'പ്രേതനഗര'ത്തില്‍ തനിച്ച് 22 വര്‍ഷം; തന്നെ ഈ ജീവിതം ഭ്രമിപ്പിക്കുന്നുവെന്ന് എഴുപതുകാരന്‍...

By Web TeamFirst Published Aug 4, 2019, 3:25 PM IST
Highlights

പക്ഷേ, റോബര്‍ട്ട് അവിടം വിടാന്‍ ഒരുക്കമായിരുന്നില്ല. എല്ലാ ദിവസവും റോബര്‍ട്ട് വിറക് ശേഖരിക്കുന്നു, തീ കൂട്ടാനായി. അവിടെ പര്‍വ്വതത്തിന് മുകളില്‍ വൈദ്യുതി ഉണ്ട്, പക്ഷേ വെള്ളമില്ല.

റോബര്‍ട്ട് ലൂയിസ് ഡെസ്മറൈസ്... കാലിഫോര്‍ണിയയിലെ ഒരു ഗോസ്റ്റ് ടൗണിലെ ഒരേയൊരു താമസക്കാരനാണ്...

അവിടം വലിയൊരു വെള്ളിഖനിയായിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളിക്ക് വേണ്ടിയുള്ള തിരച്ചിലിനാണ് അയാളവിടെ എത്തിച്ചേര്‍ന്നത്. അവിടെ ഭൂമിക്കടിയില്‍ വെള്ളികളൊരുപാട് ഇനിയുമുണ്ട് എന്ന വിശ്വാസത്തിലാണ് റോബര്‍ട്ട് അവിടെത്തന്നെ തുടരുന്നത്. മാത്രവുമല്ല, ആ ഒറ്റപ്പെട്ട ജീവിതം അയാള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

70 വയസ്സുള്ള റോബര്‍ട്ട്, നേരത്തെ ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. അവധി ദിവസങ്ങളില്‍ അദ്ദേഹം ഈ സ്ഥലം സന്ദര്‍ശിക്കാനെത്താറുണ്ടായിരുന്നു. പക്ഷേ, 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുദിവസം അയാള്‍ സ്ഥിരതാമസത്തിനായി അവിടേക്കെത്തി. എല്ലാ ബഹളങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒഴിഞ്ഞ് മലയുടെ മുകളില്‍, നക്ഷത്രങ്ങള്‍ക്ക് കീഴെ താമസിക്കാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തില്‍ നിന്നു കൂടിയുള്ളതായിരുന്നു ആ യാത്ര. 

സെറോ ഗോര്‍ഡോ, കാലിഫോര്‍ണിയയിലെ വെള്ളിഖനികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ലോസ് ഏഞ്ചല്‍സിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ചത് ഇതാണെന്ന് റോബര്‍ട്ട് ലൂയിസ് പറയുന്നു. അവിടെ ധാരാളം വെള്ളി അവശേഷിക്കുന്നുണ്ടെന്ന് തോന്നലില്‍ അദ്ദേഹം 800 അടി താഴെയായി പാറകൾ തകർക്കുകയും ആ വെള്ളി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. "ഞാൻ അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഇവിടെത്തന്നെ കഴിയുന്നത്..." റോബര്‍ട്ട് പറയുന്നു.

കുറച്ച് വർഷം റോബര്‍ട്ട് പട്ടണത്തിൽ താമസിച്ചു. അതിനുശേഷമാണ് ഒരാൾ അദ്ദേഹത്തിന് ഇവിടെ ഒരു ക്യാബിൻ നല്‍കുന്നത്. വില്യം ഹണ്ടർ എന്ന ഖനിത്തൊഴിലാളിയുടെ വീടായിരുന്നു നേരത്തേ അത്. അവിടെയാണ് റോബര്‍ട്ട് ഇപ്പോൾ താമസിക്കുന്നത്. 8,200 അടി ഉയരത്തിൽ, താഴ്വരയില്‍ നിന്നുള്ള മുഴുവന്‍ കാഴ്ചകളും കാണാവുന്ന ഒരിടത്ത്.  നഗരത്തില്‍ നിന്നുള്ള സന്ദര്‍ശകരെ അവിടെയിരുന്നു തന്നെ റോബര്‍ട്ടിന് കാണാം. 

ഇത്ര ഉയരത്തിലുള്ള ജീവിതം ഒട്ടും എളുപ്പമല്ല. ഉയരത്തിൽ നിൽക്കാൻ കഴിയാത്തതിനാൽ റോബര്‍ട്ടിന്‍റെ ഭാര്യക്ക് അവിടം വിട്ടു പോകേണ്ടിവന്നു, അദ്ദേഹം പറയുന്നു. അവൾ ഇപ്പോൾ നെവാഡയിലാണ് താമസിക്കുന്നതെന്ന്. പക്ഷേ, റോബര്‍ട്ട് അവിടം വിടാന്‍ ഒരുക്കമായിരുന്നില്ല. എല്ലാ ദിവസവും റോബര്‍ട്ട് വിറക് ശേഖരിക്കുന്നു, തീ കൂട്ടാനായി. അവിടെ പര്‍വ്വതത്തിന് മുകളില്‍ വൈദ്യുതി ഉണ്ട്, പക്ഷേ വെള്ളമില്ല. അതിനാൽ താഴെയുള്ള കീലര്‍ എന്ന പട്ടണത്തിൽ നിന്ന് ഒരുനേരം ലോറിയില്‍ വെള്ളം വരുത്തും. 

ഒരുകാലത്ത് റെയിൽ‌വേ സ്റ്റേഷനും സമൃദ്ധമായ പട്ടണവുമായിരുന്നു കീലര്‍. വെള്ളി അയിര് പർവതത്തിൽ നിന്ന് കീലറിലേക്ക് അയയ്ക്കുകയും ഓവൻസ് തടാകത്തിന് കുറുകെ ബോട്ടില്‍ കൊണ്ടുപോവുകയും ലോസ് ഏഞ്ചലിലേക്ക് ട്രെയിനിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

ലോസ് ഏഞ്ചൽസ് അക്വെഡക്റ്റ് പദ്ധതിയുടെ ഭാഗമായി ഓവൻസ് തടാകം വറ്റിച്ചതിനാൽ ജനസംഖ്യ 30 ആയി കുറഞ്ഞു. കീലറില്‍ നിന്ന് 15 മൈൽ അകലെ മറ്റൊരു പട്ടണമുണ്ട് - ലോൺ പൈൻ - സാധനങ്ങളെല്ലാം ലഭ്യമാകുന്ന ഏറ്റവും അടുത്ത സ്ഥലമാണിത്. ഇവിടെ കഫേകൾ, ഷോപ്പുകൾ, ഹോട്ടലുകൾ, ബാറുകൾ എന്നിവയെല്ലാമുണ്ട്.

'ഈ ഒറ്റയ്ക്കുള്ള ജീവിതം ഞാനാസ്വദിക്കുന്നു. പ്രേതത്തിന് പുറമെ ഇവിടെ ഞാന്‍ മാത്രമാണുള്ളതെ'ന്നും റോബര്‍ട്ട് തമാശരൂപേണ പറയുന്നു. 1865 -ൽ സ്ഥാപിതമായ സെറോ ഗോർഡോയുടെ ചരിത്രത്തെക്കുറിച്ചും 4,500 ജനസംഖ്യയുടെ ആതിഥേയത്വത്തിലേക്ക് അതിവേഗം അത് വളർന്നതിനെക്കുറിച്ചും ഖനനത്തെക്കുറിച്ചുമെല്ലാം വലിയ ആവേശത്തോടെയാണ് റോബര്‍ട്ട് പറയുന്നത്. 

ഖനികളിലിറങ്ങിയുള്ള വിനോദസഞ്ചാരം സാധ്യമാക്കാന്‍ റോബര്‍ട്ടിന് താല്‍പര്യമുണ്ട്. എന്നാല്‍, നഗരത്തിലെ നിലവിലെ ഉടമകള്‍ (ഇവിടെ നഗരം മൊത്തം വാങ്ങാന്‍ സാധിക്കും) സംരംഭകരായ ബ്രെന്‍റ് അണ്ടർവുഡ്, ജോൺ ബിയർ എന്നിവർ ഈ ആശയത്തിന് എതിരാണ്. അത് അപകടകരമാണ് എന്നാണ് അവരുടെ പക്ഷം. കഴിഞ്ഞ വർഷം ജൂലൈയിലാണ് അവർ 1.4 മില്യൺ ഡോളറിന് സെറോ ഗോർഡോ വാങ്ങിയത്.

 

ഏതായാലും ഈ ഉടമകള്‍ ഇത്രയും വര്‍ഷമായി പര്‍വതത്തില്‍ താമസിക്കുന്ന റോബർട്ടിനോട് തന്നെയാണ് ഈ സ്ഥലം ശ്രദ്ധിക്കാനും സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ ഉടമകൾ അദ്ദേഹത്തെ ഒരു 'കെയർടേക്കറാ'യി കഴിഞ്ഞു.

അവിടെ ആവശ്യമായ കാര്യങ്ങളെല്ലാം റോബര്‍ട്ട് നോക്കുന്നു. ഒരാള്‍ ഇൻസ്റ്റാഗ്രാമിലെഴുതിയത്, "സെറോ ഗോർഡോയെ ഇക്കാലമത്രയും കാത്തതിന് നന്ദി, റോബർട്ട്!" എന്നാണ്. മറ്റൊരാളാകട്ടെ, "എനിക്ക് നക്ഷത്രങ്ങൾക്കടിയിലിരുന്ന്, ഒരു ക്യാമ്പ്‌ഫയറില്‍ റോബർട്ടിന്റെ അവിടുത്തെ ജീവിതാനുഭവങ്ങള്‍ കേൾക്കണം." എന്നാണ്. 

നിർഭാഗ്യവശാൽ, റോബര്‍ട്ടിന് ഒരു കമ്പ്യൂട്ടർ സ്വന്തമായില്ലാത്തതിനാല്‍ ഈ അഭിപ്രായങ്ങൾ ഒരിക്കലും കാണാനാകില്ല. ഞാന്‍ പഴയ സ്കൂളില്‍ പഠിച്ച ആളാണ്. കമ്പ്യൂട്ടറിനേക്കാളുമൊക്കെ, ഞാൻ മൃഗങ്ങളെയും സാഹസികതയെയും മനോഹരമായ നക്ഷത്രങ്ങളെയും സ്നേഹിക്കുന്നത്... എന്നാണ് റോബര്‍ട്ടിന്‍റെ ഇതിനോടുള്ള പ്രതികരണം. 

നീണ്ട 22 വര്‍ഷത്തെ തന്‍റെയീ പ്രേതനഗരത്തിലെ ജീവിതം ഒട്ടും തന്നെ മുഷിപ്പിച്ചിട്ടില്ലെന്നും റോബര്‍ട്ട് പറയുന്നു.

click me!