വിദേശ സഞ്ചാരികൾക്കൊപ്പം ഫോട്ടോ വേണ്ട, ഉടനടി കസ്റ്റഡിയിലെടുക്കുമെന്ന് ​ഗോവ പൊലീസ്

Published : Feb 08, 2026, 03:42 PM IST
Goa

Synopsis

ഗോവയിലെ ബീച്ചുകളിൽ വിദേശവിനോദസഞ്ചാരികളെ ശല്യം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കെതിരെ കർശന നടപടിയുമായി ഗോവ പൊലീസ്. വിദേശികളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ സെൽഫിയെടുക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നവരെ ഉടനടി കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

സാധാരണയായി വിദേശികളായ സഞ്ചാരികൾക്കൊപ്പം പലപ്പോഴും ഇന്ത്യക്കാർ സെൽഫിയെടുക്കാറുണ്ട്. ഇതേക്കുറിച്ച് പല സഞ്ചാരികളും പറയാറുമുണ്ട്. ചിലർക്കെങ്കിലും ഇത് വലിയ ശല്ല്യമായി അനുഭവപ്പെടാറുമുണ്ട്. ഇപ്പോഴിതാ, ഗോവയിലെ ബീച്ചുകളിൽ വിദേശ വിനോദസഞ്ചാരികളെ ശല്യം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കെതിരെ കർശന നടപടിയുമായി ഗോവ പൊലീസ് മുന്നോട്ട് വരികയാണ്. വിദേശികളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ സെൽഫിയെടുക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നവരെ സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗോവയിലെ വിവിധ ബീച്ചുകളിൽ വിദേശ വനിതകൾക്ക് നേരെ ഇന്ത്യക്കാരായ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ് ഇതുവഴി പൊലീസ്. അനുവാദമില്ലാതെ ഫോട്ടോകൾ പകർത്തുന്നതും സെൽഫിക്കായി നിർബന്ധിക്കുന്നതും കുറ്റകരമായി കണക്കാക്കുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. വിദേശ വനിതകളുടെ സമ്മതമില്ലാതെ ഫോട്ടോയെടുക്കുകയോ അവരെ ശല്യം ചെയ്യുകയോ ചെയ്താൽ അവരെ ഉടനടി കസ്റ്റഡിയിലെടുക്കും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ സഞ്ചാരികൾക്കെതിരെ ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിദേശികൾക്കിടയിൽ വലിയ തോതിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കവും. ഇത്തരത്തിൽ സന്ദർശകരെ ശല്യം ചെയ്തതിന് കലാൻഗുട്ട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കലാൻഗുട്ട് ബീച്ചിൽ വെച്ച് റഷ്യൻ യുവതിയെ ഫോട്ടോയെടുക്കാൻ നിർബന്ധിച്ചതിനും അനുചിതമായ രീതിയിൽ സ്പർശിച്ചതിനും ഒഡീഷയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികൾക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.

വിനോദസഞ്ചാര മേഖലയിൽ ഗോവയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ബീച്ചുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചിരിക്കയാണ്. ഇതോടെ, ഇന്ത്യക്കാരായ ആളുകളിൽ നിന്നും വിദേശികൾക്കുണ്ടാവുന്ന സെൽഫി സമ്മർദ്ദത്തിന് തടയിടാനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഞാൻ നിന്നെ സ്നേഹിക്കുന്നു, നീയോ; പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും സന്ദേശങ്ങൾ കൊത്തിവച്ച, നൂറ്റാണ്ടുകൾ പഴക്കമുള്ള റൂൺ കല്ലുകൾ
‘ഹോട്ടലിന്റെ പകുതി കൂടി ചോദിക്കാമായിരുന്നു’; ഓർഡറിനൊപ്പമുള്ള യുവാവിന്റെ കുറിപ്പ് കണ്ട് സോഷ്യൽ മീഡിയ