
മധ്യപ്രദേശിലെ ഗ്വാളിയോറിൽ മോഷ്ടാക്കളെ ഭയന്ന് കഴിയുകയാണ് ഇപ്പോൾ ചില പ്രദേശവാസികൾ. പാതിരാത്രിയിൽ വീടിനു നേരെ കല്ലിൽ കെട്ടിയ ചില സന്ദേശങ്ങൾ വലിച്ചെറിയുകയായിരുന്നത്രെ മോഷ്ടാക്കൾ. ആ സന്ദേശത്തിൽ, സമാധാനത്തോടെ മോഷ്ടിക്കാൻ അനുവദിക്കൂ, ഇല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ കൊല്ലും തുടങ്ങിയ ഭീഷണികളാണ് എഴുതിയിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കല്ലിൽ കെട്ടി എറിഞ്ഞ സന്ദേശം കയ്യിലെത്തിയതോടെ പലരും വല്ലാതെ ഭയത്തിലായി. വിവരം കിട്ടിയ ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗ്വാളിയോറിലെ ഗോല കാ മന്ദിർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂര്യ വിഹാർ കോളനിയിൽ താമസിക്കുന്ന ഭോലാറാം ശ്രീവാസ് എന്നയാളിന്റെ വീട്ടിലേക്കാണ് രാത്രി വൈകി ഒരാൾ കത്ത് കല്ലിൽ കെട്ടി എറിഞ്ഞത്.
“ഞാൻ ഒരു കള്ളനാണ്, എന്നെ മോഷ്ടിക്കാൻ അനുവദിക്കണം, ഇല്ലെങ്കിൽ ഞാൻ എല്ലാവരെയും കൊല്ലും. നമുക്ക് സമാധാനപരമായി മോഷ്ടിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് മരിക്കേണ്ടി വരും" എന്നാണ് ഇതിൽ എഴുതിയിരുന്നത്.
കത്ത് കിട്ടിയതോടെ പ്രദേശവാസികളെല്ലാം തന്നെ വല്ലാത്ത ഭയത്തിലാണത്രെ. മാത്രമല്ല, 2024 -ലും ഇതുപോലെ ഒരു വീടിനെ കള്ളന്മാർ ലക്ഷ്യം വയ്ക്കുകയും അവിടെ മോഷണം നടത്തുകയും ചെയ്തിട്ടുണ്ട് എന്നതും ആളുകളുടെ പേടി വർധിക്കാൻ കാരണമായി തീർന്നിട്ടുണ്ട്.
സമീപത്ത് ഒരു പൂന്തോട്ടമുണ്ടെന്നും അതിലൂടെയാണ് മോഷ്ടാക്കൾ അകത്തേക്ക് കടക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. അതിലൂടെയാണ് കള്ളന്മാർ അകത്ത് കയറുന്നത്. കഴിഞ്ഞ 15 ദിവസമായി അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് കാണാമായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
ഇതോടെ രാത്രി മുഴുവനും നാട്ടുകാർ ഉണർന്നിരിക്കാൻ തുടങ്ങി. സ്ഥലത്തെത്തിയ പൊലീസിന് കാര്യമായി തെളിവുകളൊന്നും കിട്ടിയിട്ടില്ല. കള്ളന്മാർ എഴുതിയത് എന്ന് കരുതുന്ന കത്ത് പൊലീസ് കൊണ്ടുപോയിട്ടുണ്ട്.
(ചിത്രം പ്രതീകാത്മകം)
ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!