അവിശ്വസനീയം; 55 ദിവസമായി കോമയിലായ കുട്ടി, കൂട്ടുകാരുടെയും അധ്യാപകരുടെയും ശബ്ദം കേട്ട് കണ്ണ് തുറന്നു

Published : Jan 30, 2026, 12:58 PM IST
hospital

Synopsis

വാഹനാപകടത്തെ തുടർന്ന് 55 ദിവസമായി കോമയിലായിരുന്ന എട്ട് വയസ്സുകാരൻ, സഹപാഠികളുടെയും അധ്യാപകരുടെയും ശബ്ദം കേട്ടതോടെ അത്ഭുതകരമായി ഉണരുകയും പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം നടന്നത് ചൈനയില്‍. 

കൂട്ടുകാരയച്ച വീഡിയോ മെസ്സേജ് കേട്ടു, അധ്യാപകരുടെയും സഹപാഠികളുടെയും സാന്നിധ്യത്തിൽ 55 ദിവസമായി കോമയിൽ കഴിയുന്ന എട്ട് വയസുകാരൻ ബോധത്തിലേക്ക് തിരികെ വന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഹുനാൻ പ്രവിശ്യയിലെ യുയാങ്ങിൽ നിന്നുള്ള ലിയു ചുക്സി എന്ന കുട്ടി ഒരു വാഹനാപകടത്തെ തുടർന്ന് കോമയിലായത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായ ക്ഷതം സംഭവിച്ചതായും കുട്ടി ഉണരാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർമാർ കുടുംബത്തിന് മുന്നറിയിപ്പ് നൽകി.

ഡോക്ടർമാർ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ലിയുവിന്റെ അമ്മ പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. അവർ തന്റെ മകനുമായി വിവിധ ആശുപത്രികളിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു. ആ സമയത്താണ് ഒരു ഡോക്ടർ പരിചിതമായ ശബ്ദങ്ങളോ പ്രിയപ്പെട്ട സംഗീതമോ കുട്ടിയുടെ തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കാനും ഒരുപക്ഷേ കോമയിൽ നിന്നുണരാനും സഹായിച്ചേക്കുമെന്ന് ഒരു ഡോക്ടർ നിർദ്ദേശിക്കുന്നത്.

ആ ഉപദേശം കേട്ട ലിയുവിന്റെ അമ്മ സ്കൂളിലെ രാവിലെയുള്ള സംഗീതവും വ്യായാമസമയത്തിടുന്ന മ്യൂസിക്കും ശേഖരിച്ച് എല്ലാ ദിവസവും അവന്റെ കിടക്കയ്ക്കരികിൽ അവ കേൾപ്പിച്ചു. അതേ സമയം തന്നെ ലിയുവിന്റെ അധ്യാപിക സഹപാഠികളോട് അവരുടെ സുഹൃത്തിനായി ചെറുതും എന്നാൽ വളരെ വൈകാരികവുമായ വീഡിയോ സന്ദേശങ്ങൾ റെക്കോർഡുചെയ്യാൻ ആവശ്യപ്പെട്ടു. ഒരു വീഡിയോയിൽ, അവന്റെ കൂട്ടുകാരൻ, 'ചുക്സി, വേഗം ഉണരൂ, നമുക്ക് ഒരുമിച്ച് ഫുട്ബോൾ കളിക്കാൻ പോകാം' എന്നാണ് പറയുന്നത്. മറ്റൊന്നിൽ, ഒരു പെൺകുട്ടി അവനോട് പറയുന്നത്, 'ഞങ്ങൾക്കെല്ലാവർക്കും നിന്നെ മിസ്സ് ചെയ്യുന്നു, ചുക്സി. നിനക്ക് ഞങ്ങളെ കേൾക്കാൻ കഴിയുമെങ്കിൽ, ദയവായി കണ്ണുകൾ തുറക്കുക. പരീക്ഷകൾ വരുന്നു, നീ തിരിച്ചുവന്ന് ഞങ്ങളോടൊപ്പം പഠിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നാണ്.

മറ്റൊരു കുട്ടി അവനിഷ്ടപ്പെട്ട പാട്ടുകൾ പാടി. മറ്റ് ചിലർ ക്ലാസ്മുറിയിൽ നിന്നുള്ള രസകരമായ സംഭവങ്ങൾ വിവരിച്ചു. അതുപോലെ ​​ഗണിതത്തിന്റെ ക്ലാസിൽ നിന്നുള്ള റെക്കോർഡുകളും അമ്മ അവനെ കേൾപ്പിച്ചു. അതൊരു സാധാരണ ക്ലാസ്മുറി പോലെയാണ് എന്ന തോന്നൽ ആശുപത്രി മുറിയിലുണ്ടാക്കി. അധ്യാപകരും കൂട്ടുകാരും സമ്മാനങ്ങളുമായി അവനെ സന്ദർശിച്ചു. ഒടുവിൽ ഒരുദിവസം, ഒരു ടീച്ചർ അവനോട്, 'ഹോം വർക്കിൽ നിന്നും നിന്നെ ഒഴിവാക്കും' എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് അവൻ കണ്ണ് തുറക്കുകയും കൈകളുയർത്തി പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ നിമിഷത്തെ 'അത്ഭുതകരം' എന്നാണ് അവന്റെ അമ്മ വിശേഷിപ്പിക്കുന്നത്. 'ഒടുവിൽ, കാറുകൾ നീങ്ങുകയും സൂര്യൻ ദൃശ്യമാവുകയും ചെയ്തു' എന്നും അമ്മ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഒന്നരവർഷം ജോലിയില്ലാതെ അലഞ്ഞു, അവസാനം ടാക്സിയോടിക്കാൻ തുടങ്ങി, ഇപ്പോഴിതാണ് അവസ്ഥ; പോസ്റ്റുമായി യുവാവ്
ലോകത്തെ അമ്പരപ്പിച്ച 6,600 വർഷം പഴക്കമുള്ള സ്വർണ്ണ നിധി: മനുഷ്യചരിത്രം തിരുത്തിക്കുറിച്ച 'വർണ്ണ'