കാപ്സിക്കം വിളയിക്കാം, നീര്‍വാര്‍ച്ചയുള്ള മണ്ണില്‍

By Web TeamFirst Published Nov 28, 2019, 4:14 PM IST
Highlights

സാധാരണ മുളക് വളരുന്ന കാലാവസ്ഥയില്‍ തന്നെ കാപ്സിക്കവും വളരാറുണ്ട്. എന്നാലും 21 മുതല്‍ 25 രെ ഡിഗ്രി സെന്‍ഷ്യസില്‍ ആണ് ഇത് നന്നായി വളരുന്നത്.

ഗ്രീന്‍ പെപ്പര്‍,സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. നിരവധി ഇനങ്ങള്‍ കാപ്സിക്കത്തിനുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് കാലിഫോര്‍ണിയ വണ്ടര്‍, വേള്‍ഡ് ബീറ്റര്‍, അര്‍ക്ക മോഹിനി, അര്‍ക്ക ഗൗരവ്, അര്‍ക്ക ബസന്ത്, റൂബി കിങ്ങ് എന്നിവ. കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിരവധി അസുഖങ്ങള്‍ക്കെതിരെയുള്ള പ്രതിവിധിയാണ്.

കൃഷിരീതി

സാധാരണ മുളക് വളരുന്ന കാലാവസ്ഥയില്‍ തന്നെ കാപ്സിക്കവും വളരാറുണ്ട്. എന്നാലും 21 മുതല്‍ 25 രെ ഡിഗ്രി സെന്‍ഷ്യസില്‍ ആണ് ഇത് നന്നായി വളരുന്നത്. ഉയര്‍ന്ന ചൂടുള്ള അന്തരീക്ഷം കാപ്സിക്കം ഉണ്ടാകാന്‍ അനുയോജ്യമല്ല. പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോഴുള്ള ഉയര്‍ന്ന ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ആര്‍ദ്രതയും പൂമൊട്ടുകള്‍ കൊഴിയാന്‍ കാരണമാകും. അതുപോലെ തന്നെ പൂക്കളും ചെറിയ പഴങ്ങളും ചൂട് കൂടിയാല്‍ കൊഴിഞ്ഞുപോകും. രാത്രിയിലെ ഉയര്‍ന്ന ഊഷ്മാവില്‍ കാപ്സിസിന്റെ (മുളകിന്റെ പ്രത്യേകത) അളവ് കൂടുന്നതായി കണ്ടിട്ടുണ്ട്.

യോജിച്ച മണ്ണ്
കാപ്സിക്കം സാധാരണയായി എല്ലാ തരം മണ്ണിലും വിളയും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കാപ്സിക്കം കൃഷിക്ക് ഏറ്റവും അനുയോജ്യം. നല്ല വളക്കൂറുള്ള പശിമരാശി മണ്ണില്‍ കാപ്സിക്കം നന്നായി വിളയും. നന്നായി വളപ്രയോഗവും ജലസേചനവും നടത്തണം. കാപ്സിക്കത്തിന് അനുയോജ്യമായ പി.എച്ച് ലെവല്‍ 6 മുതല്‍ 6.5 വരെയാണ്.

കാപ്സിക്കത്തിന്റെ തൈകള്‍ നഴ്സറിയിലെ ബെഡ്ഡില്‍ നിന്ന് മാറ്റി കൃഷിഭൂമിയിലേക്ക് നടുകയാണ് ചെയ്യുന്നത്. സാധാരണയായി ഒരു ഹെക്ടറില്‍ കൃഷി ചെയ്യാന്‍ 5-6 ബെഡ്ഡ് (300x60x15cm) വിത്തുകളാണ് ആവശ്യം. ആരോഗ്യമുള്ള തൈകള്‍ ലഭിക്കാന്‍ 8-10 സെ.മീറ്റര്‍ അകലത്തില്‍ വിത്തു വിതയ്ക്കണം. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് കുമിള്‍നാശിനി തളിച്ചാല്‍ വിത്തുകളിലുണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ തടയാം. ഒരു ഹെക്ടറില്‍ 1-2 kg വിത്ത് ഒരു ഹെക്ടറില്‍ ആവശ്യമാണ്.

വിത്ത് വിതയ്ക്കുന്ന സമയം

സാധാരണയായി ആഗസ്റ്റ് മാസത്തിലാണ് വിത്ത് വിതച്ച് തണുപ്പുകാലത്ത് വിളവെടുക്കുന്നു. അതുപോലെ നവംബറില്‍ വിത്ത് വിതച്ച് വസന്ത കാലത്തും വേനല്‍ക്കാലത്തും വിളവെടുക്കുന്നു.വടക്കന്‍ ബംഗാളിലെ കുന്നുകളില്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലുമാണ് വിത്ത് വിതയ്ക്കുന്നത്. ഇങ്ങനെ വിതയ്ക്കുമ്പോള്‍ ഇവര്‍ക്ക് നല്ല വിളവ് കിട്ടുന്നു.

കൃഷിഭൂമി തയ്യാറാക്കാം

തൈകള്‍ നടുന്നതിന് മുമ്പായി കൃഷിഭൂമി അഞ്ചോ ആറോ പ്രാവശ്യം നന്നായി ഉഴുതുമറിയ്ക്കണം. ആദ്യം ഉഴുതുമറിച്ച ശേഷം കമ്പോസ്റ്റ് ചേര്‍ത്താല്‍ പിന്നീട് നിലം ഉഴുതുമ്പോള്‍ വളം മണ്ണില്‍ എല്ലായിടത്തും ഒരുപോലെ ലയിച്ചു ചേരും.

തൈകള്‍ക്ക് നാലോ അഞ്ചോ ഇലകള്‍ വരുമ്പോള്‍ പറിച്ചു നടാം. നഴ്സറിയിലെ ബെഡ്ഡ് നന്നായി നനച്ച ശേഷമേ തൈകള്‍ പറിച്ചെടുക്കാവൂ.തൈകള്‍ പറിച്ചെടുത്ത് വൈകുന്നേരം കൃഷി ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലം നന്നായി നനച്ച ശേഷം നിരകളായി മണ്ണില്‍ നടുന്നതാണ് അനുയോജ്യം.

ചെടികള്‍ പറിച്ചു നടുമ്പോള്‍ 30 മുതല്‍ 60 സെ.മീ അകലത്തില്‍ നടണം. വരികള്‍ തമ്മില്‍ 90 സെമീ അകലം പാലിക്കണം.

തൈകള്‍ മാറ്റിനട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ജലസേചനം നടത്തണം. നട്ട് 30 ദിവസത്തിനു ശേഷവും 60 ദിവസത്തിന് ശേഷവും കളനാശിനികള്‍ പ്രയോഗിച്ചാല്‍ കാപ്സിക്കത്തില്‍ നല്ല വിളവ് ലഭിക്കും.

കാപ്സിക്കത്തിന്റെ ഗുണങ്ങള്‍

അമിത വണ്ണമുള്ളവര്‍ക്ക് കാപ്സിക്കം ആശ്വാസമാണ്. ശരീരത്തില്‍ അധികമുള്ള കലോറി എരിയിച്ചു കളയാന്‍ അനുയോജ്യമാണ് കാപ്സിക്കം. ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്കും കാപ്സിക്കം കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം.അതുകാരണം ആസ്ത്മ,തിമിരം എന്നിവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഭക്ഷണപദാര്‍ഥമാണ് കാപ്സിക്കം.

കാപ്സിക്കം ക്യാന്‍സറിനെതിരെയും പ്രവര്‍ത്തിക്കുന്നു. വിദഗ്ധരും ശാസ്ത്രജ്ഞരും കാപ്സിക്കത്തിന് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്.

ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. നമ്മുടെ തൊലിയില്‍ നിന്നും സ്പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സാലഡുകളിലും പിസ, സാന്റ്വിച്ച്, പാസ്ത, മക്രോണി എന്നിവയിലും കാപ്സിക്കം ഉപയോഗിക്കുന്നുണ്ട്. ഉരുളക്കിഴങ്ങും കാപ്സിക്കവും ചേര്‍ത്തും ഉപയോഗിക്കാറുണ്ട്.

click me!