
ഏകദേശം 3,715 കോടി രൂപയുടെ ആസ്തി, യാത്രചെയ്യാന്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റ്, ആഡംബര കാറുകള്‍, പരിചരിക്കാന്‍ ചുറ്റിലും വേലക്കാര്‍, താമസിക്കാന്‍ കൊട്ടാര സമാനമായ ഒരു ബംഗ്ലാവ്, ഭക്ഷണം പാകം ചെയ്യാന്‍ ലോകത്തിലെ തന്നെ മികച്ച പാചകക്കാര്‍.. ആരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ഈ ജീവിതം നയിക്കുന്നത് എന്നാല്‍ ഒരു മനുഷ്യനല്ല. മറിച്ച്, ലോകത്തിലെ തന്നെ ഏറ്റവും ധനികനായ നായയായ ഗുന്തര്‍ ആറാമനാണ്. ഗുന്തര്‍ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡാണ്.
ഇപ്പോള്‍ തന്റെ മിയാമി മാന്‍ഷന്‍ 31.75 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഗുന്തര്‍. പോപ്പ് ഗായിക മഡോണയുടെ കൈയില്‍ നിന്ന് ഗുന്തറിന്റെ മുത്തശ്ശന്‍ ഗുന്തര്‍ നാലാമന്‍ വാങ്ങിയതാണ് ഇത്. 2000-ല്‍ 7.5 ദശലക്ഷം ഡോളറിനാണ് വില്ല വാങ്ങിയത്. 100 അടി വാട്ടര്‍ ഫ്രണ്ടേജ്, സമൃദ്ധമായ ലാന്‍ഡ്സ്‌കേപ്പിംഗ്, തുറസ്സായ ബേ എന്നിവയുള്ള എസ്റ്റേറ്റ് 51,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. മാളികയ്ക്ക് 8,400 ചതുരശ്ര അടി വിസ്തീര്‍ണവും 9 കിടപ്പുമുറികളും 8 കുളിമുറികളുമുണ്ട്.
ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഗുന്തറിന്റെ ഐതിഹാസികമായ ചരിത്രം ആരംഭിക്കുന്നത്. 1992-ല്‍ അന്തരിച്ച കാര്‍ലോട്ട ലീബെന്‍സ്‌റ്റൈന്‍ എന്ന ജര്‍മ്മന്‍ വനിത, കുട്ടികളില്ലാത്തതിന്റെ പേരില്‍ തന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ മുഴുവന്‍ നായയായ ഗുന്തര്‍ മൂന്നാമന് നല്‍കി.
ഗുന്തര്‍ മൂന്നാമന്‍ അത് ഗുന്തര്‍ നാലാമനു നല്‍കി. ഇപ്പോള്‍ ഈ സ്വത്തിനെല്ലാം അവകാശി ഗുന്തര്‍ ആറാമനാണ്. ശതകോടീശ്വരനായ അവന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗുന്തര്‍ കോര്‍പ്പറേഷനാണ്. ബഹാമാസ് ആസ്ഥാനമായുള്ള കമ്പനി ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍ പങ്കാളിയാണ്. ഗുന്തര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മിയാമി എസ്റ്റേറ്റും.
റിയല്‍ എസ്റ്റേറ്റിന് പുറമേ, പ്രസിദ്ധീകരണം, സ്‌പോര്‍ട്‌സ് ടീമുകള്‍, നിശാക്ലബ്ബുകള്‍, ശാസ്ത്ര ഗവേഷണം എന്നിവയില്‍ സ്ഥാപനം നിക്ഷേപം നടത്തിയിട്ടുണ്ട്. ആഡംബരത്തിന്റെ മടിത്തട്ടിലാണ് ഗുന്തറിന്റെ ജീവിതം. ഗുന്തറിന് കറങ്ങി നടക്കാന്‍ എസ്റ്റേറ്റില്‍ ധാരാളം സ്ഥലമുണ്ടെങ്കിലും, മഡോണയുടെ മുന്‍ കിടപ്പുമുറിയിലാണ് അവന്‍ കൂടുതല്‍ സമയവും.
പകല്‍ വൃത്താകൃതിയിലുള്ള ഇറ്റാലിയന്‍ ചുവന്ന വെല്‍വെറ്റ് കിടക്കയില്‍ കടലും നോക്കി അവന്‍ കിടക്കും. ചിലപ്പോള്‍ ഒന്ന് മയങ്ങും. ഏറ്റവും മികച്ച ഇറച്ചിയും പച്ചക്കറികളും കൊണ്ട് പാകം ചെയ്ത വീട്ടില്‍ നിന്നുള്ള ആഹാരമാണ് അവന്‍ കഴിക്കുന്നത്.
എന്നാല്‍ രാത്രി ആഡംബര ഭക്ഷണശാലകളിലാണ് അത്താഴം. ഇനി വീട്ടിലിരുന്ന് മടുത്തെന്ന് വരട്ടെ, ഒരു സ്വകാര്യ ജെറ്റില്‍ മിലാനിലെ ബഹാമസിലേക്ക് ഒറ്റ പറക്കലാണ്. ജെറ്റിന് പുറമെ, നിരവധി യാട്ടുകളും, വാഹനങ്ങളും അവന് സ്വന്തമായിട്ടുണ്ട്. ബ്രാന്‍ഡഡ് സാധനങ്ങളോട് താല്പര്യമുള്ള അവന്‍ മീറ്റിംഗുകളില്‍ വജ്രം പതിച്ച കോളര്‍ ധരിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.