
ശാസ്‌ത്രീയ പുരോഗതിയുടെയും വൈദ്യശാസ്‌ത്ര മുന്നേറ്റങ്ങളുടെയും ഈ കാലഘട്ടത്തിലും, ചില വ്യക്തികൾ ഇപ്പോഴും അന്ധവിശ്വാസത്തിന്റെ പിടിയിൽ തന്നെ കഴിയുകയാണ് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവവും കൂടി മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ജമുയി സദർ ഹോസ്പിറ്റലിന് മുൻപിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. അവശനിലയിൽ ആയ രോഗിയുമായി ആശുപത്രിക്ക് മുന്നിലെത്തിയ ഒരു സംഘം രോഗിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ പ്രത്യേക മന്ത്രവാദ ചടങ്ങുകൾ നടത്തുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ദിഗി വില്ലേജിലെ താമസക്കാരിയായ സുനിതാ ദേവിയാണ് തുടർച്ചയായി ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് അവശനിലയിലായത്. തുടർന്ന് ഇവരുടെ വീട്ടുകാർ യുവതിക്ക് പാമ്പുകടി ഏറ്റതായിരിക്കാം എന്ന അനുമാനത്തിൽ മന്ത്രവാദം കൊണ്ട് രോഗങ്ങളിൽ നിന്ന് മുക്തി നേടാമെന്ന് അവകാശപ്പെടുന്ന ഗ്രാമത്തിലെ താന്ത്രികിന്റെ അടുത്ത് എത്തിക്കുന്നു. എന്നാൽ, അത് ഫലം കാണാതെ വന്നതോടെയാണ് ബന്ധുക്കൾ ഇവരെ സദർ ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. ഈ സമയം കാറിൽ ഇവരോടൊപ്പം കൂടെയുണ്ടായിരുന്ന താന്ത്രിക് ആശുപത്രിക്ക് മുൻപിൽ വച്ച് മന്ത്രവാദ ചടങ്ങുകൾ നടത്തുകയായിരുന്നു.
ഏകദേശം പതിനഞ്ച് മിനിറ്റോളം ഇത് തുടർന്നു, എന്നാൽ അത് ഫലം കാണാതെ വന്നതോടെ ഒടുവിൽ സുനിതാദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇത് കണ്ടു നിന്നവരിൽ ആരോ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആശുപത്രി പോലുള്ള സ്ഥലങ്ങളിൽ ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കരുതെന്നും സർക്കാർ നിയമങ്ങൾ ജനങ്ങൾ പാലിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജർ രമേശ് പാണ്ഡെ അഭിപ്രായപ്പെട്ടു.