
ആറ്റുനോറ്റിരുന്ന് മക്കളുണ്ടാവുമ്പോൾ പലവിധം പ്രാർത്ഥനകൾ അച്ഛനമ്മമാർ നടത്താറുണ്ട്. ചിലർ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിക്കും. ചിലർ കാണാൻ ചൊവ്വുള്ള പിള്ളേർക്കുവേണ്ടി കൊതിക്കും. മറ്റുചിലർ അതൊന്നും വേണ്ട, പൊന്നുമക്കൾ നല്ല ആരോഗ്യത്തോടെ ദീർഘായുസ്സായി വളർന്നു കണ്ടാൽ മതി എന്ന് ദൈവത്തോട് പ്രാർത്ഥിക്കും. ചില കുഞ്ഞുങ്ങൾ ചിലപ്പോൾ അപൂർവമായ ജനിതക തകരാറുകളോടെയാവും പിറന്നു വീഴുന്നത്. അവരിൽ ചിലർക്ക് അത് അവരുടെ ചലനശേഷിയെ ബാധിക്കുന്ന രീതിയിലാകും. പലരുടെയും ജീവിതം വീൽ ചെയർ പോലുള്ള ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെപ്പോലെ രണ്ടു കയ്യും വീശി നിർബാധം നടന്നുപോവാൻ ആവതില്ലാത്തവരെ സമൂഹം കാണുന്നത് സഹതാപക്കണ്ണുകളോടെയാവും. ശാരീരികമായ പരിമിതികളെ അതിജീവിക്കാൻ കുഞ്ഞുങ്ങൾക്ക് പിന്നെയുമാവും. അവർക്ക് താങ്ങാനാവാത്തത് നോട്ടത്തിലൂടെയും, വാക്കുകളിലൂടെയും, മുഖഭാവങ്ങളിലൂടെയുമുള്ള സമൂഹത്തിന്റെ പരിതാപപ്രകടനങ്ങളാണ്.
അമേരിക്കയിലെ മിന്നസോട്ട സ്റ്റേറ്റിലെ സിലിയൻ ജാക്സൺ എന്ന രണ്ടുവയസ്സുകാരൻ ബാലൻ പിറന്നുവീണത് അപൂർവമായ ഒരു ജനിതകരോഗത്തോടെയാണ്. അവനെ മുറ്റത്തിറങ്ങി ഒന്നോടാനോ ചാടാനോ അനുവദിക്കാതെ അത് വലച്ചു. വീൽചെയർ എന്ന ഒരു അംഗപരിമിതരുടെ ചലനോപാധി മാത്രമായിരുന്നു സിലിയനെയും ഭാവിയിൽ കാത്തിരുന്നിരുന്നത്. ഏറിവന്നാൽ ഒരു 'മോട്ടോറൈസ്ഡ് വീൽ ചെയർ' കിട്ടിയേക്കും. അങ്ങനെ ആകെ ഡാർക്ക് ആയ ഒരു ഭാവികാലത്തിലേക്ക് കണ്ണും നട്ടിരുന്ന സിലിയനെത്തേടി അപ്രതീക്ഷിതമായ ഒരു സമ്മാനമെത്തി. സിലിയനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്റ്റർമാരാണ് അവന്റെ അച്ഛനമ്മമാരോട് 'ഗോ ബേബി ഗോ' എന്നൊരു പ്രോജക്ടിനെപ്പറ്റി പറയുന്നത്. ആ പ്രോജക്ട് സിലിയന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന വെളിച്ചം തെല്ലൊന്നുമല്ലായിരുന്നു. അത് അവനെ ഒരു അംഗപരിമിത ബാലൻ എന്ന പരിതാപഭരിതമായ നോട്ടങ്ങളിൽ നിന്നും അസൂയ തുളുമ്പുന്ന നോട്ടങ്ങളിലേക്ക് നയിച്ചു.
ഡെലാവെയർ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ കോൾ ഗാലവേ ആണ് 'ഗോ ബേബി ഗോ'യുടെ പിന്നിലെ ധിഷണ. തന്റെ ഗവേഷണങ്ങൾക്കിടെ കുട്ടികളുടെ ബൗദ്ധികവും, ഗ്രഹണശേഷീപരവും, സാമൂഹികവും, ഭാഷാപരവുമായ കഴിവുകളുടെ വികാസം യഥേഷ്ടം സഞ്ചരിക്കാനുള്ള അവരുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് നിരീക്ഷിച്ചത്. ഒരു വീൽ ചെയറിൽ ഇരുത്തി വേറൊരാൾ തള്ളിക്കൊണ്ട് പോവുന്നതും, അല്ലെങ്കിൽ മറ്റൊരാളെ ആശ്രയിച്ചുകൊണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതും അവരിലുണ്ടാക്കുന്ന വികാരങ്ങളല്ല, തങ്ങളുടെ ഇഷ്ടപ്രകാരം വേണ്ടിടത്തേക്കൊക്കെ പോവാൻ പറ്റുമ്പോൾ ഉണ്ടാവുന്നത്. മേൽപ്പറഞ്ഞ വികാസങ്ങളൊക്കെയും സ്വേച്ഛപ്രകാരം സഞ്ചരിക്കാനാവുന്ന കുട്ടികളിൽ അല്ലാത്തവരിലുള്ളതിനേക്കാൾ കൂടുതലാണ്.
അംഗപരിമിതരായ കുട്ടികൾക്ക് സഞ്ചരിക്കാനുള്ള മോട്ടോറൈസ്ഡ് വീൽ ചെയറുകളുടെ വില അമേരിക്കയിലെ പല അച്ഛനമ്മമാർക്കും താങ്ങാനാവുന്ന ഒന്നല്ല. ചുരുങ്ങിയത് 1000 ഡോളറെങ്കിലുമില്ലാതെ നല്ലൊരു ഇലക്ട്രിക് വീൽ ചെയർ കിട്ടില്ല. അവിടെയാണ് 'ഗോ ബേബി ഗോ' എന്ന പേരിൽ പ്രൊഫ.ഗാലവേ മുന്നോട്ടു വെച്ച ആശയത്തിന്റെ പ്രസക്തി. മോട്ടോറൈസ്ഡ് വീൽ ചെയറുകളെക്കാളും ഏറെ വിലക്കുറവുള്ള കുട്ടികളുടെ ടോയ് കാറുകളെ മോഡിഫൈ ചെയ്തുകൊണ്ട് ഈ ആവശ്യത്തിനായി പ്രയോജനപ്പെടുത്താൻ അവർ തീരുമാനിച്ചു. കുട്ടികളുടെ ടോയ് കാറുകൾക്ക് അമേരിക്കയിൽ 100 ഡോളർ മാത്രമേ വിലയുള്ളൂ. അവർക്ക് കൂടുതൽ നേരം ഇരിക്കാനും, സുരക്ഷിതമായി സഞ്ചരിക്കാനും ഉതകുന്ന രീതിയിൽ ചില മാറ്റങ്ങളോടെ അത് അവർ പുനരവതരിപ്പിച്ചു. കൂടുതൽ സുഖപ്രദമായ സീറ്റിങ്ങ്, താഴെ വീണുപോവാതിരിക്കാൻ സേഫ്റ്റി ബെൽറ്റുകൾ. ഇരുന്നിടത്തു നിന്നും കൈകൊണ്ടു തന്നെ നിയന്ത്രിക്കാവുന്ന രീതിയിലുള്ള സ്വിച്ചിങ്, ആക്സിലറേഷൻ സംവിധാനങ്ങൾ. ഇത്രയും മാറ്റങ്ങൾക്ക് വരുന്ന ചെലവ് ഏകദേശം 100 ഡോളർ. എന്നാലും വിപണിയിലെ ഇലക്ട്രിക് വീൽ ചെയറുകളുടെ അഞ്ചിലൊന്ന് വിലമാത്രമേ ആവുന്നുള്ളൂ.
സിലിയൻ താമസിച്ചിരുന്ന ഫാമിങ്ങ്ടണിലെ ഹൈസ്‌കൂളിലെ റോബോട്ടിക്സ് വിഭാഗത്തിലും 'ഗോ ബേബി ഗോ'യുടെ വളണ്ടിയർ റോബോട്ടിക്‌സ് ഗവേഷക വിദ്യാർത്ഥികളുണ്ടായിരുന്നു. അവർ ഗിലിയന് ചേരുന്ന രീതിയിൽ ഒരു ടോയ് കാറിനെ മോഡിഫൈ ചെയ്തെടുക്കാൻ തീരുമാനിച്ചു. വിപണിയിൽ ലഭ്യമായ ടോയ് കാറുകളിൽ രണ്ടു ജോയ് സ്റ്റിക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് മുന്നോട്ടു നീക്കാനും മറ്റൊന്ന് പിന്നോട്ട് നീക്കാനും. അത് പക്ഷേ, ഗിലിയന് ഇഷ്ടപ്പെട്ടില്ല. 'ഗോ ബേബി ഗോ'യുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ അവർ ആ ടോയ് കാറിൽ ചില മാറ്റങ്ങൾ വരുത്തി. രണ്ടു ജോയ്‌സ്‌റ്റിക്കിനു പകരം അവർ ഒരൊറ്റ ജോയ്‌സ്‌റ്റിക്ക് കൊണ്ടുവന്നു. അതിനു പറ്റിയ രീതിയിൽ റോബോട്ടിക് സോഫ്റ്റ്‌വെയർ മാറ്റിയെഴുതി. അതിനെ ഗിലിയന് എളുപ്പം എത്തിപ്പിടിക്കാവുന്ന ഒരിടത്ത് പിടിപ്പിച്ചു. കാറിലുണ്ടായിരുന്ന സൗകര്യം കുറഞ്ഞ സീറ്റിനുപകരം അവർ സീറ്റ് ബെൽറ്റൊക്കെ ഉള്ള ഒരു സീറ്റ് പിടിപ്പിച്ചു. റോബോട്ടിക്സിൽ കമ്പമുള്ള അലക്സ് ട്രീക്കിൾ എന്ന വിദ്യാർത്ഥിയായിരുന്നു ഈ വാഹനത്തിന്റെ വയറിങ്ങും കോഡിങ്ങും ഒക്കെ ചെയ്യുന്നതിന് നേതൃത്വം കൊടുത്തത്. " എന്റെ ഇലക്ട്രോണിക്സിൽ കമ്പം, എന്റെ നാട്ടിലെ ഒരു കുഞ്ഞിന്റെ ജീവിതം മെച്ചപ്പെടുത്തുന്നു എന്നറിയുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട്.." ട്രീക്കിൾ പറഞ്ഞു. ഗിലിയനെപ്പോലെ എത്രയോ കുട്ടികളുടെ ജീവിതങ്ങളിൽ ഇതുപോലെ തന്നെ സന്തോഷം നിറച്ചിട്ടുണ്ട് 'ഗോ ബേബി ഗോ' എന്ന ഈ സന്നദ്ധ സംഘടന.
ഫാമിങ്‌ടൺ സ്‌കൂളിലെ റോബോട്ടിക്‌സ് വിദ്യാർത്ഥികൾ അവരുടെ സ്‌കൂൾ റീയൂണിയനിൽ വെച്ച് തങ്ങൾ രൂപമാറ്റം നൽകിയ ടോയ് കാർ ഗിലിയന് സമ്മാനിച്ചു. തനിക്കു കിട്ടിയ പുത്തൻ സമ്മാനത്തിലേറി പുതുപുതു കൗതുകങ്ങൾക്കു പിന്നാലെ പായുന്ന തിരക്കിലാണ് കുഞ്ഞു ഗിലിയൻ ഇന്ന്. തന്റെ ഇഷ്ടവാഹനത്തിൽ ഗിലിയൻ ആദ്യ സർക്കീട്ടിനിറങ്ങിയപ്പോൾ അവന്റെ മുഖത്ത് വിടർന്ന പുഞ്ചിരി കണ്ട് അവന്റെ അച്ഛനമ്മമാർ ഏറെക്കാലത്തിനുശേഷം മനസ്സുനിറഞ്ഞൊന്നു പുഞ്ചിരിച്ചു.