് വിവാഹം കഴിച്ച കഥയാണ് ഇത്. റോർ നിക്കോൾ എന്നാണ് ആ പെൺകുട്ടിയുടെ പേര്. അവളുടെ കുട്ടിക്കാലം മുഴുവൻ ഭയത്തിന്റേതായിരുന്നു. എപ്പോഴും വഴക്കും തല്ലും അച്ഛനും അമ്മയും തമ്മിലുള്ള കലഹവും മാത്രമുണ്ടായിരുന്ന വീട്. വെറും 13 വയസ്സുള്ളപ്പോൾ, ഇനിയും അത് സഹിക്കാനാവാതെ അവൾ ആ വീട്ടിൽ നിന്നും ഒളിച്ചോടി. രാത്രി മുഴുവനും ആരുടേയും കണ്ണിൽപ്പെടാതെ ഒരിടത്ത് ഒളിച്ചിരുന്നു.
മകളെ കാണാനില്ലെന്ന് മനസിലായ മാതാപിതാക്കൾ ഈ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലും തുടങ്ങി. പക്ഷേ, റോർ മറഞ്ഞിരുന്നു. ആ സമയത്ത് പൊലീസുകാർക്കാണെങ്കിൽ റോറിന്റെ വീട്ടിൽ എന്താണ് നടക്കുന്നതെന്നോ, ആ കൊച്ചുപെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്നത് എന്തൊക്കെയാണ് എന്നോ ഒന്നും അറിയില്ലായിരുന്നു. അവർ വീട്ടിൽ നിന്നും ഒളിച്ചോടിയ ഒരു പെൺകുട്ടിയെ അന്വേഷിക്കുക എന്ന അവരുടെ ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്.
ഒടുവിൽ, ടൈലർ എന്ന് പേരായ, യുവാവായ ഒരു പൊലീസുദ്യോഗസ്ഥൻ റോറിനെ കണ്ടെത്തി. അന്ന് ടൈലർ തന്റെ പൊലീസ് ജോലിയിൽ പ്രവേശിച്ചതേ ഉണ്ടായിരുന്നുള്ളൂ. റോറിന്റെ ജീവിതത്തെ കുറിച്ചറിഞ്ഞ പൊലീസ് അവളെ പിന്നീട് ഒരു അഭയകേന്ദ്രത്തിലാക്കി. അവിടെയാണ് അവൾ തന്റെ കുട്ടിക്കാലത്തെല്ലാം കഴിഞ്ഞത്. തന്നെ രക്ഷിച്ച പൊലീസുദ്യോഗസ്ഥൻ റോറിന്റെ ഓർമ്മയിൽ നിന്നും മാഞ്ഞുപോവുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം, 28 -ാമത്തെ വയസിൽ റോർ അവിടെയുള്ള ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യാൻ തുടങ്ങി. അവിടെ വെച്ചാണ് അവൾ വീണ്ടും ടൈലറെ കണ്ടുമുട്ടുന്നത്, എന്നാൽ ഇരുവർക്കും ആദ്യം പരസ്പരം മനസിലാവുകയോ ഈ കഥ ഓർമ്മ വരികയോ ചെയ്തില്ല. ടൈലർ എപ്പോഴും തന്നെത്തന്നെ നോക്കുമായിരുന്നു എന്ന് റോർ പറയുന്നു. ആദ്യം അത് വിചിത്രമായി തോന്നിയെങ്കിലും ഇരുവരും പിന്നീട് സുഹൃത്തുക്കളായി, ഒരുമിച്ച് കാപ്പി കുടിക്കാനൊക്കെ പോയിത്തുടങ്ങി.
അങ്ങനെ ഒരുദിവസം റോർ താൻ ചെറുപ്പത്തിൽ വീടുവിട്ടോടിപ്പോയ കഥ പറഞ്ഞു. ടൈലറിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു, ഞാനാണ് അന്ന് നിന്നെ തിരഞ്ഞുപിടിച്ച പൊലീസുകാരൻ എന്ന് ടൈലർ പറഞ്ഞതോടെ റോറും ഞെട്ടി. എന്തായാലും, പിന്നാലെ ഇരുവരും പ്രണയത്തിലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒടുവിൽ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഇവർക്ക് ഇപ്പോൾ മൂന്നു കുട്ടികളും ഉണ്ട്. സിനിമയെ വെല്ലുന്ന ഇവരുടെ ജീവിതകഥ പലർക്കും ഒരത്ഭുതമാണ്.