
രാജ്യതലസ്ഥാനമായ ദില്ലി അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രതിസന്ധിയാണ് വായു മലിനീകരണം. പലർക്കും ഇത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. വായുമലിനീകരണത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നാലെ വർക്ക് ഫ്രം ഹോമിന് അപേക്ഷിച്ച ജീവനക്കാരന് മേലുദ്യോഗസ്ഥൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലീവെടുത്തോളൂ എന്നാണ് മാനേജർ യുവാവിനോട് പറഞ്ഞത്. എന്നാൽ, ലീവാണെങ്കിലും ഏൽപ്പിച്ചിരിക്കുന്ന ജോലി തീർക്കണമെന്നും യുവാവിനോട് മാനേജർ ആവശ്യപ്പെട്ടു.
'ഡൽഹിയിലെ മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തനിക്ക് WFH നിഷേധിച്ചു' എന്ന ടൈറ്റിലിലുള്ള റെഡ്ഡിറ്റ് പോസ്റ്റിൽ മാനേജരുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളും ഷെയർ ചെയ്തിട്ടുണ്ട്. മേലധികാരികളിൽ നിന്നും അല്പം സഹാനുഭൂതി പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നും യുവാവ് ചോദിക്കുന്നു.
'താൻ ഡെൽഹിയിലാണ്, ഇവിടെയുള്ള മറ്റു പലരെയും പോലെ തന്നെ കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് കടുത്ത തലവേദന അനുഭവപ്പെടുകയാണ്, ഒരുപക്ഷേ AQI പ്രതിസന്ധി കാരണമാകാം. ഇതൊക്കെയാണെങ്കിലും, ഞാൻ പതിവായി ഓഫീസിൽ പോകുന്നുണ്ട്. ഇന്നലെ രാത്രി 8.45 വരെയും ഞാൻ ജോലിസ്ഥലത്ത് തന്നെ ആയിരുന്നു. പ്രോജക്റ്റ് തീർക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ ഇന്ന്, ഒരു ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്തോട്ടെ എന്ന് ഞാൻ അഭ്യർത്ഥിച്ചു. അവധിയല്ല , വർക്ക് ഫ്രം ഹോമാണ് ചോദിച്ചത്. ആരോഗ്യനില വഷളാകാതിരിക്കാനായിരുന്നു അത്. എന്നാൽ, എല്ലാവരും മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവർ തന്നെയാണ്. മറ്റുള്ളവർ ഓഫീസിൽ വരുന്നുണ്ടല്ലോ, അതിനാൽ WFH അനുവദിക്കാൻ പ്രയാസമാണ് എന്നായിരുന്നു മറുപടി' എന്ന് യുവാവ് കുറിക്കുന്നു.
എയർ പ്യൂരിഫയർ ഓഫീസിൽ സജ്ജീകരിക്കാനാവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവാവ് ആരോപിക്കുന്നു. വയ്യാതിരിക്കുമ്പോഴും ജോലി ചെയ്യാം എന്നു പറഞ്ഞു, എന്നിട്ട് പോലും വർക്ക് ഫ്രം ഹോം അനുവദിച്ചില്ല. ഒരു സഹാനുഭൂതി വേണ്ടേ എന്നാണ് യുവാവ് ചോദിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ജോലിസ്ഥലത്തെ ചുഷണങ്ങളെ കുറിച്ചും സഹാനുഭൂതിയില്ലായ്മയെ കുറിച്ചുമാണ് പലരും കമന്റിൽ സൂചിപ്പിച്ചത്.