
ബ്രിസ്റ്റലിലെ കൗൺസിൽ ഒരു തീരുമാനമെടുത്തിരിക്കുകയാണ്. എന്താണ് എന്നോ? ഫൺഫെയറുകളിലും കാർണിവലുകളിലും ഗോൾഡ് ഫിഷുകളെ സമ്മാനമായി നൽകാൻ ഇനി അനുവദിക്കില്ലെന്നതാണ് ആ തീരുമാനം. ആർഎസ്‌പിസിഎ (റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്) -യുടെ കാമ്പയിനെ തുടര്‍ന്ന് ഇവന്റുകളോട് കരാർ മാറ്റിയെഴുതാൻ ആവശ്യപ്പെടാൻ നഗരത്തിലെ മേയർ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുകയാണ്.
ഇങ്ങനെ ജീവനുള്ള ഗോള്‍ഡ്ഫിഷുകളെ സമ്മാനമായി നല്‍കുന്നത് കാലഹരണപ്പെട്ടതും ക്രൂരതയുമാണ് എന്നാണ് കണ്‍സര്‍വേറ്റീവ് കൗണ്‍സിലര്‍ ജോനാഥന്‍ ഹക്കര്‍ പറയുന്നത്. ജീവനുള്ള മീനുകളെ സമ്മാനമായി നല്‍കുന്നത് സ്കോട്ട്ലന്‍ഡില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, യുകെയുടെ മറ്റ് ഭാഗങ്ങളില്‍ ഇക്കാര്യത്തില്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് തീരുമാനമെടുക്കാം. മേയർ മാർവിൻ റീസ് പറഞ്ഞത്: "ജീവനുള്ള മൃഗങ്ങളെ സമ്മാനങ്ങളായി നല്‍കുന്നത് ഒഴിവാക്കുന്നതിനായി കരാർ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ഇവന്റ് ടീമിനോട് ആവശ്യപ്പെടും" എന്നാണ്. ഹക്കർ ചൊവ്വാഴ്ച ബ്രിസ്റ്റൽ സിറ്റി കൗൺസിൽ അംഗങ്ങളുടെ ഫോറത്തിൽ ആർഎസ്‌സിപിഎയുടെ വളർത്തുമൃഗങ്ങളെ സമ്മാനമായി നല്‍കുന്നത് തടയുന്നത് ഒരു കാമ്പയ്‌നായി ഉയർത്തിക്കൊണ്ട് വരികയായിരുന്നുവത്രെ.
മത്സ്യങ്ങളെ എങ്ങനെയാണ് വളര്‍ത്തേണ്ടത് എന്ന് മിക്കവര്‍ക്കും അറിയില്ല. പല മീനുകളും പുതിയ വീട്ടിലെത്തിയ ശേഷം കൃത്യമായ പരിചരണം ലഭിക്കാതെ മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ ചാവുകയാണ് എന്നും ഇദ്ദേഹം പറയുന്നു. "ഈ ദേശീയ പ്രചാരണത്തെക്കുറിച്ച് മേയർക്ക് അറിവുണ്ടായിരിക്കില്ല. പക്ഷേ, നമ്മുടെ കൂടുതൽ പ്രബുദ്ധമായ കാലഘട്ടത്തിൽ ഈ വാണിജ്യ സമ്പ്രദായം പൂർണ്ണമായും അസ്വീകാര്യമാണെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നും ഹക്കർ പറഞ്ഞു.
ട്രോഫികളായി ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നത് അവ അവഗണിക്കപ്പെടാനും ചൂഷണങ്ങൾ അനുഭവിക്കാനും കാരണമാകുന്നു. അതുപോലെ തന്നെ അവയുടെ ക്ഷേമത്തിന് അങ്ങേയറ്റം ദോഷകരമാണ് ഇതെന്നും പറയുന്നു. മറ്റ് ജീവികളെ സമ്മാനങ്ങളായി നല്‍കുന്നതില്‍ എന്ത് തമാശയാണ് ഉള്ളത് എന്ന് ജീവികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ചോദിക്കുന്നു. ഏതായാലും മേയര്‍ റീസ് ഈ പ്രചരണത്തിനും അതിന്‍റെ ലക്ഷ്യത്തിനും പൂര്‍ണപിന്തുണ നല്‍കും എന്നാണ് പറയുന്നത്.
ജീവനുള്ള മത്സ്യങ്ങളെ പ്രത്യേകിച്ച് ഗോള്‍ഡ് ഫിഷുകളെ ഇങ്ങനെ നിരന്തരം സമ്മാനങ്ങളായി നല്‍കുന്നുവെന്ന് കാണിച്ച് നിരവധി കോളുകള്‍ തങ്ങള്‍ക്ക് വരാറുണ്ട് എന്നും ആര്‍എസ്പിസിഎ -യുടെ പ്രചാരകര്‍ പറയുന്നു. ഗോള്‍ഡ്ഫിഷുകളെ ഒട്ടും അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകളിലാക്കി കുറേനേരം വയ്ക്കുന്നുവെന്നും അതിലൂടെ ആ ജീവികളുടെ അവകാശങ്ങളെ ലംഘിക്കുകയാണ് എന്നുമാണ് പ്രചാരകര്‍ പറയുന്നത്. ഏതായാലും മീനുകളും മറ്റ് ജീവികളുമെല്ലാം ഈ ഭൂമിയിൽ മനുഷ്യനെപ്പോലെ തന്നെ എല്ലാ അവകാശങ്ങളും ഉള്ള ജീവികളാണ് എന്ന തിരിച്ചറിവിൽ നിന്നുമാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.