
വിവാഹത്തിന് പലതരത്തിലും പലതും ചെയ്ത് ആളുകൾ വൈറലാവാറുണ്ട്. എന്നാലിപ്പോൾ, ഒരു വരൻ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടുകയാണ്. എന്തിനാണ് എന്നല്ലേ? ഇയാൾ വിവാഹത്തിനായി വേദിയിലേക്കെത്തിയത് ശവപ്പെട്ടിയിൽ. ആ ശവപ്പെട്ടി ചുമന്നത് അയാൾ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുടെ കൂട്ടുകാരികളും.
യുഎസ്സിലാണ് സംഭവം. ആരാണ് ആ വരൻ എന്നത് വ്യക്തമല്ല. വിവാഹത്തിനെത്തിയ ഒരു അതിഥിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. വീഡിയോയിൽ വാഹനത്തിൽ നിന്നും വരൻ വന്ന ശവപ്പെട്ടി പുറത്തിറക്കുന്നത് കാണാം. വധുവിന്റെ രണ്ട് കൂട്ടുകാരികളാണ് ശവപ്പെട്ടിയുടെ മുൻഭാഗം പിടിച്ചിരിക്കുന്നത്. പിന്നാലെ, ബാക്കി ഭാഗം വരന്റെ സുഹൃത്തുക്കളും പിടിച്ചിരിക്കുന്നു.
വീഡിയോ ടിക്ടോക്കിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. എട്ട് മില്ല്യണിലധികം ആളുകൾ വളരെ വേഗത്തിൽ തന്നെ വീഡിയോ കണ്ടും കഴിഞ്ഞു. എന്നാൽ, വളരെ വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. വീഡിയോ പോസ്റ്റ് ചെയ്തയാൾ ഇതൊരു ശവസംസ്കാര ചടങ്ങല്ല, മറിച്ച് തന്റെ സുഹൃത്ത് വിവാഹവേദിയിലേക്ക് വരുന്നതാണ് എന്നും പറയുന്നുണ്ട്.
വിവാഹാഘോഷത്തിന് യോജിച്ച വസ്ത്രങ്ങളാണ് ശവപ്പെട്ടി ചുമന്നവർ ധരിച്ചിരുന്നത്. അവർ ശവപ്പെട്ടി വണ്ടിയിൽ നിന്നും ഇറക്കി ചുമന്ന് കൊണ്ടുവരുമ്പോൾ അതിഥികൾ അമ്പരന്ന് നോക്കിനിൽക്കുകയാണ്. വധുവിന്റെ കൂട്ടുകാരികൾ ആ ഭാരിച്ച ശവപ്പെട്ടി ചുമക്കാൻ കഷ്ടപ്പെടുന്നതായും വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു.
ഏതായാലും വീഡിയോ കണ്ടവർ നിരവധി അഭിപ്രായങ്ങൾ പറഞ്ഞു. അതിൽ മിക്കവരും പറഞ്ഞത് തന്റെ വരനാണ് ഇങ്ങനെ വിവാഹവേദിയിൽ എത്തുന്നത് എങ്കിൽ ആ വിവാഹം തന്നെ താൻ ഒഴിവാക്കും എന്നായിരുന്നു. മറ്റ് ചിലർ ചോദിച്ചത് ആ ശവപ്പെട്ടിക്ക് എന്ത് ചിലവ് വരും എന്നാണ്. എന്നാൽ, വേറെ ചിലർ വിവാഹശേഷം വധുവും വരനും ആ ശവപ്പെട്ടി എന്ത് ചെയ്യും എന്നാണ് ചോദിച്ചത്.
എന്നാൽ, മറ്റ് ചിലർ അതിനോട് പൊസിറ്റീവായും പ്രതികരിച്ചു. നിന്നെ കണ്ടുമുട്ടുന്നതിന് മുമ്പ് ഞാൻ മരിച്ചിരിക്കുകയായിരുന്നു തുടങ്ങിയ അർത്ഥം അതിനുണ്ടാകും എന്നാണ് ഒരാൾ പ്രതികരിച്ചത്.