പഴയ ബിരുദ സര്‍ടിഫിക്കറ്റുകള്‍ക്കൊന്നും  വിലയില്ലെന്ന് താലിബാന്‍

By Web TeamFirst Published Oct 5, 2021, 12:24 PM IST
Highlights

മദ്രസകളില്‍ പഠിക്കുകയും അഫ്ഗാനിസ്ഥാനില്‍ മതപഠനം നടത്തുകയും ചെയ്യുന്നവര്‍ക്കാണ് ആധുനിക വിദ്യാഭ്യസം നേടിയവരേക്കാള്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു
 

താലിബാന്‍ ഭരിക്കുന്നതിന് മുമ്പുള്ള രണ്ട് പതിറ്റാണ്ടുകളില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലെന്ന് താലിബാന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുല്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞത്.  അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

2000-നും 2020-നും ഇടയില്‍ പഠിച്ചിറങ്ങിവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലെന്നാണ് ഹഖാനി പറഞ്ഞത്. കാബൂള്‍ സര്‍വകലാശാലയിലെ അധ്യാപകരുമായുള്ള  കൂടിക്കാഴ്ചക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. താലിബാന്‍ ആദ്യ തവണ പുറത്തായ ശേഷം യുഎസ് പിന്തുണയോടെയുള്ള സര്‍ക്കാരാണ് അഫ്ഗാന്‍ ഭരിച്ചിരുന്നത്. അക്കാലത്ത് ബിരുദം എടുത്തവരുടെ സര്‍ടിഫിക്കറ്റുകളാണ് ഒരു വിലയുമില്ലാത്തതെന്ന് മന്ത്രി പറഞ്ഞത്. 

വരും തലമുറകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിവുള്ള അധ്യാപകരെയാണ് തങ്ങള്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഹഖാനി പറഞ്ഞു. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അഫ്ഗാനിസ്ഥാന്റെ ഭാവിക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ എന്നും ഹഖാനി പറഞ്ഞു. 

മതപഠനത്തിനാണ് താലിബാന്‍ മുന്‍ഗണന നല്‍കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. മദ്രസകളില്‍ പഠിക്കുകയും അഫ്ഗാനിസ്ഥാനില്‍ മതപഠനം നടത്തുകയും ചെയ്യുന്നവര്‍ക്കാണ് ആധുനിക വിദ്യാഭ്യസം നേടിയവരേക്കാള്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടിയവരേക്കാള്‍ വില മതപഠനം നടത്തിയവര്‍ക്കാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

താലിബാന്റെ ഈ തീരുമാനം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരുടെ ഭാവിയെ തുലാസിലാക്കും. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം, 2000-2020 കാലഘട്ടത്തിലാണ് ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. കരിക്കുലം മാറ്റങ്ങളും ലോകാേത്തര നിലവാരത്തിലുള്ള പഠനരീതിയുമെല്ലാം ആവിഷ്‌കരിക്കപ്പെട്ടത് ആ സമയത്താണ്. 

click me!