
പഠിക്കാൻ പ്രായം ഒരു തടസമല്ല എന്ന് പറയാറുണ്ട്, അതുപോലെ തന്നെ സ്വപ്നങ്ങൾക്കും. അങ്ങനെ ഒരു മനോഹരമായ കാര്യമാണ് ഇവിടെയും നടക്കുന്നത്. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള മുത്തശ്ശിമാർ ബാഗുമെടുത്ത് പഠിക്കാനായി പോകുന്നു. മഹാരാഷ്ട്രയിലെ താനെയിലുള്ള 'മുത്തശ്ശിമാരുടെ സ്കൂളി'ലാണ് ഈ അപൂർവവും മനോഹരവുമായ കാഴ്ച നമുക്ക് കാണാൻ സാധിക്കുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം പിങ്ക് നിറത്തിലുള്ള സാരി ധരിച്ച്, കയ്യിൽ ബാഗുമായി ഈ മുത്തശ്ശിമാർ സ്കൂളിലേക്ക് പോകും.
ഇതാണ് മുത്തശ്ശിമാരുടെ സ്കൂളായ 'ആജിബൈച്ചി ശാല'. ഇവിടെ പഠനത്തിന് പ്രായപരിധിയില്ല. 2016 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഒരു കൂട്ടം പ്രായമായ സ്ത്രീകൾ നമുക്ക് മതഗ്രന്ഥങ്ങൾ സ്വയം വായിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പ്രാദേശിക ജില്ലാ പരിഷത്ത് അധ്യാപകനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര ബംഗാറാണ് അവരുടെ വാക്കുകൾ കേട്ട് അവർക്കായി ഒരു സ്കൂൾ തുറക്കാൻ തീരുമാനിച്ചതത്രെ. 'മോത്തിറാം ദലാൽ ചാരിറ്റബിൾ ട്രസ്റ്റി'ന്റെ സഹായത്തോടെ ബംഗാർ അങ്ങനെ ഒരു ഒറ്റമുറി സ്കൂൾ സ്ഥാപിച്ചു. ട്രസ്റ്റ് തന്നെ ഒരു ബ്ലാക്ക്‌ബോർഡും, ലോജിസ്റ്റിക്സും, പിങ്ക് സാരിയിലുള്ള യൂണിഫോമും നൽകി. അതേസമയം ബംഗാർ ചോക്ക്, പെൻസിലുകൾ തുടങ്ങിയ കാര്യങ്ങൾ വാങ്ങാനും മറ്റ് അത്യാവശ്യസാധനങ്ങൾ വാങ്ങാനും പണം കണ്ടെത്താമെന്ന് സ്വയം ഏറ്റു.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, സ്കൂൾ തുറന്നപ്പോൾ 27 വിദ്യാർത്ഥികളുണ്ടായിരുന്നു. എല്ലാവർക്കും 60 -നും 90 -നും ഇടയിലായിരുന്നു പ്രായം. പലരും മുമ്പ് ഒരിക്കലും പെൻസിൽ പിടിച്ചിരുന്നവരായിരുന്നില്ല. ചിലർക്ക് കാഴ്ചക്കുറവ്, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും, ഇതൊന്നും അവരെ തടഞ്ഞില്ല. എല്ലാ തടസങ്ങളെയും മറികടന്ന് അവർ ദിവസേന ക്ലാസിലെത്തി.
അങ്ങനെ പഠനം എന്ന അവരുടെ സ്വപ്നം പൂവണിഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് കരുതി മനസിലടച്ചുവച്ച അവരുടെ സ്വപ്നങ്ങൾക്കാണ് ആജിബൈച്ചി ശാല ചിറക് നൽകിയത്.