ദിവസവും 200 യാചകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഒരു ചായക്കടക്കാരന്‍; 94 വയസ്സുള്ള ഗുലാബ് ജിയും, മസാല ചായ മാജിക്കും...

By Web TeamFirst Published Jul 8, 2019, 6:31 PM IST
Highlights

തന്‍റെ 94 -ാമത്തെ വയസ്സിലും ഈ ചായക്കട നടത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല അദ്ദേഹത്തിന്. ജനങ്ങള്‍ വയസ്സാവുന്നതിനെ കുറിച്ച് പലതും പറയാറുണ്ട്. പക്ഷെ, എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. 

എല്ലാ ദിവസവും രാവിലെ മൂന്ന് മണിക്ക് അദ്ദേഹം ഉറക്കമുണരും. റെഡിയായി നേരെ തന്‍റെ ചായക്കടയിലേക്ക്...  4.30 ആകുമ്പോഴേക്കും അദ്ദേഹത്തിന്‍റെ പ്രശസ്തമായ  മസാല ചായ റെഡിയാണ്. ഇങ്ങനെയാണ് ഗുലാബ് സിങ് ധീരവത്തിന്‍റെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നത്. ഇന്നോ ഇന്നലെയോ മുതലല്ല കഴിഞ്ഞ 73 വര്‍ഷങ്ങളായി ജയ്പൂരിലെ ഏറ്റവും പ്രിയപ്പെട്ട ചായവില്‍പ്പനക്കാരനാണ് അദ്ദേഹം. 

1946 മുതല്‍ ഇവിടെയെത്തുന്നവര്‍ അദ്ദേഹത്തിന്‍റെ ചായ മാജിക് അറിയുന്നവരാണ്. അടുത്തിടെയായി സമൂസ, ബണ്‍ മസ്ക എന്നിവ കൂടി ഇവിടെ വില്‍ക്കുന്നു. ആ നഗരത്തിന്‍റെ ചരിത്രത്തിന്‍റെ രുചി കിട്ടണമെങ്കില്‍ ഗുലാബ് ജിയുടെ കടയില്‍ കിട്ടുന്ന ചായ ഒരു കവിള്‍ കുടിച്ചാല്‍ മതിയെന്നാണ് പറയാറ്. എന്താണ് ഗുലാബ് ജീ ചായയുടെ രുചിക്ക് പിന്നിലെ രഹസ്യമെന്ന് ചോദിച്ചാലോ? ഒന്നുമില്ല സാധാരണ എല്ലാവരും ചേര്‍ക്കുന്നതെല്ലാം തന്നെയാണ് ചേര്‍ക്കുന്നത്. മസാല, പാല്‍, വെള്ളം, തേയില, പഞ്ചസാര. പിന്നെയൊരല്‍പം സ്നേഹവും ചേര്‍ക്കും അതിലാണ് എല്ലാവരും പറയുന്ന ആ രുചിയുടെ മാജിക്കുള്ളത് എന്നുകൂടി അദ്ദേഹം പറയും. 

ചായയും ചര്‍ച്ചയും
ഗുലാബ് ജിയുടെ ചായക്കടയില്‍ ചായകുടി മാത്രമല്ല, ചര്‍ച്ചകളും നടക്കാറുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിച്ച് പലവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതും പതിവ് കാഴ്ചയാണ്. 

1946 -ലാണ് അദ്ദേഹം ചായക്കട തുടങ്ങാന്‍ തീരുമാനിക്കുന്നത്. അന്ന് ആരും അദ്ദേഹത്തെ പിന്തുണച്ചില്ല. ചായക്കട നടത്തുന്നതൊന്നും കുടുംബത്തിന്‍റെ അന്തസ്സിന് ചേരുന്നതല്ല എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. പക്ഷെ, പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാനെന്‍റെ ഇഷ്ടത്തെ പിന്തുടരും എന്നാണ് അദ്ദേഹം പറഞ്ഞത്. 

വെറും 130 രൂപ കൊണ്ടാണ് അന്ന് അദ്ദേഹം ഒരു മൊബൈല്‍ ടീസ്റ്റാള്‍ തുടങ്ങിയത്. ഇന്ന് ഒരുദിവസം 20,000 രൂപവരെ അദ്ദേഹം സമ്പാദിക്കുന്നു. ചായക്കും കടിക്കും ചേര്‍ന്ന് 20 രൂപയാണ് വില. ഓരോ ദിവസവും 4000 പേരെങ്കിലും ചായ കുടിക്കാനായി ഇവിടെയെത്തും. 

തന്‍റെ 94 -ാമത്തെ വയസ്സിലും ഈ ചായക്കട നടത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല അദ്ദേഹത്തിന്. ജനങ്ങള്‍ വയസ്സാവുന്നതിനെ കുറിച്ച് പലതും പറയാറുണ്ട്. പക്ഷെ, എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ജോലി ചെയ്യാനാവുന്നതില്‍ സന്തോഷമാണ്. തന്‍റെ ശരീരം അനുവദിക്കുന്ന കാലം വരെ ജോലി ചെയ്യും എന്നാണ് ഗുലാബ് ജി പറയുന്നത്. 

അദ്ദേഹത്തിനിത് തന്‍റെ വരുമാന മാര്‍ഗം മാത്രമല്ല. അദ്ദേഹത്തിന്‍റെ നിലനില്‍പ്പിന്‍റെ ഭാഗം കൂടിയാണ്. എല്ലാ ദിവസവും രാവിലെ ആറ് മണിക്കും ഉച്ചക്കും ഇരുന്നൂറിലധികം യാചകര്‍ അദ്ദേഹത്തിന്‍റെ കടയിലെത്തും. അവര്‍ക്ക് സൗജന്യമായി ചായയും കടിയും നല്‍കും അദ്ദേഹം. 'മരിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുപോകുന്നില്ല, ഈ സ്നേഹവും സന്തോഷവുമല്ലാതെ. മനസിന്‍റെ സംതൃപ്തിക്കായാണ് ഞാനിത് ചെയ്യുന്നത്. അവസാനശ്വാസം വരെ അത് തുടരും' എന്നും അദ്ദേഹം പറയുന്നു. 

click me!