പുതിയ കൃഷിരീതി, കുറഞ്ഞ പരിചരണം, മികച്ച വിള; വാട്ട്‌സാപ്പില്‍ മൊട്ടിട്ട കൂട്ടുകൃഷിക്ക് നൂറുമേനി വിളവ്!

By Rasheed KPFirst Published Apr 2, 2019, 3:35 PM IST
Highlights

അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പില്‍, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പച്ചക്കറികള്‍ വിളവെടുത്തു. ആ വാട്ട്‌സാപ്പ് ഗ്രൂപ്പ് നിറയെ കണിവെള്ളരിയുടെ ആഹ്‌ളാദം തുളുമ്പി. 

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ ഭൂതകാലമാണ് വാണിമേലിന് പറയാനുള്ളത്. നിരവധി കൊലപാതങ്ങള്‍ നടന്ന, കലാപങ്ങള്‍ പതിവായിരുന്ന നാട്. മനുഷ്യര്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വേറിട്ടു നിന്ന നാട് പിന്നീട് കേരളത്തിന് മാതൃകയായി സംഘര്‍ഷങ്ങളില്‍നിന്നും തിരിഞ്ഞു നടക്കുകയായിരുന്നു. ചോര വീണ ആ കാലത്തിന് ശേഷം നാടിനെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാണ് 'ബാണ്യേക്കാര്‍' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ്.

കോഴിക്കോട്: ആ വെള്ളരികള്‍ മൊട്ടിട്ട് പൂവായി കായായി മാറിയത് മണ്ണിലാണെങ്കിലും അതിന്റെ ആവേശം മുഴുവന്‍ വാട്ട്‌സാപ്പിലായിരുന്നു. കൃഷിയുടെ ഓരോ മാറ്റങ്ങളും ഓരോ വളര്‍ച്ചയും ചിത്രങ്ങളായി ആ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകം പേര്‍ ആഹ്‌ളാദത്തോടെ അത് കണ്ടുനിന്നു. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു. ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. നാട്ടിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ഇടയ്ക്കിടെ കൃഷിയിടത്തില്‍ സന്ദര്‍ശനം നടത്തി. വളര്‍ച്ച കണ്ടറിഞ്ഞു. അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പില്‍, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പച്ചക്കറികള്‍ വിളവെടുത്തു. ആ വാട്ട്‌സാപ്പ് ഗ്രൂപ്പ് നിറയെ കണിവെള്ളരിയുടെ ആഹ്‌ളാദം തുളുമ്പി. 

കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ വെള്ളിയോട് മഠത്തില്‍ എല്‍ പി സ്‌കൂളിനു സമീപമുള്ള പത്ത് സെന്റ് നിലത്താണ് ആ കൂട്ടുകൃഷി നടന്നത്. 'ബാണ്യേക്കാര്‍' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പാണ് രണ്ടു മാസം മുമ്പ് വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, കക്കിരി എന്നിവ കൃഷിയിറക്കിയത്. വാണിമേലില്‍ ജനിച്ചു വളര്‍ന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ പേരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആണിത്. 

ഗ്രൂപ്പ് കൂടിച്ചേരലുകളിലൊന്നില്‍ വിരിഞ്ഞ ആശയമായിരുന്നു കൂട്ടുകൃഷി. തുടര്‍ന്ന്, കാര്‍ഷിക രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള  എം.കെ.കുഞ്ഞബ്ദുള്ള, എന്‍.പി.ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ മുന്‍കൈയില്‍ ഇതിനായി കൂട്ടായ്മ രൂപവല്‍ക്കരിച്ചു. പ്രദേശവാസിയായ മാടം വെള്ളി ഹമീദ് പത്തു സെന്റ് സ്ഥലം കൃഷിയിറക്കാന്‍ വിട്ടുനല്‍കി. ഗ്രൂപ്പിലെ 40 പേര്‍ 1000 രൂപ വീതം നല്‍കി നിക്ഷേപം സമാഹരിച്ചു. തൂണേരി ബ്ലോക്ക് കൃഷി ഓഫീസര്‍ കെ.എന്‍ ഇബ്രാഹിം, വാണിമേല്‍ കൃഷി ഓഫീസര്‍ അംല എന്നിവരുടെ നിര്‍ദേശങ്ങളോടെ ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ കൃഷി ആരംഭിച്ചു. 

ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ കൃഷി ആരംഭിക്കുന്നു

കുറഞ്ഞ പരിചരണം കൊണ്ട് മികച്ച വിളവെടുപ്പ് സാധ്യമാവുന്നതാണ് ഫെര്‍ട്ടിഗേഷന്‍ കൃഷി രീതി. ജൈവവളം കൂട്ടിക്കലര്‍ത്തി പാകപ്പെടുത്തിയ മണ്ണിലേക്ക് ജലസേചനത്തിന് നേര്‍ത്ത പൈപ്പ് ശൃംഖലകള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ആവരണം ചെയ്ത ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ സുഷിരമിട്ടാണ് തൈകള്‍ നട്ടു പിടിപ്പിച്ചത്. പ്ലാസ്റ്റിക് ഷീറ്റിട്ടതിലൂടെ ജലബാഷ്പീകരണനഷ്ടവും കളകളുടെ വളര്‍ച്ചയും പൂര്‍ണ്ണമായി തടയാനായി. നിയന്ത്രിതമായ ജലസേചനം മണ്ണിലൂടെയുള്ള ഊര്‍ന്നിറങ്ങല്‍ നഷ്ടം തടഞ്ഞു. പോഷക ഘടകങ്ങള്‍ ജലത്തില്‍ കലര്‍ത്തി ഇടവേളകളില്‍ നല്‍കിയതു കൊണ്ട് പ്രത്യേക പരിചരണം ആവശ്യമായി വന്നില്ല. 

ആദ്യ ഘട്ട കൃഷി തന്നെ വന്‍ വിജയമായിരുന്നു. എട്ടു ക്വിന്റലോളം വിളവാണ് ഇവിടെനിന്ന് ലഭിച്ചത്. പച്ചക്കറികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയ ശേഷം അധികമുള്ളവ വില്‍പന നടത്തി. കൃഷിഭവന്റെ പ്രോത്സാഹന സഹായമായി 30,000 രൂപയും പദ്ധതിക്ക് ലഭിച്ചു. കൃഷിയിടത്തില്‍ നടന്ന വിളമെടുപ്പ് ഉല്‍സവം ബ്ലോക്ക് കൃഷി ഓഫീസര്‍ കെ.എന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാണിമേല്‍ കൃഷി ഓഫീസര്‍ അംല അധ്യക്ഷത വഹിച്ചു. സി.കെ സുബൈര്‍, എം.കെ.മജീദ്, മുല്ലേരിക്കണ്ടി കുഞ്ഞബ്ദുള്ള, മാടംവെള്ളി ഹമീദ് എന്നിവര്‍ സംസാരിച്ചു. കൂട്ടുകൃഷി  കോര്‍ഡിനേറ്റര്‍  എന്‍.പി.ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എം.കെ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

വിളവെടുപ്പ് ഉല്‍സവത്തിന് എത്തിയവര്‍
 

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ ഭൂതകാലമാണ് വാണിമേലിന് പറയാനുള്ളത്. നിരവധി കൊലപാതങ്ങള്‍ നടന്ന, കലാപങ്ങള്‍ പതിവായിരുന്ന നാട്. മനുഷ്യര്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വേറിട്ടു നിന്ന നാട് പിന്നീട് കേരളത്തിന് മാതൃകയായി സംഘര്‍ഷങ്ങളില്‍നിന്നും തിരിഞ്ഞു നടക്കുകയായിരുന്നു. ചോര വീണ ആ കാലത്തിന് ശേഷം നാടിനെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാണ് 'ബാണ്യേക്കാര്‍' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ്.


എല്ലാ വിഭാഗം ആളുകള്‍ക്കും ഒന്നിച്ചു ചേരാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ഇടമായാണിത് മുന്നോട്ടുപോവുന്നത്.  ഈ വാട്ട്‌സാപ്പ് ഗ്രൂപ്പ് നടത്തിയ ഗാര്‍ഹിക മെഗാ ഗ്രോബാഗ് കൃഷി, ജൈവ കാര്‍ഷിക വിളകളുടെയും വീട്ടുപറമ്പിലെ സര്‍പ്ലസ് കാര്‍ഷികോല്‍പന്നങ്ങളുടെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലയിലെ തീവ്രവികസന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, നവസംരഭകത്വ പരിപാടികള്‍, സാമൂഹിക സംഗമങ്ങള്‍, പ്രഗല്‍ഭരുമായുള്ള വാരാന്ത്യ സംവാദങ്ങള്‍ എന്നീ പരിപാടികള്‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. സി.കെ.ഫൈസല്‍, എന്‍.പി.ചന്ദ്രന്‍ മാസ്റ്റര്‍, സി.കെ.മൊയ്തു മാസ്റ്റര്‍, ലികേഷ് കോടിയൂറ, ദീപ ചിത്രാലയം, ഷഫീന, ഷെരീഫ് ടി.ടി,  നൗഷാദ് കെ.വി, സി.കെ.ഇസ്മയില്‍, സജീര്‍ താവോട്ട്, മുഹമ്മദലി വാണിമേല്‍, അഡ്വ.സുരേഷ് ബാബു, സുരേഷ് സുബ്രഹ്മണ്യം എന്നിവരാണ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിളവെടുപ്പ് ഉല്‍സവത്തിന് എത്തിയവര്‍
 

click me!